മില്‍ക്ക് ഷെഡ് വികസന പദ്ധതി (എംഎസ് ഡിപി) നടപ്പിലാക്കാന്‍ താല്പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (24/09/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
അപേക്ഷ ക്ഷണിച്ചു
ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി 2022-2023 മില്‍ക്ക് ഷെഡ് വികസന പദ്ധതി (എംഎസ് ഡിപി) നടപ്പിലാക്കാന്‍ താല്പര്യമുളളവരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ 20 വരെ ക്ഷീര വികസന വകുപ്പിന്റെ https:ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്തു അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടാം.
അപേക്ഷ ക്ഷണിച്ചു
കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി കൃഷി സിംചായി യോജന (പി.എം.കെ.എസ്.വൈ) പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സബ്സിഡിയോടുകൂടി
സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതിച്ചെലവിന്റെ അനുവദനീയ തുകയുടെ 55 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് 45 ശതമാനവും പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7034832093, 9446521850, 9495032155, 947411709.
വൺ ടൈം വരിഫിക്കേഷൻ
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (SR for SC/ST &ST ) (കാറ്റഗറി നമ്പര്‍ 338/2020) തസ്തികയിലേക്ക് 2022 ഓഗസ്റ്റ് 24നു പ്രസിദ്ധീകരിച്ച സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ഒ.ടി.വി പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി വണ്‍ ടൈം വെരിഫിക്കേഷന്‍ സെപ്റ്റംബർ 28നു ജില്ലാ പിഎസ് സി ഓഫീസില്‍ വെച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കളര്‍ സ്‌കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യണം. വെരിഫിക്കേഷന്‍ ദിവസം ഐഡി പ്രൂഫ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം പിഎസ് സി യുടെ ജില്ലാ ഓഫീസിലോ തൊട്ടടുത്ത ജില്ലാ പിഎസ് സി ഓഫീസുകളിലോ നേരിട്ട് ഹാജരാകേണ്ടതാണ്.
ഭാഗിക ഗതാഗത നിയന്ത്രണം
കോഴിക്കോട് ബാലുശ്ശേരി റോഡില്‍ ചേളന്നൂര്‍ ബ്ലോക്ക് ഓഫീസ് മുതല്‍ ബാലുശ്ശേരി മുക്ക് വരെ വിവിധ ഭാഗങ്ങളിലായി ബി.എം, ബിസി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബർ 27 മുതല്‍ പ്രവര്‍ത്തി തീരുന്ന വരെ ഈ റോഡിലുടെയുളള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു.
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ലാൻഡ് യൂസ് പ്ലാൻ അറ്റ് എൽ എസ് ജി എൽ ലെവൽ എന്ന പദ്ധതിയുടെ ഭൂവിനിയോഗ പ്ലാൻ തയ്യാറാക്കുന്നതിനാവശ്യമായ ഫീൽഡ് പഠനത്തിനും ഫീൽഡ് തലത്തിലെ അനുബന്ധ വിവരശേഖരണം നടത്തുന്നതിനും ലോക്കൽ റിസോഴ്സ് പേഴ്സനെ നിയമിക്കുന്നു. ഏതെങ്കിലും സയൻസ് വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം ൽ. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ 28നു വൈകുന്നേരം 5 മണി.
ജില്ലയിൽ ആധാർ – വോട്ടർ ലിങ്കിംഗ് ചെയ്തത് 4,22,858 പേർ
ജില്ലയിൽ ഇതുവരെ ആധാർ-വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചത് 4,22,858 പേർ. റെപ്രസന്റേഷന്‍ ഓഫ് ദ പീപ്പിള്‍സ് ആക്ട് 1951ല്‍ വരുത്തിയ ഭേദഗതി പ്രകാരം എല്ലാ വോട്ടര്‍മാര്‍ക്കും ആധാര്‍ നമ്പര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാവുന്നതാണ്.
കലക്ടറേറ്റ്, താലൂക്ക്, വില്ലേജ് തുടങ്ങി എല്ലാ ഓഫീസുകളിലും ആധാർ വോട്ടർ ഐഡി ലിങ്കിംഗ് ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ബിഎൽഒ മാർ വീടുകളിലെത്തി ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നുണ്ട്.
കോളേജുകള്‍, എസ് സി-എസ് ടി കോളനികള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവിടങ്ങളിലും ആധാര്‍ കാര്‍ഡ് ലിങ്കിംഗ് പുരോഗമിച്ചു വരികയാണ്.
എല്ലാ വോട്ടര്‍മാരും വോട്ടര്‍ ഹെല്‍പ് ലെെന്‍ ആപ്പ് മുഖേന ആധാർ – വോട്ടർ ലിങ്കിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. ആധാർ വോട്ടർ പട്ടിക ലിങ്കിംഗ് പൂർണ്ണമായും പൂർത്തിയാക്കിയ ബി.എൽ.ഒ മാരെ ജില്ലാ കലക്ടർ പ്രശസ്തിപത്രവും ഫലകവും നൽകി ആദരിച്ചിരുന്നു.
‘ നീരുറവ് ‘ നീര്‍ത്തട പദ്ധതിയുമായി കൂടരഞ്ഞി പഞ്ചായത്ത്
‘നീരുറവ് ‘സമഗ്ര നീര്‍ത്തട പദ്ധതിയുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സമഗ്ര നീര്‍ത്തട വികസനവും മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി പുനസ്ഥാപനവും നീര്‍ച്ചാലുകളുടെയും അവ ഉള്‍പ്പെടുന്ന നീര്‍ത്തടത്തിന്റെയും സമഗ്രവികസനവും ലക്ഷ്യമിടുന്ന പദ്ധതിയാണിത്.
പഞ്ചായത്തിലെ കൂട്ടക്കര നീര്‍ത്തട പ്രദേശത്താണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. പ്രദേശത്ത് നടപ്പിലാക്കാന്‍ കഴിയുന്ന പ്രവൃത്തികള്‍ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. ചെക്ക് ഡാമുകള്‍, കിണര്‍ റീചാര്‍ജ്, ഫലവൃക്ഷ കൃഷിയിടങ്ങള്‍, പുരയിടങ്ങളില്‍ മഴക്കുഴി നിര്‍മ്മാണം, മാലിന്യ സംസ്‌കരണം, ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കല്‍, വ്യക്തിഗത ആസ്തി വികസനത്തിനായി തൊഴുത്തുകള്‍, ആട്ടിന്‍ കൂടുകള്‍, കോഴിക്കൂടുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഒരുക്കും. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.
നീര്‍ത്തടത്തിലെ ചെറിയ നീര്‍ച്ചാല്‍ ശൃംഖലകള്‍ കണ്ടെത്തി ഓരോ നീര്‍ചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ നടത്തും. മണ്ണിനെയും ജലത്തെയും സംഭരിക്കാനും ജൈവസമ്പത്ത് വര്‍ധിപ്പിക്കുവാനും കാര്‍ഷികാഭിവൃദ്ധിയും ജനങ്ങളുടെ ജീവനോപാധിയും മെച്ചപ്പെടുത്തുന്നതിനും നീരുറവ നീര്‍ത്തട പദ്ധതിയിലൂടെ സാധ്യമാകും.
വന്യജീവി വാരാഘോഷം; മത്സരങ്ങളില്‍ പങ്കെടുക്കാം
ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വനം വകുപ്പ് സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാം. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി, വനവുമായി ബന്ധപ്പെട്ട യാത്രാവിവരണം, പോസ്റ്റര്‍ ഡിസൈനിങ്, ഷോര്‍ട്ട് ഫിലിം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. അവസാന തീയതി സെപ്റ്റംബര്‍ 30. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി: 9447979082 / 04712360762, പോസ്റ്റര്‍ ഡിസൈനിംഗ്: 9447979028, 0471 2529303, ഷോര്‍ട്ട് ഫിലിം: 9447979103, 0487 2699017, യാത്രാ വിവരണം (ഇംഗ്ലീഷ്, മലയാളം): 9447979071, 0497 2760394. കൂടുതല്‍ വിവരങ്ങള്‍ വനം വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
ന്യൂ ഇന്ത്യ ലിറ്റററി പ്രോഗ്രാം: കൺവെൻഷൻ നടത്തി
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ 15 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കാനുള്ള ന്യൂ ഇന്ത്യ ലിറ്റററി പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി വേളം ഗ്രാമപഞ്ചായത്ത് കൺവെൻഷൻ നടത്തി. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷനായി.
കുടുംബശ്രീ പ്രവർത്തകരുടെ സർവ്വേയ്ക്കു ശേഷം വാർഡ് അടിസ്ഥാനത്തിൽ പഠിതാക്കളെ കണ്ടെത്തിയാകും പദ്ധതി നടപ്പാക്കുക. 2023 ജനുവരി 23 ന് മികവുത്സവം നടത്തി പഠിതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും.
വിവിധ കാരണങ്ങളാൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതിരുന്ന ആളുകൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ദേശീയ സാക്ഷരത മിഷൻ നടപ്പാക്കുന്ന പദ്ധതിയാണ് ‘ന്യൂ ഇന്ത്യ ലിറ്ററസി’ പ്രോഗ്രാം.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ പി. സൂപ്പി, സറീന നടുക്കണ്ടി, സുമ മലയിൽ, ബ്ലോക്ക് സാക്ഷരതാ കോർഡിനേറ്റർ കെ.സി.രാജീവൻ, അസിസ്റ്റന്റ് സെക്രട്ടറി ടി.പി. അനീഷ് കുമാർ, സി.ഡി.എസ് ചെയർ പേഴ്സൺ കെ. തങ്കം , പ്രേരക് എം.വനജ തുടങ്ങിയവർ പങ്കെടുത്തു.
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: സംഘാടക സമിതി രൂപീകരിച്ചു
കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി കൂത്താളി പഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പ്രസിഡന്റ് കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്തു.
പരിപൂർണ്ണ സാക്ഷരത കൈവരിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദിവാസി വിഭാഗങ്ങൾ, ട്രാൻസ്ജൻഡർ-ക്വീയർ വിഭാഗങ്ങൾ, തീരദേശമേഖലയിലുള്ളവർ, ന്യൂനപക്ഷങ്ങൾ, കശുവണ്ടി ഫാക്ടറി തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കേണ്ടി വന്ന മുഴുവൻ പേർക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കും.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും വെെസ് പ്രസിഡന്റ് വെെസ് ചെയർമാനുമായി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു. ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, ആശവർക്കർമാർ, അങ്കണവാടി ടീച്ചർമാർ, എസ്.സി പ്രമോട്ടർ, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെട്ടതാണ് സംഘാടക സമിതി.
പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വാർഡ് സംഘാടക സമിതി യോഗം ചേരാനും ഒക്ടോബർ രണ്ടാം തിയ്യതി സർവ്വേ നടത്താനും തീരുമാനമായി.
യോഗത്തിൽ വെെസ് പ്രസിഡന്റ് അനൂപ് കുമാർ അധ്യക്ഷത വഹിച്ചു. നോഡൽ പ്രേരക് ഗോവിന്ദൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. പ്രേരക് മാരായ പി സത്യൻ സ്വാഗതവും പി.ആർ സ്മിത നന്ദിയും പറഞ്ഞു.
ഭിന്നശേഷി പുരസ്കാരം-2022ന് അപേക്ഷ ക്ഷണിച്ചു; ഇരുപത് മേഖലകളിൽ പുരസ്‌കാരങ്ങൾ
ഭിന്നശേഷിമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഭിന്നശേഷി പുരസ്കാരം-2022ന് ഇപ്പോൾ അപേക്ഷിക്കാം. മേഖലയുമായി ബന്ധപ്പെട്ട പരമാവധി പേരുടെ നാമനിർദ്ദേശങ്ങൾ പുരസ്‌കാരപരിഗണനക്ക് എത്തിക്കാൻ ശ്രമമുണ്ടാവണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അഭ്യർത്ഥിച്ചു. ഒക്ടോബർ പത്താണ് നാമനിർദ്ദേശം ജില്ലാ സാമൂഹ്യനീതി ഓഫീസിലോ സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ലഭിക്കേണ്ട അവസാന തിയ്യതി.
ഇരുപത് വിഭാഗങ്ങളിലാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച പൊതുമേഖലാ ജീവനക്കാർ, മികച്ച സ്വകാര്യമേഖലാ ജീവനക്കാർ, സ്വകാര്യമേഖലയിൽ ഏറ്റവും കൂടുതൽ മികച്ച എൻജിഒ സ്ഥാപനങ്ങൾ, മികച്ച മാതൃകാവ്യക്തി, മികച്ച സർഗാത്മക കഴിവുള്ള കുട്ടി, മികച്ച കായികതാരം, ദേശീയ/അന്തർദേശീയ പുരസ്‌കാരം നേടിയവർ, ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കിയ തൊഴിൽദായകർ, ഭിന്നശേഷിമേഖലയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, എൻജിഒ മുൻകയ്യിലുള്ള മികച്ച ഭിന്നശേഷി പുനരധിവാസകേന്ദ്രം, സാമൂഹ്യനീതി വകുപ്പിനു കീഴിലെ മികച്ച ഭിന്നശേഷിക്ഷേമസ്ഥാപനം, സർക്കാർ/സ്വകാര്യ/പൊതുമേഖല വിഭാഗങ്ങളിലെ ഭിന്നശേഷിസൗഹൃദ സ്ഥാപനം, സർക്കാർ വകുപ്പുകളിലെ മികച്ച ഭിന്നശേഷിസൗഹൃദ വെബ്സൈറ്റ്, മികച്ച ഭിന്നശേഷിസൗഹൃദ റിക്രിയേഷൻ സെന്ററുകൾ, ഭിന്നശേഷിജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായകമായ പദ്ധതികൾ/സംരംഭങ്ങൾ/ ഗവേഷണങ്ങൾ എന്നിവക്കെല്ലാം പുരസ്‌കാരത്തിന് നാമനിർദ്ദേശം നൽകാം.
നാമനിർദ്ദേശത്തോടൊപ്പം നിർദ്ദിഷ്ട മാതൃകയിൽ ആവശ്യമായ വിശദവിവരങ്ങളും ലഭ്യമാക്കണം. അതിനുള്ള മാതൃകയും കൂടുതൽ വിവരങ്ങളും ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും swd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും – വാർത്താക്കുറിപ്പിൽ അറിയിച്ചു.