‘വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചുരൂപയാക്കണം, കണ്‍സെഷന് പ്രായപരിധി വെയ്ക്കണം’; ജൂണ്‍ ഏഴുമുതല്‍ സമരം പ്രഖ്യാപിച്ച് സ്വകാര്യബസ് ഉടമകള്‍


തിരുവനന്തപുരം: അടുത്തമാസം ഏഴുമുതല്‍ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യബസ് ഉടമകള്‍. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യബസുകളുടെയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ഥി കണ്‍സെഷന് പ്രായപരിധി നിശ്ചയിക്കുക അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സമരം.

വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചുരൂപയാക്കണം. യാത്രക്കാരുടെ ചാര്‍ജിന്റെ പകുതി വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കണം. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യബസുകളുടെയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കണം. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ കാര്‍ഡുകള്‍ കുറ്റമറ്റതാക്കണം. കണ്‍സെഷന്‍ നല്‍കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പ്രായപരിധി വെയ്ക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി നാളെ തന്നെ ബസുടമകള്‍ സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കും. 12 ഓളം ബസുടമകളുടെ സംഘടനകളുടെ കോര്‍ഡിനേഷനായ സംയുക്ത സമര സമിതിയാണ് സമരം പ്രഖ്യാപിച്ചത്. ഇവരുടെ കീഴില്‍ 7000 ബസുകള്‍ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്.