‘ജീവിച്ച് കൊതിതീർന്നില്ല, സ്വപ്നങ്ങൾ ഇനിയും ബാക്കിയാണ്, എങ്കിലും എനിക്ക് ദയാവധം വേണം’; കൂര്‍ഗ് ഭരണകൂടത്തിന് ദയാവധത്തിന് അപേക്ഷ നൽകി താമരശ്ശേരി സ്വദേശിനിയായ ട്രാൻസ് വുമൺ


താമരശ്ശേരി: ‘ജീവിച്ച് കൊതിതീർന്നില്ല, സ്വപ്നങ്ങൾ ഇനിയും ബാക്കിയാണ്,  എങ്കിലും എനിക്ക് ദയാവധം വേണം’ പറയുന്നത് മറ്റാരുമല്ല ട്രാൻസ് വുമണായ താമരശ്ശേരി സ്വദേശിനി റിഹാന ഇര്‍ഫാന്‍. ഇരുപത്തിയൊമ്പതാമത്തെ വയസ്സില്‍ ഇത്തരമൊരു തീരുമാനത്തലേക്ക് റിഹാനയെത്തിയത് ജീവിതം അക്ഷരാര്‍ഥത്തില്‍ വഴി മുട്ടിയതുകൊണ്ടാണ്. ട്രാന്‍സ് വുമണായതിനാല്‍ താമസിക്കാന്‍ ഇടമോ ചെയ്യാന്‍ ജോലിയോ ഇല്ല. അതിനാൽ ഒരുനേരം വയറു നിറച്ചുണ്ണാനുള്ള വരുമാനം പോലും ഇല്ല. ഒപ്പം ചുറ്റം ഉള്ളവരുടെ മനം മടുപ്പിക്കുന്ന പരിഹാസവും. ലെെംഗിക തൊഴിലല്ലാതെ ജീവിക്കാൻ മറ്റുമാർ​ഗമില്ലെന്നായതോടെ റിഹാനയെ മാനസിക സംഘർഷത്തിലേക്ക് നയിച്ചു. ഇതാണ് മരണത്തെ കൂട്ടുപിടിക്കാമെന്ന ചിന്തയിലേക്ക് റിഹാനയെ നയിച്ചത്. തുടർന്നാണ് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൂര്‍ഗ് ഭരണകൂടത്തിന് അപേക്ഷ നൽകിയത്.

എട്ട് വര്‍ഷം മുന്‍പാണ് റിഹാന കര്‍ണാടകയില്‍ എത്തുന്നത്. ബംഗലൂരുവില്‍ വച്ച് ലിംഗമാറ്റവുമായി ബന്ധപ്പെട്ട് രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് ഒപ്പംനിന്ന് പല ചടങ്ങുകളില്‍ പങ്കെടുത്താണ് ചികിത്സയ്ക്കുള്ള മൂന്ന് ലക്ഷത്തിലധികം രൂപ റിഹാന കണ്ടെത്തിയത്. ചികിത്സ പൂര്‍ത്തിയായതോടെ അവിടെനിന്ന് പുറത്തിറങ്ങി. സ്ത്രീയായി, മാന്യമായി തൊഴിലെടുത്ത് ജീവിക്കാനായിരുന്നു റിഹാനയുടെ ആഗ്രഹം. എന്നാല്‍ ചിന്തിച്ചയത്രയും എളുപ്പമായിരുന്നില്ല ഇത്.

ഒരു ജോലിക്കായി തുണിക്കടകളലും ആശുപത്രികളിലും അങ്ങനെ പലയിടങ്ങളിലും കയറിയിറങ്ങി. പക്ഷേ ട്രാന്‍സ് വുമണായതിനാല്‍ എല്ലായിടത്തും തഴയപ്പെട്ടു, ഒടുവില്‍ പട്ടിണിയാവാതിരിക്കാന്‍ ഭിക്ഷാടനം തുടങ്ങി. പ്ലസ്ടു യോഗ്യത ഉള്ള താന്‍ ഉന്നത വിദ്യാഭ്യാസം നേടിയാലെങ്കിലും ഒരു നല്ല തൊഴില്‍ കിട്ടും എന്ന പ്രതീക്ഷയാണ് വീണ്ടും പഠിക്കാന്‍ റിഹാനയെ പ്രേരിപ്പിച്ചത്. അങ്ങനെ കൂര്‍ഗിലെ ഒരു കോളേജില്‍ ഡിഗ്രിയ്ക്ക് അഡ്മിഷന്‍ കിട്ടി. അതോടെ കൂര്‍ഗിലെത്തി, പിച്ചയെടുത്താണെങ്കിലും പഠിക്കാന്‍ ഉള്ള പണം കണ്ടെത്താം എന്ന സ്വപ്നവുമായി കോളേജില്‍ പോയെങ്കിലും തന്‍റെ സ്വത്വത്തിന്‍റെ പേരില്‍ സഹപാഠികളുടെ ഭാഗത്തുനിന്നുണ്ടായ പരിഹാസവും ഒറ്റപ്പെടുത്തലും അതില്‍ നിന്നും അവരെ പിന്തിരിപ്പിച്ചു. താമസ സ്ഥലത്തു നിന്നും അയല്‍ക്കാര്‍ ഇറക്കി വിടുകയും ചെയ്തു.

പിന്നീട് താമസ സ്ഥലം അന്വേഷിച്ച് ഒരുപാട് അലഞ്ഞു പലരും വീട് നല്‍കാന്‍ കൂട്ടാക്കിയില്ല, തയ്യാറായവരെ അയല്‍ക്കാര്‍ പിന്തിരിപ്പിച്ചു. ഒടുവില്‍ ലോഡ്ജുമുറികളെ ആശ്രയമാക്കി. എന്നാൽ ഒരു ദിവസം 400 രൂപ എങ്കിലും നല്‍കണം മുറി ലഭിക്കാന്‍. കൂര്‍ഗിലെ കടകളിലും തെരുവിലും മുഴുവന്‍ ഭിക്ഷ എടുത്തിട്ടും 100 രൂപ പോലും കിട്ടിയില്ല. അതോടെ താമസിക്കാന്‍ സ്ഥലം കിട്ടുന്നില്ലെന്നും അഭയം കണ്ടെത്താന്‍ സഹായിക്കണം എന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ചു. എന്നിട്ടും നടപടി ഉണ്ടായില്ല. സര്‍ക്കാരിന്റെ അഭയകേന്ദ്രങ്ങളില്‍ പോലും ഇടം കിട്ടിയില്ല.

പണം വേണമെങ്കില്‍ ലൈംഗിക തൊഴിലെടുക്കുകയല്ലാതെ മറ്റുവഴിയില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഞാന്‍ അങ്ങനെ ഇരുട്ടിന്റെ മറവില്‍ ജീവിക്കാനല്ല ആഗ്രഹിച്ചത്, മറ്റെന്തെങ്കിലും തൊഴിലെടുത്ത് ജീവിക്കാനാണ്. എന്നാൽ ജീവിക്കാൻ മറ്റ് വഴിയൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കര്‍ണാടകയിലെ കൂര്‍ഗില്‍ ജില്ലാ ഭരണകൂടത്തിന് മുമ്പാകെ ദയാവധത്തിന് അപേക്ഷ നല്‍കിയത്. ആദ്യമൊന്നും ജില്ലാ ഭരണകൂടം തന്‍റെ അപേക്ഷ സ്വീകരിക്കാൻ തയ്യാറായില്ലെന്നും എന്നാല്‍ പിന്നീട് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് അപേക്ഷ സ്വീകരിച്ചതെന്നും ഇവര്‍ പറയുന്നു.

Summary: thamarasseri native ttrans woman seeks euthanasia in karnataka