ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തെരുവ്നായ ചാടി വീണ് കടിച്ചു; പയ്യോളി നഗരസഭാംഗത്തിനു പരിക്ക്


 

പയ്യോളി: വീണ്ടും യാത്രക്കാർക്ക് നേരെ ചാടി വീണു ആക്രമിച്ച് തെരുവ്നായ. പയ്യോളി നഗരസഭാംഗം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് നായ കടിച്ചത്. ബൈക്കിൽ ഭാര്യയുമൊന്നിച്ച് പോവുകയായിരുന്ന പയ്യോളി 12-ാം ഡിവിഷൻ കൗൺസിലർ കോലാരിക്കണ്ടി ഖാലിദ്നാണ് നായയുടെ കടിയേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു രാത്രി 10 മണിയോടെയായിരുന്നു സംഭവം. അയനിക്കാട് പള്ളിക്കടുത്തുള്ള റോഡിൽ യാത്ര ചെയ്യുമ്പോൾ നായ ചാടിവീഴുകയായിരുന്നു. ആക്രമണത്തിൽ ഖാലിതിന്റെ കാലിലെ ചെറുവിരലിനാണ് കടിയേറ്റത്. ഉടനെ തന്നെ കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പയ്യോളിയിലും പരിസരത്തും തെരുവ്നായ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാർ പറഞ്ഞു. പരാതികൾ നിരവധി നൽകിയിട്ടും അധികൃതർ യാതൊരു വിധ നടപടികളും എടുക്കുന്നില്ലായെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയും സമാനമായ സംഭവമുണ്ടായിരുന്നു. രാവിലെ പതിനൊന്നു മണിയോടെ അയനിക്കാട് 24-ാം മൈൽസ് ബസ് സ്റ്റോപ്പിന് സമീപം അറുപത്തൊന്നുകാരനായ മജീദിന് നായയുടെ കടിയേറ്റിരുന്നു. ഫോണിൽ സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ നായ അക്രമിക്കുകകയായിരുന്നു.