എന്തുകൊണ്ട് മേപ്പയ്യൂരിലെ പുലപ്രക്കുന്ന് സംരക്ഷിക്കപ്പെടണം? പുലപ്രക്കുന്ന് സംരക്ഷണ സമിതി വിശദീകരിക്കുന്നു
നരക്കോട് മഞ്ഞക്കുളം പ്രദേശത്തിന്റെ റിസര്‍വോയര്‍ ആണ് പുലപ്രകുന്ന്. കുന്നിന്റെ താഴ്വരയിലെ കിണറുകളില്‍ ജലലഭ്യത ഉറപ്പാക്കുന്നതില്‍ കുന്നുവഹിക്കുന്ന പങ്ക് വിലപ്പെട്ടതാണ്. സമീപപ്രദേശത്തെ കുന്നുകളെ അപേക്ഷിച്ച് പുലപ്രകുന്നില്‍ വളരെ ആഴത്തില്‍ മേല്‍മണ്ണ് കാണപ്പെടുന്നു. അതുകൊണ്ടുതന്നെ മരച്ചീനി, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയ കിഴങ്ങ് വര്‍ഗ്ഗവിളകള്‍ നമ്മുടെ പൂര്‍വികര്‍ ഇവിടെ വ്യാപകമായി കൃഷി ചെയ്തിരുന്നു. കൂടാതെ ഭക്ഷണത്തിന് ക്ഷാമം നേരിട്ടിരുന്ന ഒരുകാലത്ത് നിറയെ കായ് ഫലം തരുന്ന നാല് വലിയ മാവുകള്‍ അവിടെ നിലനിനിരുന്ന കാര്യം ഇതെഴുതുമ്പോള്‍ ഓര്‍മ്മവരുന്നു.
കൂടാതെ മലയുടെ മുകള്‍ ഭാഗത്ത് അതിവിശാലമായതും നിരപ്പായതുമായ ഒരു പ്രദേശമുണ്ട് ഇവിടെയുള്ള കുറ്റിക്കാടുകളില്‍ കുറുക്കന്‍, കാട്ടുപന്നി, മുള്ളന്‍ പന്നി, ഉടുമ്പ്, മുയല്‍, വിവിധയിനം പാമ്പുകള്‍ തുടങ്ങിയ ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ്. കശുമാവ് സമൃദ്ധമായി വളരുന്ന ഈ മലയില്‍ പരിസരവാസികള്‍ കശുവണ്ടി വിറക് എന്നിവ ശേഖരിക്കാനും പശുക്കളെ മേയ്ക്കുവാനും ഉപയോഗപ്പെടുത്തിയിരുന്നു.
എന്തുകൊണ്ട് മണ്ണ് ഖനനംനിര്‍ത്തിവക്കണം?
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഒരു പ്രദേശം കൂടിയാണ് പുലപ്രക്കുന്ന്. ഇപ്പോള്‍ മണ്ണ് ഖനനം നടക്കുന്ന സ്ഥലത്തിന്റെ തെക്കുഭാഗത്തായി കേവലം 50 മീറ്റര്‍ ചുറ്റളവിനുള്ളില്‍ മൂന്ന് മീറ്റര്‍ താഴ്ചയില്‍ ഒരു കിണര്‍ ഉണ്ട് കടുത്ത വേനല്‍ ചൂടിലും അവിടെ നീരുറവ നിലനില്‍ക്കുന്നു. മാത്രമല്ല വര്‍ഷകാലത്ത് കിണര്‍ നിറഞ്ഞു കവിയുകയും റോഡരികിലെ ഡ്രൈനേജിലൂടെ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുകയും ചെയ്യാറുണ്ട്. കൂടാതെ ഈ കിണറിന്റെ അടിഭാഗത്ത് സോഫ്റ്റ് ആയ ചെകിടി മണ്ണാണ് കാണപ്പെടുന്നത്.
ആഴത്തില്‍ മണ്ണ് നീക്കം ചെയ്യപ്പെടുമ്പോള്‍ അടിഭാഗത്തുള്ള മണ്ണും അതിനകത്ത് കാണപ്പെടുന്ന ഉരുളന്‍ കൃഷ്ണശിലയും നീരൊഴുക്കില്‍ കുത്തിയൊലിച്ച് ഉരുള്‍പൊട്ടലിനും താഴ്വരയില്‍ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും കനത്ത നാശം വിതക്കാനും സാധ്യതയുണ്ട്.
കുന്നിന്റെ മുകളിലോട്ട് പോകുന്തോറും മേല്‍ മണ്ണിന്റെ സാന്നിധ്യം കുറഞ്ഞു വരികയും കുട്ടക്കല്ലുകള്‍ വലിയതോതില്‍ കാണപ്പെടുകയും ചെയ്യുന്നു ഈ കല്ല് ഇളക്കി മാറ്റുന്നതോടെ കുന്നിന് ബലക്ഷയം അനുഭവപ്പെടുകയും ബെഞ്ച് രൂപത്തില്‍ ആക്കാന്‍ കഴിയാതെ വരികയും ചെയ്യും കൂടാതെ മലക്ക് മുകളിലുള്ള 220 KV ലൈനിന്റെ ടവറും ഭീഷണിയിലാവും.
മേല്‍മണ്ണ വലിയതോതില്‍ നീക്കം ചെയ്യപ്പെടുന്നതോടുകൂടി അവിടങ്ങളില്‍ കൃഷി ചെയ്യാനുള്ള സാധ്യത ഇല്ലാതാകുന്നു വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നു. താഴ്വരയിലെ കിണറുകള്‍ വറ്റി വരളുന്നു. മലമുകളില്‍ താമസിക്കുന്ന കുറുക്കന്‍, മുള്ളന്‍പന്നികള്‍, ഉടുമ്പ്, കീരികള്‍, കാട്ടുപന്നികള്‍, പാമ്പുകള്‍ എന്നിവയുടെ ആവാസ വ്യവസ്ഥ എന്നന്നേക്കുമായി നഷ്ടപ്പെടുന്നു. കുന്നിന്റെ പരിസരപ്രദേശങ്ങളിലെ മറ്റ് കിണറുകള്‍ 18 മുതല്‍20 കോലുവരെ ആഴമുള്ളവയാണ്. ഇവയിലെല്ലാം തന്നെ മൂന്നോ നാലോ മീറ്റര്‍ ചെങ്കല്ലിന് ശേഷം സോഫ്റ്റ് ആയ മണ്ണാണ് കാണപ്പെടുന്നത് അതുകൊണ്ടുതന്നെ ഇവയെല്ലാം ചെങ്കല്ല് കൊണ്ട് കെട്ടി ഉയര്‍ത്തിയ കിണറുകളാണ്. കുന്നില്‍ നിന്ന് വലിയതോതില്‍ മണ്ണ് നീക്കം ചെയ്യപ്പെടുമ്പോള്‍ ഈ കിണറുകളില്‍ മഴക്കാലത്ത് ഇടിഞ്ഞു താഴല്‍, തിരയിളക്കം അനുഭവപ്പെടല്‍, സോയില്‍ പൈപിംങ്ങ്, തുടങ്ങിയ പ്രതിഭാസങ്ങള്‍ക്കും സാധ്യതയുണ്ട്.