വെള്ളക്കെട്ട് പരിഹരിക്കാന്‍ ഇന്റര്‍ലോക്ക് പാകിയപ്പോള്‍ മുമ്പത്തേക്കാളേറെ വെള്ളം കയറി; നിര്‍മ്മാണത്തിലെ അശാസ്ത്രീയത കൊയിലാണ്ടി-താമരശേരി സംസ്ഥാനപാതയില്‍ കുറുവങ്ങാട് അക്വടക്റ്റിന് സമീപത്തെ റോഡിന് വിനയായി



കൊയിലാണ്ടി:
നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം വെള്ളക്കെട്ടില്‍പ്പെട്ട് കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിലെ കുറുവങ്ങാട് അക്വടക്റ്റിന് സമീപത്തെ റോഡ്. വെള്ളം കയറി റോഡ് തകരുന്ന പ്രദേശമായതിനാല്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി 2020-21 കാലത്ത് ഇവിടെ ഇന്റര്‍ലോക്ക് പാകിയിരുന്നു. അക്വടക്ട് കടന്നുപോകുന്ന 20മീറ്ററിലധികം വരുന്ന ഭാഗം താഴ്ത്തി ഇന്റര്‍ലോക്ക് ചെയ്തതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത്.

വെള്ളം കടന്നുപോകാന്‍ ഇരുഭാഗം ഡ്രൈനേജ് നിര്‍മ്മിക്കുകയോ റോഡിലുണ്ടാകുന്ന വെള്ളം പുറത്തേക്ക് ഒഴുകി പോകാന്‍ സംവിധാനമുണ്ടാക്കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇന്റര്‍ലോക്ക് തകര്‍ന്ന് താഴ്ന്ന നിലയിലാണുള്ളത്. റോഡിന്റെ ഇരുഭാഗങ്ങളിലും ഉയരക്കൂടുതലും നടുഭാഗം താഴ്ന്നും കിടക്കുന്നത് കാരണം വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്.

റോഡിന്റെ ഇരുഭാഗത്തും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുണ്ട്. എന്നാല്‍ വെള്ളക്കെട്ട് കാരണം ഇവിടെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പലപ്പോഴും പ്രദേശത്തെ നാട്ടുകാരും കച്ചവടക്കാരും ചേര്‍ന്നാണ് റോഡിനെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരം കാണുന്നത്. പ്രശ്‌നം നഗരസഭ ഇടപെട്ട് ഉടന്‍ പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.