ജാതിയോ മതമോ ഇല്ല, തൂവെള്ള നിറം പോലെ നിര്‍മലമാണ് ഇവിടുത്തെ രീതികളും; വടകരയില്‍ ഇങ്ങനെയൊരു ലോകമുള്ളത് അറിയാമോ?
ലോകനാര്‍ കാവിനടുത്തുള്ള മേമുണ്ടയിലെ സിദ്ധസമാജത്തിലെത്തിയാല്‍ ഇവിടെ കൂറെ തൂവെള്ള ധാരികളെ കാണാം. ആര്‍ഭാടങ്ങളും അമിതാഗ്രഹങ്ങളുമില്ലാതെ സഹജീവി സ്‌നേഹം മുഖമുദ്രയാക്കി പ്രകൃതിയോടിണങ്ങി ജീവിക്കുന്നവര്‍. ജാതി, മത, വര്‍ഗ, വര്‍ണ ധ്രുവീകരണങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് അത്തരം ചിന്തകളെ പടിയടച്ച് പിണ്ഡം വച്ചവരാണിവര്‍. മനുഷ്യര്‍ക്കായി വാതിലുകള്‍ തുറന്നുകൊടുത്തവര്‍.
ജാതിമത വിവേചനങ്ങള്‍ കൊടുംബിരികൊണ്ടിരുന്ന അക്കാലത്ത് സ്വാമി ശിവാനന്ദ പരമഹംസര്‍ക്ക് തോന്നിയ ആശയങ്ങളുടെ പ്രചാരണത്തിനായി സ്ഥാപിച്ചതാണ് വടകരയിലെ സിദ്ധാശ്രമം. ജാതിയും മതവുമില്ലാത്ത, പരസ്പര വൈരുധ്യങ്ങളോ വിവേതനങ്ങളോ ഇല്ലാത്ത ശാന്തിയും സമാധാനവുമുള്ള ഒരു ലോകത്തേക്ക് മനുഷ്യരെ തിരിച്ചുകൊണ്ടുവരുവാനുള്ള ഒരു മാര്‍ഗം കൂടിയായിരുന്നു ഈ സിദ്ധാശ്രമം. കഴിഞ്ഞ ദിവസമായിരുന്നു ആശ്രമത്തിന്റെ സ്ഥാപകന്‍ സ്വാമി ശിവാനന്ദ പരമഹംസരുടെ ജന്മദിനം.
1921-ല്‍ ആണ് സ്വാമി ശിവാനന്ദ പരമഹംസര്‍ സിദ്ധാശ്രമം സ്ഥാപിച്ചത്. ഏകമാനതയാണ് ഇവിടുത്തെ അടിസ്ഥാന ഭാവം. ജാതി, മത, വര്‍ണ, ലിംഗ വ്യത്യാസങ്ങള്‍ മാത്രമല്ല അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, മകന്‍, മകള്‍, തുടങ്ങിയ കുടുംബ ബന്ധങ്ങള്‍ ഒന്നുമില്ലാതെ എങ്ങനെ ഒരാള്‍ക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാം എന്നാണ് ഇവര്‍ ലോത്തിന് കാണിച്ചുകൊടുക്കുന്നത്.
ദൈവങ്ങളുടെ പേരില്‍ കൊല്ലയും കൊലയും നടത്തുന്നവര്‍ അറിയാതെ പോകുന്ന ചെറിയ വലിയ കാര്യമാണ് ഇവരുടെ അടിസ്ഥാന തത്വം. ഈശ്വരന്‍ കുടികൊള്ളുന്നത് നമ്മുടെ ഉള്ളിലാണ്. ആ ഈശ്വരന്റെ സാന്നിദ്ധ്യമാണ് നമ്മുടെ ജീവവായു. ഈ തത്വം ഇവര്‍ ലോകത്തോട് വിളിച്ച് പറയുന്നത് അവരുടെ തന്നെ ജീവിതം മുന്നില്‍ വച്ചാണ്.
ആശ്രമത്തിലെ അന്തേവാസികള്‍ക്കും അതിഥികള്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കാനുളള വക കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ആശ്രമത്തിനകത്തെ ഓരോ ജോലിയും ചെയ്യുന്നത്. അതുകൊണ്ട് തന്നെ കൂലിയോ ജോലി ചെയ്യുന്ന സമയമോ ഇവര്‍ക്ക് പ്രശ്‌നമല്ല, തങ്ങളെകൊണ്ടാവുന്ന രീതിയില്‍ തങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കുന്ന രീതിയിലാണ് ഇവരുടെ ഓരോ ജോലിയും.
സിദ്ധാശ്രമത്തില്‍ നിന്ന് പുറത്ത് വന്ന് അവിടെ അനുഷ്ടിക്കുന്ന അതേ ജീവിത രീതി പിന്തുടര്‍ന്ന് മുന്നോട്ട് പോകുന്നവരും നമുക്കിടയിലുണ്ട്. ഇവരില്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മുതല്‍ സമൂഹത്തിന്റെ നാനാതുറകളിലും ജോലി ചെയ്യുന്നവരുമുണ്ട്. കൃഷിയും പാചകവും ആയുര്‍വേദ മരുന്നുകളുടെ നിര്‍നമ്മാണവും ഒക്കെയായി ഇവര്‍ തിരക്കിലാണ്. മറ്റുള്ളവരെക്കുറിച്ച് ദുഷിച്ച് പറയാനോ എന്തിന് ചിന്തിക്കാനോ പോലും സമയമില്ലാത്ത അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ക്ക് സമയം നല്‍കാത്ത അത്രയും നല്ല തിരക്ക്.
കോഴിക്കോട് ജില്ലയിലെ കായണ്ണ, കണ്ണൂരിലെ ഈയൂര്‍, തിരുവന്തപുരത്തെ മണ്ണൂര്‍ക്കര, തമിഴ്നാട്ടിലെ അമ്മപാളയം എന്നിവിടങ്ങളിലുള്ള മറ്റ് സിദ്ധാശ്രമങ്ങളുടെ ആസ്ഥാനമാണ് വടകര സിദ്ധാശ്രമം. സ്വാമി ശിവാനന്ദ പരമഹംസരുടെ ജന്മദിനമായ വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളിലാണ് ഇവിടുത്തെ പ്രധാന ആഘോഷം. അന്നേ ദിവസം മറ്റ് ആശ്രമങ്ങളില്‍ നിന്ന് ശിവാനന്ദ പരമഹംസരുടെ ശിഷ്യന്മാര്‍ ഇവിടെ എത്തിച്ചേരും. ആശ്രമത്തിലെത്തുന്ന മുഴുവനാളുകള്‍ക്കും നല്‍കുന്ന അന്നദാനമാണ് ഇവിടുത്തെ പ്രധാന സവിശേഷത. സ്വന്തം കൃഷിയിടത്തില്‍ നിര്‍മ്മിച്ച സാധനങ്ങള്‍ ഉപയോഗിച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നത് എന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
ആശ്രമത്തിലെ സിദ്ധ സന്യാസിമാര്‍ക്ക് വിവാഹം പറഞ്ഞിട്ടില്ലെങ്കിലും പരസ്പര സമ്മതത്തോടെ ഇവര്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാം. ആശ്രമത്തിന് പുറത്ത് വന്ന് ഇതേ ജീവിത രീതി പിന്തുടുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. അവരില്‍ ഡോക്ടര്‍മാരുണ്ട്, എഞ്ചിനീയര്‍മാരുണ്ട് അങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍ തൊഴില്‍ ചെയ്യുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്.
വിവാഹ നാളില്‍ പോലും തൂവെള്ള വസ്ത്രം മാത്രം ധരിച്ചാണ് ഇവരെ കാണാന്‍ സാധിക്കുക. ആടയാഭരണങ്ങളുടെ പുറമോടികള്‍ അന്നും ഇവര്‍ക്ക് അന്യമായിരിക്കും.