”നിങ്ങളുടെ പിന്തുണയും വിശ്വാസവും എന്റെ മുന്നോട്ടുള്ള യാത്രയെ രൂപപ്പെടുത്തുന്നതില്‍ സഹായിക്കും’; രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് പിന്നാലെ ‘പയ്യോളി എക്‌സ്പ്രസ്’ പി.ടി ഉഷ


കൊയിലാണ്ടി: ഇന്ത്യക്കാരുടെ പിന്തുണയും തന്നിലുള്ള വിശ്വാസവും ഇവിടെ നിന്നും മുന്നോട്ടുള്ള തന്റെ യാത്രയെ രൂപപ്പെടുത്തുന്നതില്‍ ഏറെ സഹായിക്കുമെന്ന് ഒളിമ്പ്യന്‍ പി.ടി ഉഷ. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയാണ് പി.ടി ഉഷയുടെ പ്രതികരണം.

”ഇന്ത്യയിലെല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ആശംസകളില്‍ സന്തോഷമുണ്ട്. നിങ്ങളുടെ പിന്തുണയും എന്നിലുള്ള വിശ്വാസവും ഇവിടെ നിന്നും എന്റെ മുന്നോട്ടുള്ള യാത്രയെ രൂപപ്പെടുത്തുന്നതില്‍ വളരെയധികം സഹായിക്കും. ഏക് ഭാരത് ശ്രേഷ്ഠ ഭാരത്. ” പി.ടി ഉഷ കുറിക്കുന്നു.

കഴിഞ്ഞദിവസമാണ് പി.ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പയ്യോളി സ്വദേശിനിയായ പി.ടി.ഉഷ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായിരുന്നു. 1980 ല്‍ പതിനാറാം വയസിലായിരുന്നു ഉഷ തന്റെ ആദ്യ ഒളിമ്പിക്സ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മോസ്‌കോ ഒളിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പ്രിന്റര്‍ എന്ന റെക്കോര്‍ഡും ഉഷയ്ക്കായിരുന്നു.

1982 ല്‍ ഡല്‍ഹിയില്‍ വച്ചു നടന്ന ഏഷ്യാഡില്‍ നൂറുമീറ്റര്‍ ഓട്ടത്തിലും, ഇരുന്നൂറുമീറ്റര്‍ ഓട്ടത്തിലും വെള്ളിമെഡല്‍ കരസ്ഥമാക്കി. 1984-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സ് ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും മറക്കാനാകില്ല. പ്രത്യേകിച്ച് മലയാളികള്‍ക്ക്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തില്‍ പി.ടി.ഉഷയ്ക്ക് മെഡല്‍ നഷ്ടപ്പെട്ട ഒളിമ്പിക്‌സായിരുന്നു അത്.

കഴിഞ്ഞ വര്‍ഷം ടോക്കിയോ ഒളിംപിക്‌സില്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്നതുവരെ ഇന്ത്യന്‍ അത്ലറ്റിക്സിനെ ഒറ്റപ്പേരിലേക്ക് ആറ്റിക്കുറുക്കേണ്ടിവന്നാല്‍ ഒരു മുഖചിത്രമേ ഉണ്ടായിരുന്നുള്ളു. ഉഷയുടേതായിരുന്നു അത്.

പയ്യോളി കടപ്പുറത്തുനിന്നാണ് ഉഷ ഓടിത്തുടങ്ങിയത്. പിന്നീട് ദേശീയ സ്‌കൂള്‍ കായികമേളകളില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു. 1979ല്‍ നാഗ്പൂരിലെ ദേശീയ സ്‌കൂള്‍ കായികമേളയും ഹൈദരാബാദിലെ ദേശീയ അത്ലറ്റിക് മീറ്റും വരവറിയിച്ച ഉഷ 100, 200 മീറ്ററുകളില്‍ സ്വന്തം റെക്കോര്‍ഡുകള്‍ പലതവണ തിരുത്തിക്കുറിച്ചു.

1980ല്‍ കറാച്ചിയില്‍ നടന്ന പാകിസ്ഥാന്‍ നാഷണല്‍ ഓപ്പണ്‍ മീറ്റില്‍ നാല് സ്വര്‍ണവുമായി അന്താരാഷ്ട്ര തലത്തില്‍ ഗംഭീര അരങ്ങേറ്റം. 16-ാം വയസില്‍ തന്നെ മോസ്‌ക്കോ ഒളിംപിക്സില്‍ ആദ്യ അങ്കം. 1985 ലും 1986 ലും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോകത്തിലെ മികച്ച എട്ട് അത്ലറ്റുകളില്‍ ഒരാളായി രാജ്യാന്തര അത്ലറ്റിക് സംഘടന ഉഷയെ തിരഞ്ഞെടുത്തിരുന്നു. 1983 ല്‍ അര്‍ജുന പുരസ്‌കാരം ഉഷയെ തേടിയെത്തി. 1985 ല്‍ പത്മശ്രീ ലഭിച്ചു.

ലോക അത്ലറ്റിക്സിനു നല്‍കിയ സമഗ്രവും മഹത്തരവുമായ സംഭാവനയ്ക്ക് പി.ടി.ഉഷയെ ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക് ഫെഡറേഷന്‍സ് ‘വെറ്ററന്‍ പിന്‍’ നല്‍കി ആദരിച്ചത് ഈ അടുത്തകാലത്താണ്. 2000 ല്‍ അന്താരാഷ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യയുടെ വിരമിച്ചു. ഇപ്പോള്‍ വളര്‍ന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാന്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു.

Summary: PT Usha about rajya sabha nomination