വോട്ടെടുപ്പിന് പിന്നാലെ പേരാമ്പ്ര നൊച്ചാട് യു.ഡി.എഫ്-എല്‍.ഡി.എഫ് സംഘര്‍ഷം; പരിക്കേറ്റ യു.ഡി.എഫ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്


പേരാമ്പ്ര: വോട്ടെടുപ്പിന് പിന്നാലെ പേരാമ്പ്ര നൊച്ചാട് എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് യു.ഡി.എഫ് പ്രവര്‍ത്തകരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യു.ഡി.എഫ് പ്രവര്‍ത്തകരായ ലിജാസ് മാവട്ടയില്‍, ജാസിര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് മരുതോടി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊട്ടിക്കലാശ ദിവസം പേരാമ്പ്രയിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷങ്ങളുടെ തുടക്കമെന്നാണ് പേരാമ്പ്ര പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. നാലുമണിക്ക് പരസ്യപ്രചരണം അവസാനിപ്പിക്കാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതിനുശേഷം യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബൈക്ക് റാലി നടത്തി. ഇത് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. പൊലീസ് ഇടപെട്ട് പ്രശ്‌നം തീര്‍പ്പാക്കിയെങ്കിലും ഇന്നലെ വോട്ടെടുപ്പിന് പിന്നാലെ സംഘര്‍ഷമുടലെടുക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കേസില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും നിരീക്ഷണത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി.[md2]

തെരഞ്ഞെടുപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എല്‍.ഡി.എഫ് പ്രവര്‍ത്തകരെ ബൈക്ക് തടഞ്ഞുനിര്‍ത്തി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്നാണ് നൊച്ചാട്ടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ആയുധങ്ങളുമായെത്തിയാണ് ആക്രമിച്ചത്. പരിക്കേറ്റ ഷിജു തുളിച്ചാപുതിയെടുത്ത്, അര്‍ജുന്‍ നിലമ്പറ മീത്തല്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മോഹനന്‍ മമ്മളിച്ചാലിലിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നുപേര്‍ക്കും തലയ്ക്കാണ് പരിക്കേറ്റതെന്നും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അതേസമയം സംഘര്‍ഷത്തിന് പിന്നില്‍ എല്‍.ഡി.എഫ് ആണെന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ആക്രമണത്തിന് തുടക്കമിട്ടത് എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ്. പരിക്കേറ്റ യു.ഡി.എഫ് പ്രവര്‍ത്തകരെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഇവരെ ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനെതിരെ പൊലീസ് സ്റ്റേഷനിലെത്തി യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചിരുന്നു.