രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ പ്രതികള്‍ കാറിലിരുന്ന് ലഹരി ഉപയോഗിക്കുന്നു; കീഴരിയൂരില്‍ വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


കീഴരിയൂര്‍: കീഴരിയൂരില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും എം.ഡി.എം.എ കണ്ടെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായത് കാറിലിരുന്ന് ലഹരി ഉപയോഗിച്ചുകൊണ്ടിരിക്കെ. കീഴരിയൂര്‍ പട്ടാംപുറത്ത് മീത്തല്‍ സനല്‍ (27), നടുവത്തൂര്‍ മീത്തലെ മാലാടി അഫ്‌സല്‍ (27) എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി പത്തരയോടെ കീഴരിയൂരിലെ സനലിന്റെ വീടിന് അടുത്തുവെച്ചായിരുന്നു സംഭവം. പൊലീസ് എത്തുമ്പോള്‍ പ്രതികള്‍ കാറിലിരുന്ന് ലഹരി ഉപയോഗിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്യുകയും എം.ഡി.എം.എ പിടിച്ചെടുക്കുകയുമായിരുന്നു. ലഹരി കണ്ടെടുത്ത കെ.എല്‍. 18 ഡി. 5681 എന്ന നമ്പറിലുള്ള കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 830 മിലിഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്നും പിടികൂടിയത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.വി.ബിജു. എസ്.ഐ.മാരായ അനീഷ് വടക്കയില്‍, എം.പി.ശൈലേഷ്, എസ്.സി.പി.ഒ.മാരായ ജലീഷ് കുമാര്‍, രഞ്ജിത് ലാല്‍, അജയ് രാജ്, റെയ്ഡില്‍ പങ്കെടുത്തത്.