എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാർക്കൊപ്പം പാമ്പും; ദുബെെയിൽ നിന്നും കോഴിക്കോടേക്കുള്ള സർവീസ് മുടങ്ങി
ദുബെെ: വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് മുടങ്ങി. സംഭവത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ യാത്രക്കാര്‍ക്ക് പകരം സംവിധാനമൊരുക്കി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 2.20ന് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത്. യാത്രക്കാര്‍ വിമാനത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കി. ഇവരെ പിന്നീട് ഹോട്ടിലിലേക്ക് മാറ്റി. എന്നാല്‍ സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയവര്‍ വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്.
പകരം വിമാനത്തില്‍ തങ്ങളെ കോഴിക്കോട് എത്തിക്കാനുള്ള നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ പരാതിപ്പെട്ടു. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അധികൃതര്‍ വ്യക്തമായ വിവരം നല്‍കിയിട്ടുമില്ല. വിമാനത്തില്‍ എങ്ങനെയാണ് പാമ്പ് എത്തിപ്പെട്ടതെന്ന് വ്യക്തമല്ല. പാമ്പിനെ പിടികൂടാന്‍ സാധിക്കാത്തത് കൊണ്ടാണ് വിമാനം അനിശ്ചിതമായി വൈകുന്നതെന്നും പറയപ്പെടുന്നു.
Summary: Snake found in air india express flight