രത്‌നഗിരിയിലെ ആശുപത്രിയില്‍ നിന്നും ഫോണ്‍ ഓണാക്കി, പിന്നാലെ പൊലീസുമെത്തി; എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ കുടുക്കിയത് മൊബൈല്‍ ഫോണ്‍



കൊയിലാണ്ടി
: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയെ കുടുക്കിയത് മൊബൈല്‍ ഫോണ്‍. ആക്രമണത്തിനു പിന്നാല സ്വിച്ച് ഓഫാക്കിയിരുന്ന മൊബൈല്‍ ഫോണ്‍, രത്നഗിരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഷഹറൂഖ് ഓണ്‍ ആക്കിയിരുന്നു. ഇതാണ് പൊലീസിനെ ഇയാളെ കണ്ടെത്താന്‍ സഹായകരമായത്.

ഫോണ്‍ ഓണാക്കിയതിനു പിന്നാലെ ഒരു സന്ദേശം എത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ രത്‌നഗിരിയിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. മഹാരാഷ്ട്ര എ.ടി.എസ് സ്ഥലത്തെത്തുമ്പോഴേക്കും ഇയാള്‍ക്ക് പൊലീസ് പിന്നാലെയുണ്ടെന്ന സംശയം തോന്നിയിരുന്നു. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി ട്രെയിനില്‍ രക്ഷപ്പെടാനുള്ള നീക്കത്തിനിടെ പിടിയിലാവുകയായിരുന്നു.

ഡല്‍ഹി സ്വദേശിയാണിവര്‍. നോയ്ഡയില്‍ മരപ്പണിക്കാരനായി ജോലി ചെയ്യുകയാണ് ഷഹറൂഖ് സെയ്ഫി. ഷഹറൂഖ് സെയ്ഫി കേരളത്തില്‍ പോയിട്ടില്ലെന്നും മകന് നന്നായി ഇംഗ്ലീഷ് അറിയില്ലെന്നും പിതാവ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ പിതാവിന്റെ ഒപ്പം തടി ഉരുപ്പടികളും ഗൃഹോപകരണങ്ങളും ഉണ്ടാക്കി വില്‍ക്കുന്നയാളാണ് 24 കാരനായ ഷാരൂഖ് സെയ്ഫിയെന്നാണ് അച്ഛന്‍ പറഞ്ഞത്.

ഷാരൂഖിനെ കാണാനില്ലെന്നു കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷഹറൂഖ് പ്ലസ്ടു വരെയേ പഠിച്ചിട്ടുള്ളൂവെന്നും അമ്മ വ്യക്തമാക്കി. ഷഹ്‌റൂഖിന് അധികം സുഹൃത്തുക്കളുമില്ല. അതേസമയം, ഷാറൂഖിന്റെ കുടുംബാംഗങ്ങളുടെ ഫോണുകളും ഡയറിയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെക്കുറിച്ച് ആദ്യ സൂചനകള്‍ ലഭിച്ചപ്പോള്‍ത്തന്നെ ഡല്‍ഹി പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഷഹീന്‍ബാഗിലെ ഷാരൂഖിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു.

കാണാതാകുന്നതിനു മുന്‍പ് ബന്ധപ്പെട്ടിരുന്ന ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണു ഡല്‍ഹി പൊലീസ് ഷഹീന്‍ ബാഗിലെ വസതിയില്‍ എത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അക്രമി നോയിഡ സ്വദേശിയെന്ന് സംശയം പൊലീസ് പങ്കുവെച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിലുണ്ടായിരുന്ന ഫോണിന്റെ IMEA കോഡില്‍ നിന്നാണ് നോയിഡ സ്വദേശിയെന്ന സൂചന ലഭിച്ചത്.

മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ ആശുപത്രിയില്‍ പ്രതിയുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി മഹാരാഷ്ട്ര എ.ടി.എസ് സ്ഥലത്തെത്തുകയായിരുന്നു. ഇയാളുടെ മുഖത്ത് പൊള്ളലേറ്റ പാടുണ്ട്. ശരീരത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തലയ്‌ക്കേറ്റ പരുക്കിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നും റിപ്പോര്‍ട്ടുണ്ട്.

മഹാരാഷ്ട്ര എ.ടി.എസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സംഘം കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രത്‌നഗിരിയില്‍ നിന്നും അജ്മീറിലേക്ക് കടക്കാനായിരുന്നു ശ്രമമെന്ന് ഇയാള്‍ മൊഴി നല്‍കി.

ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തില്‍ മൂന്നുപേര്‍ മരിക്കുകയും ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.