കണ്ണൂരില്‍ എ.ഐ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തില്‍ ‘അജ്ഞാത സ്ത്രീ’യെ കണ്ട സംഭവം; മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി
കണ്ണൂര്‍: സീറ്റ് ബെല്‍റ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് പിഴയടക്കാന്‍ ലഭിച്ച നോട്ടീസിലെ ചിത്രത്തില്‍ വാഹനത്തില്‍ ഇല്ലാതിരുന്ന സ്ത്രീയുടെ ഫോട്ടോ ഉള്‍പ്പെട്ട സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് വകുപ്പ് പറയുന്നത്. ക്യാമറയില്‍ ഒരു ചിത്രത്തിന് മുകളില്‍ മറ്റൊരു ചിത്രം പതിയാന്‍ ഇടയില്ലെന്നും, അതുകൊണ്ടുതന്നെ ക്യാമറ പരിശോധിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാധിക്കുകയുള്ളുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.
അതേ സമയം നോട്ടീസ് ലഭിച്ച വാഹന ഉടമ കണ്ണൂര്‍ പയ്യന്നൂര്‍ ചെറുവത്തൂര്‍ കൈതക്കാട് സ്വദേശി ആദിത്യന്‍ 1000രുപ പിഴ അടച്ചു. പയ്യന്നൂരിലേക്കുള്ള കാര്‍ യാത്രക്കിടെ കഴിഞ്ഞ മാസം 3നാണ് സംഭവം. യാത്രാമധ്യേ കേളോത്ത് വെച്ചാണ് കാറിന് എ.ഐ ക്യാമറയുടെ പിടി വീഴുന്നത്. വാഹനത്തില്‍ സഞ്ചരിച്ച ആദിത്യനും അദ്ദേഹത്തിന്റെ അമ്മയുടെ ചേച്ചിയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. കാറിന്റെ പിന്‍സീറ്റില്‍ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ കുട്ടികളെ കാണാനില്ല. പകരം പിന്‍സീറ്റില്‍ മറ്റൊരു സ്ത്രീ ഇരിക്കുന്നതായാണ് കാണുന്നത്.
നോട്ടീസിലെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വ്യത്യസ്ത തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്നു വന്നത്. എ.ഐ ക്യാമറയില്‍ പ്രേതത്തിന്റെ ചിത്രം തെളിഞ്ഞു, നാട്ടില്‍ ഈയടുത്ത് മരണപ്പെട്ട സ്ത്രീയുടെ രൂപം ആണ് ചിത്രത്തിലുള്ളത് എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.