അരിക്കുളത്ത് തെരുവുനായയുടെ ‘വിളയാട്ടം’; ഇന്ന് ആക്രമിച്ചത് മൂന്നുപേരെയും ഒരു പശുക്കുട്ടിയെയും, വീടിനുള്ളില്‍ കയറിയും ആക്രമണം, പരിഭ്രാന്തരായി നാട്ടുകാര്‍


അരിക്കുളം: അരിക്കുളം തണ്ടയില്‍താഴെ വീട്ടിനുള്ളിലും ആളുകളെ വെറുതെ വിടാതെ തെരുവുനായ. ഇന്ന് മൂന്നുപേരെയാണ് തെരുവുനായ ആക്രമിച്ചത്. ഒരു പശുക്കുട്ടിയും ആക്രമണത്തിന് ഇരയായത്. നായയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

പാലോട്ട് മീത്തല്‍ ബിജു, മണ്ണത്താന്‍കണ്ടി മീത്തല്‍ സ്‌നേഹ, വണ്ണാര്‍കണ്ടി അമ്മദിനെയുമാണ് നായ ആക്രമിച്ചത്. രാവിലെ പാലോട്ട് മീത്തല്‍ ബിജുവിനെ വീട്ടില്‍വെച്ചാണ് ആക്രമിച്ചത്. ഇതിനു പിന്നാലെയായിരുന്നു സ്‌നേഹയ്ക്ക് ആക്രമണം നേരിടേണ്ടിവന്നത്. വണ്ണാര്‍കണ്ടി അമ്മദിനെ വീടിനുള്ളില്‍ കയറിയാണ് നായ ആക്രമിച്ചത്. അമ്മദിന്റെ വീട്ടിലെ പശുക്കുട്ടിയും ആക്രമണത്തിന് ഇരയായി.

മൂന്നുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ നിരവധി പേരെയാണ് ഈ മേഖലയില്‍ തെരുവുനായ ആക്രമിച്ചത്. ഇന്നത്തെ സംഭവം നാട്ടുകാര്‍ക്കിടയില്‍ ഭീതിവര്‍ധിപ്പിച്ചിട്ടുണ്ട്.