പാസ്സ് ഇല്ലാതെയും നിബന്ധനകൾ ലംഘിച്ചും മണലും കരിങ്കല്ലും കടത്തി; പുലർച്ചെ നാലുമണി മുതൽ പരിശോധന, അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തു
കൊയിലാണ്ടി: പാസ്സ് ഇല്ലാതെയും നിബന്ധനകൾ ലംഘിച്ചും കരിങ്കല്ല്, ചെമ്മണ്ണ് മുതലായ കടത്തിയ വാഹനങ്ങൾ പിടിച്ചെടുത്തു. പുലർച്ചെ നാലുമണി മുതൽ നടത്തിയ പരിശോധനയിലാണ് അനധീകൃതമായുള്ള കടത്തം പിടിക്കപ്പെട്ടത്. അഞ്ചിൽ അധികം വാഹനങ്ങൾ പിടിച്ചെടുത്തു.
ധാതുക്കൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ജിയോളജി വകുപ്പ് അനുവദിക്കുന്ന മിനറൽ ട്രാൻസിറ്റ് പാസിലെ നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി തഹസിൽദാർ സി.പി മണി അറിയിച്ചു. അനുമതി നൽകിയിട്ടുള്ള പാസിലെ നിബന്ധനകൾ ലംഘിക്കുന്ന പക്ഷം ക്യാൻസൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
കൊയിലാണ്ടി താലൂക്ക്, പന്തലായിനി, നടുവണ്ണൂർ എന്നീ വില്ലേജുകളിൽ അനുവദിച്ചിട്ടുള്ള പാസുകൾ ദുരുപയോഗം ചെയ്ത് അനുമതി നൽകിയതിലും കൂടുതൽ ചെമ്മണ്ണ് കടത്തിക്കൊണ്ടു പോകുന്നതായി കൊയിലാണ്ടി തഹസിൽദാർക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തഹസിൽദാരുടെ നിർദേശ പ്രകാരം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്.
പരിശോധനയ്ക്ക് ഹെഡ് ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ രഞ്ജിത്ത് ഡി, ഡെപ്യൂട്ടി തഹസിൽദാർമാരായ ശശിധരൻ പി, രവീന്ദ്രൻ യു.കെ എന്നിവർ നേതൃത്വം നൽകി. താലൂക്ക് ഓഫീസ് ജീവനക്കാരായ ജോഷി ജോസ്, ലിതേഷ് സി.പി, ലാഹിക് പി.കെ, വിനോദൻ, നൗഫൽ, ആന്റണി, ലതീഷ് വി.വി, സനൽ, ശരത് രാജ് എന്നിവർ പങ്കെടുത്തു.
Summary: smuggled sand and gravel without a pass five vehicles were seized in koyilandy