”അസുഖത്തിന്റെ ക്ഷീണത്തിനിടയിലും മേപ്പയ്യൂരിലെ സഹപ്രവര്‍ത്തകനെ ആശ്വസിപ്പിക്കാനെത്തിയ നേതാവ്” ഉമ്മന്‍ചാണ്ടിയുടെ അവസാന കൊയിലാണ്ടി സന്ദര്‍ശനത്തെക്കുറിച്ച് രാജേഷ് കീഴരിയൂര്‍ എഴുതുന്നു


കൊയിലാണ്ടി: ജനങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച ജനകീയനായ നേതാവ്, അതായിരുന്നു ഞാന്‍ നേരിട്ടറിഞ്ഞ ഉമ്മന്‍ചാണ്ടി. പുലര്‍ച്ചെ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ മനസില്‍ ആദ്യം ഓര്‍ത്തത് അദ്ദേഹത്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങളാണ്. കോണ്‍ഗ്രസിലെ ഉന്നത നേതാവിന്റെയോ മുഖ്യമന്ത്രി പദമടക്കമുള്ള പദവികള്‍ അലങ്കരിച്ചതിന്റെയോ അധികാരങ്ങള്‍ ഒട്ടും കാണിക്കാത്ത, അതിന്റെ ആനുകൂല്യങ്ങള്‍ ആഗ്രഹിക്കാത്ത താഴേക്കിടയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകനെപ്പോലും ചേര്‍ത്തുപിടിക്കുന്ന ഒരു നേതാവ്, അങ്ങനെയൊരു ഉമ്മന്‍ചാണ്ടിയെയാണ് ഞാന്‍ കണ്ടത്.

കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന യു. രാജീവന്‍ മാസ്റ്റര്‍ മരണപ്പെട്ട ദിവസം അതായത് 2022 മാര്‍ച്ച് 25നാണ് ഉമ്മന്‍ചാണ്ടി അവസാനമായി കൊയിലാണ്ടിയില്‍ എത്തിയത്. മുന്‍മുഖ്യമന്ത്രിയെന്ന നിലയിലുള്ള പൊലീസ് സുരക്ഷ വേണ്ട, വന്ന വിവരം പൊലീസിനെയൊന്നും അറിയിക്കേണ്ടെന്നും പറഞ്ഞിരുന്നു. സ്വന്തം കാറിലാണ് വന്നത്. ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് അദ്ദേഹത്തിന്റെ വാഹനത്തിന് മുമ്പിലായി പോയത്. രാജീവന്‍ മാസ്റ്ററുടെ കുടുംബത്തെ ആശ്വസിപ്പിച്ചതിനുശേഷം തൊട്ടടുത്ത മറ്റൊരു മരണവീടും സന്ദര്‍ശിച്ചായിരുന്നു മടക്കം.

പഴയകാല യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നാരായണേട്ടന്റെ ഭാര്യ മരിച്ച സമയത്ത് മേപ്പയ്യൂരിലെ ഇരിങ്ങത്ത് വന്നപ്പോഴാണ് അദ്ദേഹത്തെ അവസാനമായി നേരില്‍കണ്ടത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ആകെ ക്ഷീണിതനായിരുന്നു. കൈപിടിച്ചാണ് കാറിലേക്ക് കയറ്റിയത്. കൊയിലാണ്ടിയില്‍ നിന്നും അദ്ദേഹത്തിനൊപ്പം മരണവീട് സന്ദര്‍ശിച്ച് തിരിച്ച് അദ്ദേഹത്തെ ട്രെയിനില്‍ കയറ്റിയശേഷമാണ് ഞാന്‍ മടങ്ങിയത്.

ഇത്രയേറെ ജനകീയ ബന്ധമുള്ള ഒരു നേതാവിനെ കാണാന്‍ കഴിയില്ല. ജനസമ്പര്‍ക്ക പരിപാടികളിലൂടെയും മറ്റും അദ്ദേഹം ആളുകളുമായി ഏറ്റവും അടുത്തു, അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിഞ്ഞ്, അതിന് പരിഹാരം കണ്ടു. ഏത് സാധാരണക്കാര്‍ക്കും എപ്പോള്‍ എന്ത് ആവശ്യത്തിനുവേണ്ടിയും സമീപിക്കാവുന്ന വ്യക്തിത്വം.

ഉമ്മന്‍ചാണ്ടിയെ ജനസമ്പര്‍ക്ക പരിപാടിയില്‍ ദുരിതാശ്വാസ നിധികള്‍ക്കുവേണ്ടിയുള്ള അപേക്ഷയുമായി സമീപിച്ച അനുഭവമുണ്ട്. പ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്തുകൊണ്ട് നല്‍കുന്ന അപേക്ഷകളില്‍ അപ്പപ്പോള്‍ തന്നെ തീരുമാനമെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി..

ഞാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് പ്രസിഡന്റായിരുന്ന സമയത്താണ് അദ്ദേഹം മുഖ്യമന്ത്രിയായത്. അക്കാലത്ത് തിരുവനന്തപുരത്ത് പോകമ്പോള്‍ കൊയിലാണ്ടി ഭാഗത്തെ ദുരിതാശ്വാസ നിധി അപേക്ഷകള്‍ ഞാന്‍ കൊണ്ടുപോകാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസില്‍ പോയാല്‍ ഞങ്ങള്‍ പറയുന്ന കാര്യം വിശ്വസിച്ച് അപ്പോള്‍ തന്നെ അതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ഏത് പരിപാടിക്ക് വരുമ്പോഴും എവിടെ വന്നാലും ആ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കൂടി. അസുഖമായ സമയത്ത് സംസാരിക്കാന്‍ ചെറിയ പ്രയാസമുണ്ടായിരുന്നെങ്കിലും എവിടെയും പോകാന്‍ മടി കാണിച്ചിരുന്നില്ല. കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ വേര്‍പാട് സൃഷ്ടിക്കുന്ന വിടവ് വളരെ വലുതായിരിക്കും. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായ കാലം മുതല്‍ അവസാന കാലത്തുവരെ അദ്ദേഹം ചെയ്ത ജനോപകാര പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകളിലൂടെ ഉമ്മന്‍ചാണ്ടി എന്നും ഓര്‍മ്മിക്കപ്പെടും.