കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ മൂന്നു വര്‍ഷം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 473 കോടി രൂപയുടെ നവീകരണ പദ്ധതി നാളെ പ്രഖ്യാപിക്കും


കോഴിക്കോട്: മലബാറിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായുള്ള പദ്ധതി നാളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി പ്രഖ്യാപിക്കുക. കിറ്റ്‌കോ തയ്യാറാക്കിയ 473 കോടി രൂപയുടെ സ്റ്റേഷന്‍ നവീകരണ പദ്ധതിയാണ് പ്രധാനമന്ത്രി നാളെ പ്രഖ്യാപിക്കുക.

പ്രധാനമന്ത്രി തിരുവനന്തപുരത്ത് പദ്ധതി പ്രഖ്യാപിക്കുന്ന സമയത്ത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, മേയര്‍ ബീന ഫിലിപ്പ്, എം.കെ.രാഘവന്‍ എം.പി തുടങ്ങിയവര്‍ പങ്കെടുക്കും. പദ്ധതി മൂന്നുവര്‍ഷംകൊണ്ട് യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിദിനം 19.22 ലക്ഷംരൂപ വരുമാനമുള്ള സ്റ്റേഷനാണ് 71,000 യാത്രക്കാര്‍ ആശ്രയിക്കുന്ന കോഴിക്കോട്. നവീകരണപദ്ധതി പൂര്‍ത്തിയാവുന്നതോടെ റെയില്‍വേ സ്റ്റേഷന്റെ മുഖച്ഛായതന്നെ മാറുമെന്ന് എം.കെ. രാഘവന്‍ എം.പി പത്രസമ്മേളനത്തില്‍ പറഞ്ഞു.

2009 ല്‍ യു.പി.എ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയുടെ രണ്ടാംഘട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വലിയ നഗരങ്ങളെപ്പോലും പിന്തള്ളിയാണ് പദ്ധതി കോഴിക്കോടിന് ലഭിച്ചത്. സ്റ്റേഷന്റെ അന്താരാഷ്ട്രപദവിയും വികസനപ്രവര്‍ത്തനവും തടസ്സപ്പെടുത്താന്‍ വിവിധ കാലങ്ങളില്‍ സംഘടിതശ്രമം ഉണ്ടായെന്ന് എം.കെ.രാഘവന്‍ പറഞ്ഞു.

കിറ്റ്കോ ഡി.പി.ആര്‍ സമര്‍പ്പിച്ചപ്പോഴേക്കും 2014-ല്‍ കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടായി. പിന്നീട് വന്ന സര്‍ക്കാര്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള സ്റ്റേഷനുകളുടെ എണ്ണം 100 ല്‍ നിന്ന് 400 ആയി വര്‍ധിപ്പിച്ചു. അതില്‍നിന്ന് ആദ്യം 23 സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തപ്പോള്‍ ദക്ഷിണ റെയില്‍വേയുടെ കീഴില്‍ ചെന്നൈയും കോഴിക്കോടും മാത്രമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യാനായാണ് പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് എത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡ് വരെയാണ് കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വ്വീസ് നടത്തുക. ഏകദേശം എട്ട് മണിക്കൂര്‍ സമയമാണ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് എത്താനായി വന്ദേഭാരത് എടുക്കുക.


English Summery: Prime minister Narendra Modi will announce 473 crore project to upgrade Kozhikode railway station to international standard.