ഗായിക വാണി ജയറാം അന്തരിച്ചു
ചെന്നൈ: പ്രശസ്ത പിന്നണി ഗായികയും പദ്മഭൂഷണ്‍ ജേതാവുമായ വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് പദ്മഭൂഷണ്‍ പുരസ്‌കാരം തേടിയെത്തിയത്.
തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്. സലില്‍ ചൗധരിയുടെ സംഗീത സംവിധാനത്തില്‍ ‘സ്വപ്നം’ എന്ന ചിത്രത്തിലെ ‘സൗരയൂഥത്തില്‍ വിടര്‍ന്നൊരു…’ എന്ന ഗാനമാണ് മലയാളത്തില്‍ അവര്‍ ആദ്യം ആലപിച്ചത്.
മലയാളത്തില്‍ ഗോപിസുന്ദര്‍ സംഗീതം നല്‍കിയ 1983 എന്ന ചിത്രത്തിലെ ‘ഓലഞ്ഞാലി കുരുവി’ പുലിമുരുകനിലെ ‘ മാനത്തെ മാരിക്കുറുമ്പെ’ തുടങ്ങിയ ഗാനങ്ങളിലൂടെ പുതുതലമുറയിലെ സംഗീതാസ്വാദകര്‍ക്കും വാണി ജയറാം പ്രിയങ്കരിയായി മാറിയിരുന്നു.