ബി.ടെക് സ്‌പോട്ട് അഡിമിഷന്‍ നാളെ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (29/11/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (29/11/22) അറിയിപ്പുകൾ വായിക്കാം
ഗതാഗതം നിരോധിച്ചു
എകരൂല്‍-വീരേമ്പ്രം (കരുമല വില്ലേജ് ഓഫീസ്-കത്തിയണക്കാംപാറ) റോഡില്‍ ചെയിനേജ് 0 /840 മുതല്‍ ചെയിനേജ് 1/283 വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (നവംബര്‍ 30) വരെ റോഡില്‍ ഗതാഗത നിയന്ത്രണം തുടരും. ഇതുവഴിയുള്ള ഗതാഗതം ഉപ്പുംപെട്ടി-പാറക്കല്‍ റോഡ്, കരുമല-അംഗനവാടി എന്നീ റോഡുകള്‍ വഴി തിരിച്ചുവിട്ടതായി പിഐയു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
മത്സരത്തിന് ഭാഷ ഒരു പ്രശ്നമല്ല; കന്നടയിൽ കത്തിക്കയറി ആരാധ്യ, നേടി ഒന്നാം സ്ഥാനം
പ്രസംഗം എന്നും ഒരു ഹരമാണ് ആരാധ്യയ്ക്ക്. ഭാഷയൊരു പ്രശ്നമല്ല. നീട്ടിയും കുറുക്കിയും, അംഗവിക്ഷേപങ്ങളോടു കൂടിയും ആരാധ്യ വേദിയിൽ കത്തിക്കയറിയപ്പോൾ സദസ്യരൊന്നടങ്കം ആവേശത്തിലായി.
കന്നട ഭാഷയിലെ പ്രസംഗ മത്സരത്തിൽ തോടന്നൂർ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ആരാധ്യ, ജില്ലാ കലോത്സവത്തിലും കന്നട പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
കീഴൽ ദേവിവിലാസം യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആരാധ്യ. ഏതു വിഷയം കൊടുത്താലും എളുപ്പം പഠിച്ച് ആകർഷകമായി അവതരിപ്പിക്കുന്നതിൽ ആരാധ്യക്കുള്ള കഴിവ് വളരെ മികവുറ്റതാണ്. വിവിധ കലാമത്സരങ്ങളിൽ സബ് ജില്ലയിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്. മുടപ്പിലാവിൽ തെക്കേ എടോളി രാമചന്ദ്രന്റേയും വിനീതയുടേയും മകളാണ്.
കലോത്സവത്തിൽ ‘പുസ്തകങ്ങളുടെ മണം’ വേറിട്ട ദൃശ്യാവിഷ്ക്കാരമായി
കലോത്സവത്തിൽ യു.പി വിഭാഗം നാടക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ. സ്കൂളിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ‘പുസ്തകങ്ങളുടെ മണം’ വേറിട്ട ദൃശ്യാവിഷ്ക്കാരമായി. ഓരോ രംഗവും നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.
കുട്ടികളുടെ ജീവിതത്തിലേക്ക് കടന്നു വന്ന മൊബൈൽ ഫോൺ എന്ന വില്ലനെക്കുറിച്ചും അവർക്ക് നഷ്ടമാകുന്ന വായനയുടെ ലോകത്തെക്കുറിച്ചും നാടകം പറഞ്ഞു വയ്ക്കുന്നു. വായന ഏറെ ഇഷ്ടപ്പെടുന്ന ഒരു കള്ളന്റെ കഥയിലൂടെ വായനയുടെ പ്രാധാന്യത്തെ തുറന്നു കാട്ടുകയായിരുന്നു നാടകം.
സ്വതന്ത്രമായ ചിന്തകൾക്കും അനുഭവങ്ങൾക്കും അവസരം നിഷേധിച്ചു കുട്ടികളെ നിയന്ത്രിക്കാൻ മുതിർന്നവർ ഒരുക്കിവെക്കുന്ന വേലിക്കെട്ടുകൾ നാടകം പരിഹസിക്കുന്നുമുണ്ട്.
ചന്ദ്രമ ആർ.എസ്, മിലോവ് എം.എ, വേദ വിനോദ്, വൈഗ, ദ്രുപത്.എസ്, ആരാധ്യ എൻ.പി ,ആഷ്മിയ. പി ,ശിവലക്ഷ്മി ബി, യാഷിൻ റാം സി.എം, ഗുരുപ്രണവ് എസ് എന്നീ വിദ്യാർത്ഥികളാണ് വേദിയിൽ നിറഞ്ഞാടിയത്.
കേരള നിയമ സഭയുടെ പിന്നോക്ക സമുദായ ക്ഷേമം: നാളെ (നവംബർ 30 ന്) യോഗം ചേരും
കേരള നിയമ സഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി നാളെ (നവംബർ 30 ന്) രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. യോഗത്തിൽ സർക്കാർ സർവ്വീസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങളിൽ പിന്നോക്ക സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും, അവർ നേരിടുന്ന വിദ്യാഭ്യാസ, സാമൂഹ്യപരമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും പിന്നോക്ക സമുദായത്തിൽപ്പെട്ട വ്യക്തികളിൽ നിന്നും സംഘടനാ ഭാരവാഹികളിൽ നിന്നും ഹർജികളും നിവേദനങ്ങളും സ്വീകരിക്കും.
ഇതു സംബന്ധിച്ച് പിന്നോക്ക വിഭാഗ വികസനം, പട്ടികജാതി പട്ടികവർഗ വികസനം, ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, റവന്യൂ, സാമൂഹ്യനീതി, തൊഴിലും നൈപുണ്യവും, ആരോഗ്യ കുടുംബക്ഷേമം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി യോഗത്തിൽ ചർച്ച നടത്തും.
ആസാദി കാ അമൃത് മഹോത്സവ് പ്രദർശനം സമാപിച്ചു
രാഷ്ട്ര സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോംട്രസ്റ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അഞ്ച് ദിവസത്തെ പ്രദർശന, ബോധവത്കരണ പരിപാടി സമാപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദർശനം, വിവിധ വകുപ്പുകളുടെ സേവനങ്ങൾ വിവരിക്കുന്ന സ്റ്റാളുകൾ, ബോധവത്കരണ ക്ലാസുകൾ തുടങ്ങി നിരവധി പരിപാടികൾ ഇതോടനുബന്ധിച്ച് നടത്തിയിരുന്നു.
കോവിഡാനന്തര കാലത്ത് കുട്ടികൾ നേരിടുന്ന മാനസിക, ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് സെമിനാറും ബാങ്കുകൾ നടത്തുന്ന സ്വയം തൊഴിൽ പരിശീലന പരിപാടികൾ പരിചയപ്പെടുത്തുന്ന ക്ലാസ്സും നടന്നു. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വയനാട്, കണ്ണൂർ, പാലക്കാട് ഓഫീസുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അഞ്ചു ദിവസമായി നടന്ന പ്രദർശനത്തിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പും പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ ആധാർ പുതുക്കൽ സ്റ്റാളും ജനശ്രദ്ധ ആകർഷിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിലെ പ്രമുഖ വ്യക്തികളെ കുറിച്ചുള്ള പ്രദർശന സ്റ്റാളും നിരവധി പേർ സന്ദർശിച്ചു.
ആസാദി കാ അമൃത് മഹോത്സാവിന്റെ ഭാഗമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രത്യേക ബോധവത്കരണ പരിപാടികളിൽ ആദ്യത്തേതാണ് കോഴിക്കോട് സംഘടിപ്പിച്ചത്.
മാധ്യമ രംഗത്തെ സ്ത്രീ വിഷയങ്ങള്‍ സംസാരിച്ച് ‘പെണ്‍പാതി’ ജില്ലാതല സെമിനാര്‍
കേരള വനിതാ കമ്മീഷനും കാലിക്കറ്റ് പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ‘പെണ്‍പാതി’ ജില്ലാ തല സെമിനാര്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ പി.സതീദേവി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ പൊതുബോധ നിര്‍മ്മിതിയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന നാലാം തൂണാണ് മാധ്യമമെന്നും തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ,സമത്വം എന്നിവ സംബന്ധിച്ച മികച്ച ധാരണകള്‍ പൊതുബോധത്തിലെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണമെന്നും സതീദേവി പറഞ്ഞു.
സമൂഹത്തില്‍ അഭിമാനബോധത്തോടെയും അന്തസോടെയും ആത്മവിശ്വാസത്തോടെയും സ്ത്രീകള്‍ക്ക് പ്രവൃത്തിക്കാനാവുമെന്ന ധാരണ പകര്‍ന്നു നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണമെന്നും അത്തരത്തിലുള്ളതാവട്ടെ മാധ്യമപ്രവര്‍ത്തനമെന്നും സതീദേവി പറഞ്ഞു. ഓരോ തൊഴില്‍ മേഖലയിലുമുള്ള സ്ത്രീ പങ്കാളിത്ത അവസ്ഥയെകുറിച്ച് വളരെ ഗൗരവപൂര്‍വ്വം വീക്ഷിക്കേണ്ട കാലത്ത് മാധ്യമ ലോകത്തെ സ്ത്രീസാന്നിധ്യവും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടണം. മാധ്യമരംഗത്തെ സ്ത്രീ സുരക്ഷ, സമത്വ സമീപനത്തെകുറിച്ച് പലപ്പോഴായി വനിതാ കമ്മീഷന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപത്തിനും അപമാനങ്ങള്‍ക്കും ഇടയാവുന്ന സഹോദരിമാര്‍ വനിതാ കമ്മീഷനു മുമ്പാകെ പരാതികളുമായി വരുമ്പോള്‍ നമ്മുടെ പൊതുബോധത്തിലെ സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകളാണ് പ്രകടമാവുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൃത്യമായ സ്ത്രീപക്ഷ കാഴ്ചപ്പാട് ഉണ്ടാവണമെന്നും അത് ജനങ്ങളിലെത്തിക്കുന്നതിന് മുന്‍കൈയെടുക്കണമെന്നും അവര്‍ പറഞ്ഞു.
‘വുമണ്‍സ് സ്‌പേസ് ഇന്‍ മീഡിയ’ എന്ന വിഷയത്തില്‍ അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് എം.ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. ‘തൊഴിലിടങ്ങളിലെ ലിംഗ സമത്വവും മാധ്യമനിയമങ്ങളും’ എന്ന വിഷയത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറും അഡീഷണല്‍ ഗവ. പ്ലീഡറുമായ അഡ്വ. പി.എം ആതിര സംസാരിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത വിഷയാവതരണം നടത്തി. കാലിക്കറ്റ് പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് രജി ആര്‍. നായര്‍ ചര്‍ച്ച നിയന്ത്രിച്ചു. വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ ആശംസ അറിയിച്ചു. വനിതാ കമ്മിഷന്‍ പി.ആര്‍.ഒ ശ്രീകാന്ത് എം ഗിരിനാഥ്, പ്രോജക്ട് ഓഫീസര്‍ ദിവ്യ, കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാഗേഷ് എന്നിവര്‍ സന്നിഹിതരായി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി സ്വാഗതവും കാലിക്കറ്റ് പ്രസ്‌ക്ലബ് ജോയിന്റ് സെക്രട്ടറി ടി. മുംതാസ് നന്ദിയും പറഞ്ഞു. മാധ്യമരംഗത്ത് നിന്നുള്ളവരും മാധ്യമ പഠന വിദ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കെടുത്തു.
അറിയിപ്പുകൾ
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ടൂറിസം വകുപ്പിന് കീഴിലുളള ഭട്ട് ബ്ലിസ് പാര്‍ക്കില്‍ 2000 ലിറ്റര്‍ വാട്ടർടാങ്ക് സ്ഥാപിക്കാനുളള സ്ട്രക്ചര്‍ നിര്‍മ്മിക്കുന്നതിന് വിവിധ ഏജൻസികൾ/വ്യക്തികൾ എന്നിവരിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2720012, www.dtpckozhikode.com
അപേക്ഷ ക്ഷണിച്ചു
കടലുണ്ടി ഖാദി നെയ്ത്ത് കേന്ദ്രത്തിൽ 20 വനിതകള്‍ക്ക് പരിശീലനം നല്‍കുന്നതിന് ഖാദി നെയ്ത്ത് പരിശീലകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം ഒന്ന്. ആറ് മാസത്തേക്കാണ് നിയമനം. അപേക്ഷകര്‍ ഖാദി കമ്മീഷന്റെ ഒരു മാസത്തെ ഖാദി കാര്യകര്‍ത്താ കോഴ്‌സ് ന്യൂ വീവേഴ്‌സ് ട്രെയിനിംഗ് കഴിഞ്ഞവരും കുപ്പടം നെയ്ത്തില്‍ 5 വര്‍ഷം പരിചയവും പരിശീലനം നല്‍കുവാന്‍ കഴിയുന്നവരുമായിരിക്കണം. അപേക്ഷകൾ ഡിസംബര്‍ 10 ന് മുമ്പായി വ്യവസായ വികസന ഓഫീസര്‍, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, മാത്തറ, കോഴിക്കോട് എന്ന വിലാസത്തില്‍ അയക്കുക.
അഡ്മിഷന്‍ ആരംഭിച്ചു
കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ അംബേദ്കര്‍ ബില്‍ഡിങ്ങില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങള്‍ക്ക് 0495 2301772, 9847925335
കാര്‍ഷിക യന്ത്ര പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുന്നു
കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ കാര്‍ഷിക യന്ത്ര പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ പരിശീലനം നല്‍കുന്നു. സംസ്ഥാനത്തെ ഓരോ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന തൊഴില്‍ രഹിതരായ ഐടിഐ/ വി എച്ച് എസ് ഇ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, ഡീസല്‍ മെക്കാനിക്, മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷീനറി, മെക്കാനിക്കല്‍ സര്‍വീസിങ് ആന്‍ഡ് അഗ്രോമെഷീനറി, ഫാം പവര്‍ എന്‍ജിനീയറിങ്, മെക്കാനിക്ക് ട്രാക്ടര്‍ എന്നീ ട്രേഡില്‍ കോഴ്‌സ് പാസായവര്‍ക്കാണ് പരിശീലനം. പ്രായപരിധി 18 -35 വയസ്സ്. താല്‍പര്യമുള്ളവര്‍
ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് മുന്‍പായി കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്റെ [email protected] എന്ന ഇമെയില്‍ വഴി അപേക്ഷകള്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281200673
ആട് വളര്‍ത്തലില്‍ പരിശീലനം
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ ആറ്, ഏഴ് തിയ്യതികളിൽ ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഡിസംബര്‍ അഞ്ചിന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2763473
ബി.ടെക് സ്‌പോട്ട് അഡിമിഷന്‍
കോഴിക്കോട് എഞ്ചിനിയറിംഗ് കോളേജിൽ ബി.ടെക് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ (നവംബര്‍ 30) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പത്ത് മണിക്ക് ശേഷം അപേക്ഷ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.geckkd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.