ഇന്നലെ അമ്മയോടൊപ്പം കടയിലെത്തിയ ഭിന്നശേഷിക്കാരനെ കടിച്ചു, ഇന്ന് അതേ സമയത്ത് അമ്മയെയും കടിച്ചു; പയ്യോളിക്കാരെ ഭീതിയിലാഴ്ത്തി തെരുവുനായ വിളയാട്ടം


പയ്യോളി: പയ്യോളിയിൽ തെരുവുനായ്ക്കളുടെ അക്രമം തുടർകഥയാവുന്നു. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്തവരും കാൽനടയാത്രക്കാരുമുൾപ്പെടെ ആറോളം പേരാണ് ഇതുവരെ തെരുവുനായയുടെ അക്രമത്തിനു ഇരയായത്. നരിക്കുനി വയലിൽ ദേവിയാണ് ഇന്ന് ആക്രമണം നേരിട്ടത്.

രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഇന്നലെ ഇതിനു സമീപമായി ഏകദേശം ഇതേ സമയത്താണ് ദേവിയുടെ മകനും ഭിന്നശേഷിക്കാരനുമായ നരിക്കുനി വയലിൽ ബിനീഷിനെ തെരുവുനായ ആക്രമിച്ചത്. അമ്മയോടൊപ്പം കുറ്റിയിൽ പീടികക്ക് സമീപം അയനിക്കാട് എൽ.പി സ്കൂളിന് മുൻവശത്തുള്ള റേഷൻകടയിൽ സാധനം വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം.

ദേവിക്ക് കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. ബിനീഷിന് കാലിനാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡിവിഷൻ കൗൺസിലർ ഉൾപ്പെടെ ആറുപേരെയാണ് പയ്യോളിയിൽ ഇതുവരെ നായ കടിച്ചത്. സ്കൂൾ കുട്ടികളും, പ്രായമായവരുമുൾപ്പെടെ ആശ്രയിക്കുന്ന വഴിയായായതുകൊണ്ട് നാട്ടുകാരൊന്നാകെ ആശങ്കയിലാണ്. എത്രയും പെട്ടെന്ന് തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.