സ്കൂൾ കലോത്സവ വേദിയിൽ മേമുണ്ട സ്കൂൾ നാടകം ‘ബൗണ്ടറി’ അവതരിപ്പിക്കുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരെ ഒഴിപ്പിക്കൽ; പോലീസും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം


കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ഹൈസ്കൂൾ വിഭാഗം നാടകം അവതരിപ്പിക്കുന്നതിനു മുന്നോടിയായി സദസ്സിലെ മാധ്യമപ്രവർത്തകരെ നീക്കാൻ പോലീസ് ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി. കോഴിക്കോട് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന്റെ ‘ബൗണ്ടറി’ എന്ന നാടകം അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പോലീസ് വേദിക്കും പുറത്തും കനത്ത സുരക്ഷ ഒരുക്കിയത്.

തളി സാമൂതിരി ഗ്രൗണ്ടിലെ കൂടല്ലൂർ വേദിയിലാണ് ഹൈസ്കൂൾ വിഭാഗം നാടകമത്സരം നടക്കുന്നത്.
കോഴിക്കോട് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന്റെ ബൗണ്ടറി എന്ന നാടകത്തിനും സംവിധായകനും എതിരെ സംഘപരിവാർ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. അതിരുകളില്ലാത്ത മാനവ സ്നേഹത്തിൻറെ കഥ പറഞ്ഞ നാടകം രാജ്യവിരുദ്ധമാണെന്ന് പറഞ്ഞ് കൊണ്ട് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചാരണം നടന്നിരുന്നു.

സംസ്ഥാന കലോത്സവത്തിൽ നാടകം അവതരിപ്പിച്ചാൽ പ്രശ്നമുണ്ടാക്കുമെന്ന് സംഘപരിവാർ ഭീഷണി ഉയർത്തിയിരുന്നു. ഇതിനാലാണ് നാടകം അവതരിപ്പിക്കുമ്പോൾ സംഘർഷ സാധ്യത കണക്കിലെടുത്ത് മാധ്യമപ്രവർത്തകരെ പോലീസ് മാറ്റിയത്.