സെഞ്ച്വറിയില്‍ തിളങ്ങി രോഹന്‍ കുന്നുമ്മല്‍; ഒമാന്‍ പര്യടനത്തില്‍ ആദ്യമത്സരത്തില്‍ ഉജ്ജ്വല വിജയവുമായി കേരള ടീം
മസ്‌കറ്റ്: ഒമാന്‍ പര്യടനത്തിലെ ആദ്യ മല്‍സരത്തില്‍ ഉജ്ജ്വല വിജയവുമായി കേരള ക്രിക്കറ്റ് ടീം. രോഹന്‍ കുന്നുമ്മലിന്റെ സെഞ്ച്വറി തിളക്കത്തിലാണ് കേരളത്തിന്റെ വിജയം. ഒമാന്‍ ചെയര്‍മാന്‍സ് ഇലവനെ നാല് വിക്കറ്റിനാണ് കേരളം തകര്‍ത്തത്.
ഒമാന്‍ ടീം ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടന്നായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ ചെയര്‍മാന്‍സ് ഇലവന്‍ 50 ഓവറില്‍ 326 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് പന്തുകള്‍ ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി. സെഞ്ച്വറിയടിച്ച രോഹന്‍ കുന്നുമ്മലിന് പുറമേ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ സല്‍മാന്‍ നിസാറിന്റെയും ഷോണ്‍ റോജറുടെയും ബാറ്റിങ് മികവാണ് കേരളത്തിന് വിജയമൊരുക്കിയത്.
രോഹന്‍ 109 പന്തുകളില്‍ നിന്ന് 122 റണ്‍സെടുത്തു. 12 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്‌സ്. സല്‍മാന്‍ നിസാര്‍ 87 റണ്‍സെടുത്തു. രോഹന് ശേഷമെത്തിയ ഷോണ്‍ റോജറുടെ പ്രകടനവും ശ്രദ്ധേയമായി. ഷോണ്‍ 48 പന്തുകളില്‍ നിന്ന് 56 റണ്‍സെടുത്തു. ലക്ഷ്യത്തോട് അടുക്കെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അക്ഷയ് മനോഹറും ഷറഫുദ്ദീനും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ഒമാന് വേണ്ടി ഹുസൈന്‍ അലി ഷാ നാല് വിക്കറ്റുകള്‍ വീഴ്ത്തി.
ഒമാന്‍ ടീമില്‍ ജതീന്ദര്‍ സിങ്ങും ആമിര്‍ കലീമും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 137 റണ്‍സ് പിറന്നു. ജതീന്ദര്‍ സിങ് 136 പന്തുകളില്‍ 150ഉം ആമിര്‍ കലീം 68 പന്തുകളില്‍ 73 റണ്‍സും നേടി. എന്നാല്‍ ആമിര്‍ പുറത്തായതിന് ശേഷമെത്തിയ ഒമാന്‍ ബാറ്റര്‍മാര്‍ക്ക് വലിയ സ്‌കോര്‍ നേടാനായില്ല. ശക്തമായി തിരിച്ചു വന്ന കേരള ബൗളര്‍മാര്‍ ഒമാന്റെ സ്‌കോര്‍ 326ല്‍ ഒതുക്കി. കേരളത്തിന് വേണ്ടി എം.ഡി നിധീഷും ഏദന്‍ ആപ്പിള്‍ ടോമും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രോഹന്‍ കുന്നുമ്മലും അഹ്‌മദ് ഇമ്രാനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. എന്നാല്‍ അഹ്‌മദ് ഇമ്രാനും മൊഹമ്മദ് അസറുദ്ദീനും ഒരേ ഓവറില്‍ പുറത്തായി. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ രോഹന്‍ കുന്നുമ്മലും സല്‍മാന്‍ നിസാറും ചേര്‍ന്ന് നേടിയ 146 റണ്‍സാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്.