സ്‌കൂളില്‍ അധ്യാപക നിയമനം വാഗ്ദാനം ചെയ്ത് 30ഓളം പേരില്‍ നിന്ന് കൈപ്പറ്റിയത് രണ്ടേമുക്കാല്‍ കോടി രൂപ; ഇരിങ്ങല്‍ കോട്ടല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അനിശ്ചിതകാല സമരവുമായി ഉദ്യോഗാര്‍ഥികളും സമരസഹായ സമിതിയും


ഇരിങ്ങല്‍: അധ്യാപക നിയമനം വാഗ്ദാനം ചെയ്ത് മുപ്പതോളം പേരെ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജ്‌മെന്റ് വഞ്ചിച്ചതായി പരാതി. പണം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ സ്‌കൂളിന് മുമ്പില്‍ പന്തലുകെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.

2016 മുതലാണ് സ്‌കൂളില്‍ നിയമനം വാഗ്ദാനം ചെയ്ത് മാനേജ്‌മെന്റ് പലരില്‍ നിന്നായി പണം വാങ്ങിത്തുടങ്ങിയതെന്ന് സമരസമിതി ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഒരു വിഷയത്തില്‍ നിയമനത്തിനായി അഞ്ച് പേരില്‍ നിന്നൊക്കെയാണ് പണം വാങ്ങിയത്. ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയെന്ന ലക്ഷ്യം തന്നെയായിരുന്നു പണപ്പിരിവിനെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പിരിച്ചെടുത്ത പണം തിരിച്ചുനല്‍കുകയോ സ്‌കൂളില്‍ നിയമനം നല്‍കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് മുപ്പതോളം ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് ഇവരില്‍ നിന്നും മാനേജ്‌മെന്റ് തട്ടിയെടുത്തിരിക്കുന്നതെന്നും സമര സഹായ സമിതി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

അഞ്ച് അംഗങ്ങളുള്ള കുടുംബ ട്രസ്റ്റിനെതിരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ സാമ്പത്തിക തട്ടിപ്പ് ആരോപിക്കുന്നത്. നാലുദിവസം പിന്നിട്ട സമരത്തിന് പ്രദേശത്തെ വിവിധ രാഷ്ട്രീയ കക്ഷികളുടെയും സാമൂഹിക രംഗത്തെ പ്രമുഖരുടെയും ശക്തമായ പിന്തുണയുണ്ട്.

ജൂണ്‍ ഒന്നിന് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളിന് മുമ്പില്‍ ആരംഭിച്ച അനിശ്ചിതകാല സമരം സി.പി.എം പയ്യോളി ഏരിയാ സെക്രട്ടറി എം.പി.ഷിബു ഉദ്ഘാടനം ചെയ്തു. തൊടുവയല്‍ സദാനന്ദന്‍ അധ്യക്ഷനായിരുന്നു.

എം.എല്‍.എ കാനത്തില്‍ ജമീല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ടി.ചന്തുമാസ്റ്റര്‍, എന്‍.ടി.അബ്ദുറഹ്‌മാന്‍, എം.പി.ഭരതന്‍, എം.ഷംസുദ്ദീന്‍, ചെറിയാവില്‍ സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.