വടകരയില്‍ ചെള്ളുപനി സ്ഥിരീകരിച്ചു


വടകര: കോഴിക്കോട് വടകരയിൽ സ്ക്രബ് ടൈഫസ് അഥവാ ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ 42കാരനിലാണ് ചെള്ളുപനി കണ്ടെത്തിയത്.

വിട്ടുമാറാത്ത പനിയും, തലകറക്കവും, തൊണ്ടവേദനയും ഒരാഴ്ചയോളം ചികിത്സ നടത്തിയിട്ടും ഭേദമാകാത്ത സാഹചര്യത്തിലാണ് രോഗി ചികിത്സതേടി വടകര സഹകരണ ആശുപത്രിയിൽ എത്തിയത്. രോഗം സ്ഥിരീകരിച്ച ഉടന്‍ വടകര സഹകരണ ആശുപത്രി അധികൃതർ  ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെടുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ കെ. സി. മോഹൻകുമാർ അറിയിച്ചു. ചികിത്സ പൂർത്തീകരിച്ച രോഗി പൂർണ്ണ ആരോഗ്യത്തോടെ രോഗി വീട്ടിലേക്ക് മടങ്ങി.

എലി ,അണ്ണാൻ ,മുയൽ തുടങ്ങി കരണ്ടുതിന്നുന്ന മൃഗങ്ങളിലെ ചെള്ളുകളിൽ നിന്നാണ് പനി ഉണ്ടാകുന്ന ബാക്ടീരിയ രൂപപ്പെടുന്നത് വിട്ടുമാറാത്ത പനി, തൊണ്ടവേദന, തലകറക്കം, തലവേദന, പേശിവേദന, ചുമ, ചെങ്കണ്ണ് പോലെ കണ്ണ് ചുവക്കൽ എന്നിവയാണ് ഇതിൻറെ ലക്ഷണങ്ങൾ. ഓറിയന്റിയ ടിസുടിസുഗമുഷി എന്ന ബാക്ടീരിയയാണ് സ്‌ക്രബ് ടൈഫസ് ഉണ്ടാക്കുന്നത്. ചിഗ്ഗറുകൾ എന്നറിയപ്പെടുന്ന ചെള്ളുകൾ വഴിയാണ് ഇത് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരുന്നത്.

സാധാരണഗതിയില്‍ വലിയ അപകടങ്ങൾ ഉണ്ടാക്കാറില്ല എങ്കിലും ചിലപ്പോൾ ന്യൂമോണിയ, തലച്ചോറിനെ ബാധിക്കുന്ന മെനഞ്ചൈറ്റിസോആയി മാറിയാൽ ഇത് അപകടകരമാണ്. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ല.
ചെള്ള് കടിച്ച് രണ്ടാഴ്ച കഴിയുമ്പോഴേക്ക് മാത്രമേ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടൂ സാധാരണഗതിയിൽ ഉറുമ്പോ, കൊതുകോ , കടിക്കുമ്പോൾ ഉണ്ടാകുന്ന തടിപ്പും ചൊറിച്ചിലും ചുവന്ന നിറങ്ങളുമാണ് ആദ്യം ഉണ്ടാവുക.
ടൈഫോയ്ഡ്,എലിപനി, ഡെങ്കിപനി എന്നിവയുടെ ലക്ഷണങ്ങളുമായി ചെള്ളുപനിക്ക് സാമ്യമുള്ളതിനാൽ രോഗനിർണയം ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, വീടുകളിൽ എലിയുടെ സാന്നിധ്യം ഇല്ലാതാക്കുകയും ചെയ്യുക എന്നുള്ളതാണ് സ്വീകരിക്കാൻ കഴിയുന്ന മുൻകരുതലുകൾ.