കൊടിയത്തൂരില്‍ ഒമ്പതാം ക്ലാസുകാരനെ ക്ലാസില്‍ എഴുന്നേറ്റ് നിന്നതിന് മര്‍ദ്ദിച്ചെന്ന് പരാതി; അധ്യാപകനെതിരെ ബാലാവകാശ നിയമപ്രകാരം കേസ്
മുക്കം: കൊടിയത്തൂരില്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ഥിക്ക് പരിക്കേറ്റതായി പരാതി. കൊടിയത്തൂര്‍ പി.ടി.എം.എച്ച് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മാഹിനാണ് അധ്യാപകന്റെ മര്‍ദനമേറ്റത്.
രണ്ട് കൈക്കും പരിക്കേറ്റ മാഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദ്യാര്‍ഥിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മുക്കം പൊലീസ് കേസെടുത്തു. അറബിക് അധ്യാപകന്‍ കമറുദ്ദീനെതിരെയാണ് പരാതി. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് പരാതിയില്‍ പറയുന്നത്. മാഹിന്റെ ക്ലാസ് അധ്യാപകനല്ല കമറുദ്ദീന്‍. വരാന്തയിലൂടെ പോവുകയായിരുന്ന കമറുദ്ദീന്‍ ക്ലാസില്‍ കയറി മാഹിനെ മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയെ നാലു തവണ അടിച്ചതായാണ് പിതാവ് അമീന്‍ പറയുന്നത്.
ബുധനാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ മാഹിന് പുലര്‍ച്ചയോടെ വേദന കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നെന്ന് പിതാവ് പറയുന്നു. ബാലാവകാശ നിയമം ഐ.പി.സി 341, 323 വകുപ്പുകള്‍ പ്രകാരമാണ് കമറുദ്ദീനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
കുട്ടിക്ക് മര്‍ദ്ദനമേറ്റതുമായി ബന്ധപ്പെട്ട് അധ്യാപകന്‍ വിശദീകരണം നല്‍കിയിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു.