ബാലുശേരിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ക്വാറി ജീവനക്കാരന്‍റെ ആക്രമണം; ന്യൂസ് 18 കേരളം റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും പരിക്ക്


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ ന്യൂസ് 18 വാര്‍ത്താ സംഘത്തിന് നേരെ ക്വാറിമാഫിയയുടെ ആക്രമണം. കോഴിക്കോട് ബ്യൂറോയിലെ സീനിയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് എസ്.വിനേഷ് കുമാര്‍, കാമറാമാന്‍ ഷാഫി എന്നിവരെയാണ് ആക്രമിച്ചത്.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. വട്ടോളി ബസാര്‍ മലയിലകത്തോട്ടു ക്വാറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി പ്രദേശത്തെ വാര്‍ഡ് മെമ്പറോടൊപ്പം പോകവെ ക്വാറിയുടെ മേല്‍നോട്ട ചുമതല വഹിക്കുന്ന രാജന്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ക്യാമറ പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ഇയാള്‍ ക്യാമറാമാനെ മര്‍ദ്ദിക്കുകയും ഇത് ചോദ്യം ചെയ്ത തന്നെയും ആക്രമിക്കുകയായിരുന്നെന്ന് വിനേഷ് കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ബഹളം കേട്ട് കൂടുതല്‍ പ്രദേശവാസികള്‍ സ്ഥലത്തെത്തിയതോടെ ഇയാള്‍ സ്ഥലം വിടുകയായിരുന്നെന്നും വിനേഷ് പറഞ്ഞു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും.

വീഡിയോ കാണാം: