എം.ഡി.എം.എ മുതല്‍ കറുപ്പ് വരെ, ലഹരിയില്‍ പുകഞ്ഞ് കൊയിലാണ്ടി; ആറുമാസത്തിനിടെ പൊലീസ് രജിസ്റ്റര്‍ ചെയ്തത് നൂറോളം കേസുകള്‍


കൊയിലാണ്ടി: കൊയിലാണ്ടിയെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി കൊയിലാണ്ടി പൊലീസ്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ പൊലീസ് നടത്തുന്ന പരിശോധനയില്‍ കുടുങ്ങുന്നത് ചെറുകിട ലഹരി ഉപഭോക്താക്കള്‍ മുതല്‍ വന്‍തോതില്‍ ലഹരി കച്ചവടം ചെയ്യുന്നവര്‍ വരെയാണ്.

2023 ഫെബ്രുവരി മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 85 നും 90 നും ഇടയില്‍ കേസുകളാണ് ലഹരി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് എന്‍.ഡി.പി.എസ് നിയമപ്രകാരം കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഏതാണ്ട് ഇത്ര തന്നെ പ്രതികള്‍ ഈ കസ്റ്റഡിയിലാവുകയും ചെയ്തിട്ടുണ്ട്. ചെറിയ അളവില്‍ കൈവശംവെച്ചവരുടെ പേരില്‍ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടുകയും മീഡിയം അളവിലും കച്ചവട ആവശ്യാര്‍ത്ഥവും കൈവശം വെച്ചവരെ റിമാന്‍ഡ് ചെയ്യുകയുമാണ് ചെയ്യുന്നത്.

റൂറല്‍ ജില്ലയിലെ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കൊയിലാണ്ടിയിലാണ്. ഇരുപത് പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കേസുകളില്‍ ഏറ്റവുമധികം കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടതാണ്. അന്‍പതോളം കേസുകളാണ് കഞ്ചാവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്.

മുപ്പതോളം കേസുകള്‍ എം.ഡി.എം.എ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടുള്ളതാണ്. പത്തുഗ്രാമോ അതിനുമുകളിലോ തൂക്കമുള്ള എം.ഡി.എം.എയാണ് പിടിച്ചെടുത്തതെങ്കില്‍ അത് കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍വരികയും പ്രതിയെ റിമാന്‍ഡ് ചെയ്യാവുന്നതുമാണ്. കറുപ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട ഒരു കേസും മറ്റുള്ളവ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടുള്ളതുമാണ്. പത്തിനും പതിനഞ്ചിനും ഇടയില്‍ വണ്ടികളും ലഹരി കടത്തുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ ഒരു കാറും ഒരു ഓട്ടോറിക്ഷയും ഒഴികെ ബാക്കിയെല്ലാം ബൈക്കാണ്. എന്‍.ഡി.പി.എസ് നിയമപ്രകാരം കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ നിയമപ്രകാരം ലേലം ചെയ്യുകയാണ് ചെയ്യുന്നത്.


Also Read: രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ പ്രതികള്‍ കാറിലിരുന്ന് ലഹരി ഉപയോഗിക്കുന്നു; കീഴരിയൂരില്‍ വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


 

ലഹരിയെത്തുന്നത് പലവഴിയില്‍:

കൊയിലാണ്ടിയിലേക്ക് ലഹരിയെത്തുന്നത് പല ഭാഗങ്ങളില്‍ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍ മുതല്‍ ബംഗളുരുവില്‍ നിന്നുവരെ ലഹരി വസ്തുക്കള്‍ ഇവിടേക്ക് എത്തുന്നുണ്ട്. അടുത്തിടെയായി ഉത്തരേന്ത്യയില്‍ നിന്നുമെത്തിയ അതിഥി തൊഴിലാളികളില്‍ നിന്നും വലിയ തോതില്‍ ലഹരി വസ്തുക്കള്‍ പിടികൂടുന്ന സംഭവങ്ങളുമുണ്ട്.

കൊയിലാണ്ടിയുടെ ഇന്ന മേഖലയെന്നില്ല, ഒട്ടുമിക്ക ഇടങ്ങളിലും ലഹരി സംഘങ്ങള്‍ വ്യാപകമാണ്. നന്തി, അരിക്കുളം, പെരുവട്ടൂര്‍, കാപ്പാട് ബീച്ച് എന്നിങ്ങനെ ഒട്ടുമിക്ക ഇടങ്ങളിലും ശക്തമാണ്. ഇരുപതിനും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ കഞ്ചാവ് ഉപയോഗം വ്യാപകമായിട്ടുള്ളത്. പ്രായമായവരും ഉപഭോക്താക്കളായുണ്ട്. എം.ഡി.എം.എ വില്പന പ്രധാനമായും ചെറിയ കുട്ടികളെ അതായത് പതിനഞ്ച് മുതല്‍ ഇരുപതിനും ഇടയില്‍ പ്രായംവരുന്നവരെ ലക്ഷ്യമിട്ടാണ്. അടുത്തിടെ ലഹരി സംഘങ്ങള്‍ക്കെതിരെ പൊലീസ് പരിശോധന കര്‍ശനമായതോടെയും വില്‍പ്പനക്കാര്‍ പിടിയിലാകുന്ന സംഭവങ്ങള്‍ കൂടിയതോടെയും കുറേയൊക്കെ ലഹരി സംഘങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ലഹരി സംഘങ്ങളെ കുടുക്കുന്നത് പൊലീസിന്റെ അതീവ ജാഗ്രത:

കേരള വ്യാപകമായി ലഹരിക്കെതിരെ നടത്തുന്ന എന്‍.ഡി.പി.എസ് ഡ്രൈവിന്റെ ഭാഗമാണ് കൊയിലാണ്ടി പൊലീസിന്റെ ശക്തമായ പരിശോധന. എസ്.ഐ.അനീഷ് അടക്കമുള്ളവര്‍ ലഹരിയ്‌ക്കെതിരെ നടത്തുന്ന ഇടപെടല്‍ പ്രശംസനീയമാണ്. റൂറല്‍ എസ്.പി കറുപ്പുസ്വാമിയുടെ നേതൃത്വത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലയില്‍ ലഹരിയ്‌ക്കെതിരെ പൊലീസിന്റെ ശക്തമായ ഒരു ടീം രൂപപ്പെട്ടിട്ടുണ്ടെന്നും ഈ ടീമിന്റെ അക്ഷീണമായ പരിശ്രമത്തിന്റെ ഫലമായാണ് ജില്ലയില്‍ ലഹരി സംഘങ്ങള്‍ പിടിയിലാവുന്നതെന്നും എസ്.ഐ അനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ ഏത് സമയത്തും ലഹരിയ്‌ക്കെതിരെ ഇടപെടല്‍ നടത്താന്‍ സജ്ജരായ ഒരു സംഘമുണ്ട്. എസ്.പി മുതല്‍ സി.ഐ വരെയുള്ളവര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും അദ്ദേഹം പറയുന്നു.


Also Read: കൊയിലാണ്ടിയില്‍ ലഹരിവേട്ടയില്‍ പിടിയിലായത് രണ്ടുപേര്‍; പ്രതികളില്‍ നിന്ന് കണ്ടെടുത്തത് മാരക മയക്കുമരുന്നുകളായ എം.ഡി.എം.എയും ബ്രൗണ്‍ഷുഗറും


ലഹരി വസ്തുക്കളുമായി പിടിയിലാവുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ജനങ്ങള്‍ ഇതുസംബന്ധിച്ച് വിവരങ്ങള്‍ തരാന്‍ കൂടുതലായി മുന്നോട്ടുവരുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറയുന്നു. ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ആളുകള്‍ അത് പൊലീസിനെ അറിയിക്കാന്‍ മുമ്പത്തേക്കാള്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനെ സംബന്ധിച്ച് ലഹരി സംഘങ്ങളെ പിടികൂടുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. രാത്രിയിലാണ് ലഹരി വില്‍പ്പന കൂടുതല്‍. ഇത്തരം ആളുകളെ പിടികൂടാന്‍ മഫ്തിയിലാണ് പൊലീസ് പോകാറുള്ളത്. ഈ സമയത്ത് എല്ലാവിധ സജ്ജീകരണങ്ങോടെ പോയാല്‍ പ്രതികള്‍ തിരിച്ചറിയാനും രക്ഷപ്പെടാനും സാധ്യത ഏറെയാണ്. അതേസമയം, ഇത്തരം ആളുകളും ലഹരി അടിമകളും അക്രമവാസനയുള്ളവരുമായതിനാല്‍ പൊലീസുകാര്‍ ആക്രമിക്കപ്പെടാനും സാധ്യതയുണ്ട്. കൊയിലാണ്ടിയില്‍ പൊലീസ് ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഇക്കഴിഞ്ഞദിവസം ലഹരി പിടികൂടാനെത്തിയ എക്‌സൈസ് ജീവനക്കാര്‍ ആക്രമണത്തിന് ഇരയായിരുന്നു.

പൊലീസിന്റെയും എക്‌സൈസിന്റെയും ഇടപെടലിനൊപ്പം പൊതുജനങ്ങളും ശക്തമായ ബോധവത്കരണവുമുണ്ടെങ്കില്‍ കൊയിലാണ്ടിയെ ലഹരി വില്‍പ്പനയുടെ കേന്ദ്രമാക്കാനുള്ള ശ്രമങ്ങള്‍ തടയാനാവുമെന്ന കാര്യത്തില്‍ സംശയമില്ല.