‘കുടുംബ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ഖാസിയുമായി തെറ്റിയതോടെയാണ് യുവതി വ്യാജ പരാതിയുമായി രംഗത്തു വന്നത്’, പീഡന ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതും; പീഡന പരാതിയിൽ മറുപടിയുമായി കോഴിക്കോട് ഖാസിയുടെ ഓഫീസ്
കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതും ആണെന്ന അറിയിപ്പുമായി കോഴിക്കോട് ഖാസി ഓഫീസ്. ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പൊലീസ് പീഡന കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ഖാസി ഓഫീസ് മറുപടി നൽകിയത്. കണ്ണൂർ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ്.
രണ്ട് കുട്ടികളുടെ മാതാവായ പരാതിക്കാരി ആദ്യഭർത്താവുമായി വിവാഹമോചനം നേടുകയും രണ്ടാമത് വിവാഹം ചെയ്യുകയും ചെയ്തിരുന്നു. ആദ്യ ഭർത്താവിൽ നിന്നു ലഭിച്ച ഭീമമായ തുകയും സ്വർണവും ചിലവഴിച്ചു തീർന്നതിന് ശേഷം ചാലിയത്ത് താമസമാക്കിയ പരാതിക്കാരി ഇരുവരുമായുള്ള ബന്ധം തുടരാൻ സാധിക്കാത്ത സാഹചര്യത്തിൽ മഹല്ല് കമ്മിറ്റിയുമായും പിന്നീട് അവർ മുഖേന ഖാസിയുമായും ബന്ധപ്പെടുകയായിരുന്നു. തുടർന്ന് അഭിഭാഷകർ മുഖേന രണ്ടാം ഭർത്താവുമായും പരാതിക്കാരിയുമായും മധ്യസ്ഥ ചർച്ചകൾ നടത്തുകയും വിവാഹമോചനക്കരാർ തയ്യാറാക്കുകയും ചെയ്തു.
പരാതിക്കാരിക്ക് രണ്ടാം ഭർത്താവ് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി പ്രശ്നം പരിഹരിക്കണം എന്നായിരുന്നു വ്യവസ്ഥ. അതിലേക്ക് ഒരു ലക്ഷം രൂപ നൽകുകയും ബാക്കി പണം രണ്ടു വർഷത്തിനകം നൽകാമെന്നു വ്യവസ്ഥയാക്കി. തുടർന്ന് കണ്ണൂരിലേക്ക് തിരിച്ചുപോയ പരാതിക്കാരിയെ കുറിച്ച് ഒരു വർഷത്തോളം വിവരമൊന്നും ഉണ്ടായിരുന്നില്ല.
ബാക്കി പണം ആവശ്യപ്പെട്ട് മധ്യസ്ഥന്മാരെ സമീപിക്കുകയും രണ്ടാം ഭർത്താവിൽ നിന്നും മധ്യസ്ഥന്മാർ പണം വാങ്ങിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം മധ്യസ്ഥന്മാരെ ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റിൽ നിന്നും ഇറക്കി വിട്ടു എന്ന് പറഞ്ഞ് കഴിഞ്ഞ മാസം അവസാനം മധ്യസ്ഥരെ ബന്ധപ്പെട്ടിരുന്നു. ഇതിനായി രണ്ടാം ഭർത്താവുമായി പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നതിനിടയിലാണ് ഇപ്പോൾ വ്യാജപരാതിയുമായി ഇവർ രംഗത്ത് വന്നത്. ഇത് സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നും പൊതുജനം തെറ്റിദ്ധരിക്കരുതെന്നും ഖാസി കമ്മിറ്റി സെക്രട്ടറി അറിയിച്ചു.
രണ്ട് വർഷം മുൻപ് മലപ്പുറം പരപ്പനങ്ങാടിയിൽവച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഐ.പി.സി. 376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.