ആദ്യം കൂളായി നടന്നു വരുന്നു, ക്യാമറ കണ്ട് പകച്ച് തിരിച്ചോടുന്നു, മുഖം മറച്ച് വീണ്ടും വരുന്നു; പാലക്കുളത്ത് ആയുധങ്ങളുമായി എത്തിയ മോഷ്ട്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്


കൊയിലാണ്ടി: ‘ഭയമേതുമില്ലാതെ നടന്നു വരുന്ന കള്ളൻ’, പാലക്കുളത്തും സിൽക്‌ബസാറിലും നടന്ന മോഷണ ശ്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിലാണ് കൂൾ കള്ളനെ കണ്ടെത്തിയത്. കയ്യിൽ ആയുധവും കവറും ലൈറ്റുമായാണ് ഇയാളെത്തിയത്. പാലക്കുളം മാണിക്കോത്ത് അഷ്‌റഫിന്റെയും സിൽക്ക് ബസാർ അമ്പല പറമ്പിൽ അബ്‌ദു റഹ്മാന്റേയും വീടുകളിലാണ് ഇന്നലെ മോഷണ ശ്രമം നടന്നത്. അഷ്‌റഫിന്റെ വീടിന്റെ പുറത്ത് പരിശോധന നടത്തുന്ന കള്ളന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് ലഭിച്ചു.

ഇന്നലെ പതിനൊന്നേ മുക്കാലോടെയാണ് പാലക്കുളത്ത് സംഭവം നടന്നത്. ആദ്യം നേരെ കയറി വരുന്ന ഇയാൾ പെട്ടന്ന് ക്യാമറ കണ്ടതോടെ തിരികെ പോയി മുഖം മറച്ചു വരുകയായിരുന്നു. പിന്നീട് വീടിന്റെ ചുറ്റും സമീപത്തുള്ള ചായ്‌പിലും കയറിയിറങ്ങി ലൈറ്റ് അടിച്ചു പരിശോധിക്കുന്നത് കാണാം. ഇന്നലെ രാത്രി മഴ ആയിരുന്നത് കൊണ്ട് കറന്റ് പോയിരുന്നു, സമീപത്തു തന്നെയുള്ള ജേഷ്ടന്റെ വീടിന്റെ പരിസരത്ത് വെളിച്ചം കണ്ട് ചെന്നപ്പോൾ ആരെയും കണ്ടില്ല. സംശയം തോന്നി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളനെ കണ്ടതെന്നും അഷ്‌റഫിന്റെ സഹോദരൻ സുബൈർ മാണിക്കോത്ത് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഒരു സെക്കന്റ് നേരത്തേക്ക് കള്ളന്റെ മുഖം ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് കൈമാറിയതായി വീട്ടുകാർ പറഞ്ഞു. അന്വേഷണം ആരംഭിച്ചു.

സി.സി.ടി.വി ദൃശ്യങ്ങൾ കാണാം: