ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (13/12/2022) 


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

തൊഴില്‍ പരിശീലനം നൽകാൻ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

നെഹ്‌റു യുവകേന്ദ്രയുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴില്‍ പരിശീലന പരിപാടി സ്‌കില്‍ ബേസ്ഡ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം നടത്തുവാന്‍ താല്‍പര്യമുള്ള സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ടാലി, മോബൈല്‍ ഫോണ്‍ റിപ്പയറിംഗ്, ബ്യൂട്ടീഷ്യന്‍ എന്നിവയാണ് കോഴ്‌സുകള്‍. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 17 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. മൂന്നു മാസമാണ് കോഴ്‌സ് കാലാവധി. പങ്കെടുക്കേണ്ടവരുടെ എണ്ണം:30. അനുവദിക്കുന്ന ആകെ തുക: 40000/.താല്‍പര്യമുള്ള സംഘടനകള്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ക്ലബ്ബ് ലെറ്റര്‍ പാഡിലെഴുതിയ അപേക്ഷ ഡിസംബര്‍ 17 നുള്ളില്‍ [email protected] എന്ന മെയിലിലേക്ക് അയയ്ക്കണം.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ

നരിക്കുനി ഗ്രാപഞ്ചായത്ത് മാറ്റിവെച്ച അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 19,20 തിയ്യതികളില്‍ നരിക്കുനി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ നേരത്തെ നല്‍കിയ ക്രമനമ്പര്‍ പ്രകാരം ഇന്റര്‍വ്യൂവിന് ഹാജരാകണം.

ആരോഗ്യവകുപ്പില്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വിശദ വിവരങ്ങള്‍ക്ക് ആരോഗ്യകേരളത്തിന്റെ (www.arogyakeralam.gov.in ) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യതയുളളവര്‍ ഡിസംബര്‍ 15 ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ഹെല്‍ത്ത് ഫാമിലി വെല്‍ഫയര്‍ ട്രെയിനിങ് സെന്റര്‍ , മലാപറമ്പ് ഓഫീസില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം എത്തിച്ചേരണമെന്ന് ജില്ലാ പോഗ്രാം മാനേജര്‍ അറിയിച്ചു.

ഡ്രീംവെസ്റ്റര്‍ മത്സരത്തിലേക്ക് ആശയങ്ങള്‍ സമര്‍പ്പിക്കാം

ആശയങ്ങളെ ഭാവിയ്ക്കുവേണ്ടി നിക്ഷേപിക്കുക എന്ന ലക്ഷ്യത്തില്‍ വ്യവസായ-വാണിജ്യ വകുപ്പ് യുവതി-യുവാക്കള്‍ക്കായി നടത്തുന്ന ഡ്രീംവെസ്റ്റര്‍ മത്സരത്തിലേക്ക് ആശയങ്ങള്‍ സമര്‍പ്പിക്കാം. ഡിസംബര്‍ 23 വരെ www.dreamvestor.in വെബ്‌സൈറ്റിലൂടെയാണ് പുത്തന്‍ ആശയങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ജൂറി തെരഞ്ഞെടുക്കുന്ന 20 സംരംഭകരില്‍ ഏറ്റവും മികച്ച ഒരാള്‍ക്ക് ഒന്നാം സമ്മാനമായി 500000/രൂപയും രണ്ടാം സമ്മാനമായി 300000 രൂപയും നല്‍കും. തെരഞ്ഞെടുക്കുന്ന 20 പേരില്‍ ഉള്‍പ്പെടുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കും. കൂടാതെ സംരഭകര്‍ക്ക് സര്‍ക്കാര്‍ ഇന്‍ക്യൂബേഷന്‍ കേന്ദ്രങ്ങള്‍ വഴി ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാങ്കേതിക- സാമ്പത്തിക സഹായവും നല്‍കും. മത്സരത്തിന് നാലു ഘട്ടങ്ങളാണുള്ളത്. 18-35 വയസ്സിന് ഇടയിലുള്ളവരായിരിക്കണം അപേക്ഷകര്‍. ഒരു മത്സരാര്‍ത്ഥി ഒരു ബിസിനസ് ആശയം മാത്രമേ സമര്‍പ്പിക്കാവൂ. നേരത്തേ അവാര്‍ഡുകള്‍ നേടിയ ആശയങ്ങള്‍ സമര്‍പ്പിക്കരുത്.

അപേക്ഷ ക്ഷണിച്ചു

സമൂഹത്തില്‍ ലിംഗ സമത്വത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി അവന്റ് ഗ്രേഡ്-2 കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിയില്‍ ലിംഗ പദവിയും നേതൃത്വവും എന്ന വിഷയത്തില്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ കോളേജുകളിലെ മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്റെ അവസാന തിയ്യതി ഡിസംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9846814689, 9074447658.

ദര്‍ഘാസ് ക്ഷണിച്ചു

കോഴിക്കോട് അര്‍ബന്‍ 1 ഐ സി ഡി എസ് കാര്യാലയത്തിനു കീഴിലുളള 133 അങ്കണവാടികളിലേക്ക് ഏകീകൃത നെയിം ബോര്‍ഡ് സ്ഥാപിക്കുന്നതിന് മുന്‍ പരിചയമുളള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. അടങ്കല്‍ തുക 3,99,000 രൂപ.ടെന്‍ഡര്‍ ഫോം വിതരണം ചെയ്യുന്ന അവസാന തീയതി ഡിസംബര്‍ 24 ഉച്ച്ക്ക് ഒരു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2702523, 8547233753

ത്രിദിന സെമിനാർ നടത്തി

കിലെയുടെ ആഭിമുഖ്യത്തിൽ ത്രിദിന സെമിനാർ സീരീസും എക്സിബിഷനും നടത്തി. തൊഴിൽ നിയമഭേദഗതിയും ഉയരുന്ന ആശങ്കകളും, തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം സാധ്യതകളും വെല്ലുവിളികളും, അരക്ഷിതരായ അസംഘടിത തൊഴിലാളി വർഗം എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു.

കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫ.ഡോ കവിത ബാലകൃഷ്ണൻ, കിലെ ഫാക്കൽറ്റിമാരായ സാബു പി, വർക്കിയച്ചൻ പെട്ട എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ഏളമരം കരീം എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ്, കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽതോമസ്, കിലെ പ്രോജക്റ്റ് കോ ഓഡിനേറ്റർ ജാസ്മി ബീഗം, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ടി കെ രാജൻ, പി.കെ. അനിൽകുമാർ, റിസർച്ച് കോ ഓർഡിനേറ്റർ ഡോ. റഫീക്ക ബീവി എം,വിവിധ സാമൂഹ്യ- രാഷ്ട്രീയ രംഗത്തെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക എസ്.ബി.ഐ ലോണ്‍ മേള ഡിസംബര്‍ 19 മുതല്‍ 21 വരെ

തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ലോണ്‍ മേള സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 21 വരെ കോഴിക്കോട് എസ്.ബി.ഐ. റീജിയണൽ ബിസിനസ് ബ്രാഞ്ചിലാണ് മേള. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.

പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്ബ്‌സൈറ്റായ www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നോര്‍ക്ക റൂട്‌സില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ക്ക് മാത്രമേ ലോണ്‍ മേളയില്‍ പങ്കെടുക്കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770 511, +91-7736 917 333 (വാട്‌സ്ആപ്പ്) എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമാണ് വായ്പാ മേള നടത്തുന്നത്. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.

തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് പദ്ധതി. പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകള്‍ വഴി ലഭ്യമാണ്. വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റില്‍ ലഭിക്കും.

‘മികവി’ന് കുറ്റ്യാടി പഞ്ചായത്തിൽ തുടക്കമായി

കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തുകളിൽ നടപ്പാക്കുന്ന മികവ് പദ്ധതിക്ക് കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

ശുചിത്വ പദ്ധതിയിൽ ഉൾപ്പെടുത്തിയ കമ്പോസ്റ്റ്, സോക്ക് പിറ്റ്, സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയ കാലിത്തൊഴുത്ത്, കോഴിക്കൂട്, അസോള ടാങ്ക്, വർക്ക് ഷെഡ്, അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തിയ വളയന്നൂർ ചിറ സംരക്ഷണം എന്നീ പ്രവൃത്തികളാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 59 ലക്ഷം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വീടുകളിലും കമ്പോസ്റ്റ്, സോക്ക് പിറ്റ് എന്നിവ സൗജന്യമായി നിർമ്മിച്ചു നൽകും. രണ്ടാം ഘട്ടത്തിൽ കുറ്റ്യാടിയിലെ സ്നേഹതീരം കളിസ്ഥലം 50 ലക്ഷം രൂപ ചെലവിൽ പുനർനിർമ്മിക്കും. പദ്ധതിയുടെ ഭാഗമായി 40 സ്ത്രീ തൊഴിലാളികൾക്ക് വിദഗ്ധ തൊഴിലെടുക്കാനുള്ള പരിശീലനം നൽകിയിട്ടുണ്ട്.

പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ പി.പി.ചന്ദ്രൻ, രജിത രാജേഷ്, ശോഭ കെ.പി, നിഷ.കെ, വാർഡ് കൺവീനർ പുരുഷു എൻ.പി, എഞ്ചിനീയർ കാർത്തിക എന്നിവർ പങ്കെടുത്തു.

”പടവുകൾ” ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

വിധവകളായ വനിതകളുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള വനിതാ ശിശു വികസന വകുപ്പിന്റെ ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതി’പടവുകൾ’ ലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന (എം.ബി.ബി.എസ്., എഞ്ചിനിയറിംഗ്, ബി.ഡി.എസ്, ബി. എച്ച്. എം.എസ്, ബി. എ. എം. എസ് എന്നിവയും, കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണൽ കോഴ്സുകളും) വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസും, ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ സ്ഥാപനം നിശ്ചയിച്ചിട്ടുള്ള ഹോസ്റ്റൽ ഫീസും, മെസ് ഫീസും നൽകുന്നു. സെമസ്റ്റർ ഫീസാണെങ്കിൽ വർഷം 2 തവണയും വാർഷിക ഫീസാണെങ്കിൽ ഒറ്റത്തവണയായും ധനസഹായം ലഭിക്കും. സർക്കാർ – സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവരും, സ്വാശ്രയ കോളേജുകളിൽ സർക്കാർ മെരിറ്റ് സീറ്റിൽ പഠിക്കുന്നവരും ആയിരിക്കണം.

സ്വാശ്രയ സ്ഥാപനങ്ങളിൽ സർക്കാർ മെരിറ്റ് സീറ്റുകളിൽ പ്രഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടിയവർക്ക് സഹായത്തിന് അർഹതയുണ്ട്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, സർക്കാരിന്റെ കീഴിലുള്ള സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള മറ്റ് പ്രൊഫഷണൽ കോളേജുകൾ എന്നിവയിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

കൂടുതൽ അപേക്ഷകളുള്ള പക്ഷം പ്രവേശന പരീക്ഷയുടെ മാർക്ക്, പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയുടെ മാർക്ക്, വാർഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിക്കും. പഠിക്കുന്ന സ്ഥാപനത്തിലെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് (ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ) എന്നിവ സംബന്ധിച്ച വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും തുക അടച്ചിട്ടുണ്ടെന്നുള്ളതും (തുക സഹിതം) അപേക്ഷകയുടെ സത്യവാങ്മൂലം സമർപ്പിക്കണം.

സർക്കാർ തലത്തിൽ നിന്നും മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കുന്നവർ ഈ ധനസഹായത്തിന് അർഹരല്ല. അങ്കണവാടി വർക്കർ ഹെൽപ്പർ, ആശാവർക്കർമാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ ഒഴികെയുള്ള സർക്കാർ ജീവനക്കാർ ഈ ആനുകൂല്യത്തിന് അർഹരല്ല. ധനസഹായം അപേക്ഷകയുടെ മാതാവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യും. ഒരു കുടുംബത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും.

www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. യൂസർ മാന്വലും ഈ വെബ് സൈറ്റിൽ ലഭ്യമാണ്.
ധനസഹായത്തിനുള്ള അപേക്ഷകൾ ഓൺലൈൻ വെബ് സൈറ്റ് വഴി മാത്രമാണ് സ്വീകരിക്കുക. ജനുവരി 31 വരെ അപേക്ഷകൾ സ്വീകരിക്കും.

പ്രൊഫഷണൽ കോഴ്സുകൾക്ക് സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുക എന്ന ഉദ്ദേശത്തോടെ 2018-19 വർഷം മുതൽ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പടവുകൾ. വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

നിയമബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
ദേശീയ വനിതാ കമ്മീഷന്റെ സഹകരണത്തോടെ നിയമബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി സബ്ബ് ജഡ്ജ് എം.പി ഷൈജൽ മുഖ്യാതിഥിയായി. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, ചൈത്രി വിജയൻ എന്നിവർ സംബന്ധിച്ചു.

സ്ത്രീ നിയമങ്ങൾ എന്ന വിഷയത്തിൽ അഡ്വക്കേറ്റ് രാജീവൻ മല്ലിശ്ശേരിയും, റൈറ്റ് ടു ഹെൽത്ത് എന്ന വിഷയത്തിൽ ഡോക്ടർ ജി രാജേഷ്, ഡോക്ടർ ബിനു ശങ്കർ എന്നിവർ ക്ലാസ് നയിച്ചു.
താലൂക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി ധനേഷ് വി സ്വാഗതം പറഞ്ഞു.
സി ഡി എസ് അംഗങ്ങൾ ,വുമൺ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, പാരാലീഗൽ വളണ്ടിയർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

കാലിക്കറ്റ് ഫ്ലവർ ഷോ: വേൾഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു

അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാലിക്കറ്റ് ഫ്ലവർ ഷോ 23 ന്റെ പ്രചരണത്തിന്റെ ഭാഗമായി വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. 2023 ജനുവരി 20 മുതൽ 29 വരെ ബീച്ച് പരിസരത്താണ് ഫ്ലവർ ഷോ സംഘടിപ്പിക്കുന്നത്. ‘കടലോരത്തൊരു പൂക്കടൽ’ എന്ന് പേരിട്ടിരിക്കുന്ന ഫ്ലവർ ഷോയുടെ പ്രചരണ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു.

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന്റെ മുൻവശം ബീച്ചിനോട് ചേർന്ന് തയ്യാറാക്കിയ ഫോട്ടോ ബൂത്തിൽ പതിപ്പിച്ച ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് എന്നിവയുടെ ക്യൂ ആർ കോഡ് വഴി ഫ്ലവർ ഷോ പേജ് ഫോളോ ചെയ്യുക. ഫോട്ടോ ബൂത്തിൽ നിന്ന് സെൽഫി എടുത്ത് കാലിക്കറ്റ് ഫ്ലവർ ഷോ എന്ന പേജിനെ ടാഗ് ചെയ്യുക. ഒപ്പം പേജിന്റെ ബയോ ലിങ്കിൽ ക്ലിക്ക് ചെയ്ത് വേൾഡ് കപ്പിൽ ആര് വിജയിക്കുമെന്ന് പ്രവചിക്കുക. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുന്ന വിജയിക്ക് സൗജന്യ മലേഷ്യൻ യാത്ര ടിക്കറ്റ് രണ്ടെണ്ണം സമ്മാനമായി ലഭിക്കും.

ചെക്യാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി: പ്രവർത്തനങ്ങൾക്ക് തുടക്കമായി

ചെക്യാട് ഗ്രാമപഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ചേർന്ന ജനറൽ ബോഡി യോഗം പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു.
അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണം, പുതിയ സംരംഭങ്ങൾക്ക് പിന്തുണ നൽകി തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തൽ, വയോജന പരിപാലനം, അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം, മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ തുടങ്ങിയ പദ്ധതികളും ആശയങ്ങളും യോഗം ചർച്ച ചെയ്തു.

യോഗത്തിൽ വികസന കാര്യ സമിതി ചെയർപേഴ്സൺ സി. എച്ച് സമീറ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ടി. കെ.ഖാലിദ് മാസ്റ്റർ, റംല കുട്ട്യാപ്പണ്ടി, വാർഡ് മെമ്പർമാർ, വിവിധ ഇംപ്ലിമേന്റേഷൻ ഓഫീസർമാർ, ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വേങ്ങേരി അഗ്രി ഫെസ്റ്റ്: പന്തല്‍ നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു

സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഡിസംബര്‍ 22 മുതല്‍ 31 വരെ വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ നടക്കുന്ന വേങ്ങേരി അഗ്രി ഫെസ്റ്റിന്റെ പന്തല്‍ നാട്ടല്‍ കര്‍മ്മം കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്‍ നിര്‍വ്വഹിച്ചു.

കോവിഡിന് ശേഷം ആദ്യമായാണ് വേങ്ങേരി അഗ്രി ഫെസ്റ്റ് പുനരാരംഭിക്കുന്നത്. കാര്‍ഷിക വിപണനവും പ്രദര്‍ശനവും, അമ്യൂസ്‌മെന്റ് പാര്‍ക്ക്, വാഹന പ്രദര്‍ശനം, വില്‍പ്പന, നാട്ടുചന്തകള്‍, കാര്‍ഷിക സെമിനാറുകള്‍, മത്സരങ്ങള്‍, പുഷ്പ-ഫല പ്രദര്‍ശനം, വിവിധ തരം അലങ്കാര മത്സ്യങ്ങള്‍, പക്ഷികള്‍, കുട്ടികള്‍ക്കുള്ള വിനോദ പരിപാടികള്‍ തുടങ്ങിയവ വിപണന കേന്ദ്രത്തിലുണ്ടാകും. കൂടാതെ ഒരോ ദിവസവും കലാപരിപാടികളും അരങ്ങേറും.

ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ നാരായണന്‍ കല്‍പകശ്ശേരി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി അബ്ദുല്‍ ഗഫൂര്‍, ട്രഷറര്‍ കെ.സി ഉദയന്‍, പോഗ്രാം കണ്‍വീനര്‍ രാകേഷ് ഗോപാല്‍, സെക്രട്ടരി രമാദേവി, അസിസ്റ്റന്റ് സെക്രട്ടറി അജയ് അലക്‌സ് എന്നിവര്‍ സംബന്ധിച്ചു. ചെയര്‍മാന്‍ കെ ജയന്‍ സ്വാഗതം പറഞ്ഞു.

തീവ്രപരിശീലന ക്ലാസ് സംഘടിപ്പിച്ചു

വളയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ, കലാകായിരംഗത്ത് മുന്നേറ്റം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിഷന്‍ വളയം പദ്ധതിയുടെ ഭാഗമായി എന്‍ എം എം എസ് പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തീവ്രപരിശീലന ക്ലാസ് സംഘടിപ്പിച്ചു.

വളയം ഗവ.ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ ഏഴ് ദിവസങ്ങളിലായി നടന്ന ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. വി.പി ശശിധരന്‍ അധ്യക്ഷനായി. ടി.പി പ്രകാശന്‍,സുനില്‍ മേപ്പയ്യൂര്‍,ഹമീദ് വൈഷ്ണ എന്നിവര്‍ ക്ലാസ്സുകൾക്ക് നേതൃത്വം നല്‍കി. ജനപ്രതിനിധികളായ എം.കെ അശോകന്‍, വി.കെ രവി, വിഷന്‍ വളയം പദ്ധതി കണ്‍വീനര്‍ പി പ്രശോഭ്, പ്രിന്‍സിപ്പാള്‍ മനോജ്കുമാര്‍, എം.കെ സുരേന്ദ്രന്‍, ലിനീഷ് സി, ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

നെൽവയൽ ഉടമസ്ഥർക്ക് റോയൽറ്റി ആനുകൂല്യം

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ നെൽകൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമസ്ഥർക്ക് ഹെക്ടറിന് 3000 രൂപ നിരക്കിൽ റോയൽറ്റി നൽകുന്നു. കൃഷി ചെയ്യുന്ന സ്ഥലം, ഭൂവിസ്തൃതി മുതലായ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക.

നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി ഉപയോഗമാക്കുകയും ചെയ്യുന്ന ഉടമകൾക്കാണ് സാധാരണ റോയൽറ്റി നൽകുന്നത്. നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂവുടമകൾക്കും, നെൽവയലുകളുടെ അടിസ്ഥാനസ്വഭാവ വ്യതിയാനം വരുത്താതെ ഹൃസ്യ കാല വിളകൾ കൃഷിചെയ്യുന്ന നില ഉടമകൾക്കും റോയൽറ്റിക്ക് അർഹതയുണ്ട്. നെൽ വയലുകൾ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകൾ, പ്രസ്തുത ഭൂമി നെൽകൃഷിക്കായി സ്വന്തമായോ, മറ്റു കർഷകർ, ഏജൻസികൾ മുഖേനയോ ഉപയോഗപ്പെടുത്തുമെന്ന അടിസ്ഥാനത്തിലും റോയൽറ്റി അനുവദിക്കും. തുടർന്ന് പ്രസ്തുത ഭൂമി തുടർച്ചയായി മൂന്നു വർഷം ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പിന്റെ അടിസ്ഥാനത്തിലും റോയൽറ്റി ലഭ്യമാകും. ഭൂമി തുടർച്ചയായി മൂന്ന് വർഷം തരിശായി കിടന്നാൽ റോയൽറ്റി ലഭിക്കില്ല. ഒരിക്കൽ ലഭിച്ചാൽ തുടർ വർഷവും ആനുകൂല്യം കിട്ടും.

റോയൽറ്റി ലഭ്യമാക്കാൻ നടപ്പ് സാമ്പത്തിക വർഷത്തെ നികുതി രസീത് അല്ലെകിൽ കൈവശാവകാശ സർട്ടിഫിക്കറ്റ്, ആധാർ ,ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, പാസ്സ്‌വേർഡ് ലഭിക്കുന്നതിലേക്കായി ഫോൺ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. കൃഷിക്കാർക്ക് വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായി ഓൺലൈനായും സമർപ്പിക്കാം.

സംരംഭക വർഷം പദ്ധതി: മനത്താനത്ത് ഫ്ലോർമിൽ പ്രവർത്തനമാരംഭിച്ചു

പാലേരിയിൽ മനത്താനത്ത് ഫ്ലോർമിൽ പ്രവർത്തനമാരംഭിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെ സംരംഭക വർഷം പദ്ധതിയുടെ ഭാ​ഗമായാണ് ഫ്ലോർമിൽ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയും വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനും ചേർന്നു സ്വിച്ചോൺ നിർവഹിച്ചു.

സംരംഭം തുടങ്ങുന്നതിനായി 5.6 ലക്ഷം രൂപയാണ് അനുവദിച്ചത്. 25 ശതമാനം സബ്സിഡി ലഭിക്കും. ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ്‌ മുഖേന സംസ്ഥാന സർക്കാരാണ് സംരംഭക വർഷം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നൂറിലധികം സംരംഭങ്ങളാണ് ചങ്ങരോത്ത് പഞ്ചായത്തിൽ ആരംഭിച്ചത്.

ചടങ്ങിൽ വൈസ് പ്രസിഡന്റ് ​ടി.പി റീന അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സത്യവതി, കേരള ഗ്രാമീൺ ബാങ്ക് മാനേജർ ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

ഐസിഎആര്‍ ഡയറക്ടര്‍ ചുമതലയേറ്റു

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിന്റെ പുതിയ ഡയറക്ടറായി ഡോ. ആര്‍ ദിനേശ് ചുമതലയേറ്റു. സോയില്‍ സയന്‍സിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായിരുന്നു. 30 വര്‍ഷത്തിലേറെ ഗവേഷണ പരിചയമുണ്ട്. മണ്ണിന്റെ ഫലഭൂയിഷ്ഠത, മണ്ണിന്റെ ജൈവരസതന്ത്രം, ഉഷ്ണമേഖലാ വനങ്ങള്‍ക്ക് കീഴിലുള്ള മണ്ണ്, കണ്ടല്‍ പരിസ്ഥിതി വ്യവസ്ഥകള്‍ എന്നി മേഖലയിലെ ഗവേഷണങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സസ്യ-സൂക്ഷ്മ ജീവികളുടെ മണ്ണിലെ ഇടപെടലുകള്‍, അവ പോഷക ചംക്രമണത്തിലും ഉപയോഗക്ഷമതയിലും വരുത്തുന്ന സ്വാധീനം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പുതിയ ഗവേഷണങ്ങള്‍ക്ക് വഴിതെളിച്ചു. എന്‍ക്യാപ്‌സുലേഷന്‍ (ബയോക്യാപ്‌സ്യൂളുകള്‍), മൈക്രോ ന്യൂട്രിയന്റുകള്‍, പിജിപിആര്‍ ഫോര്‍മുലേഷനുകള്‍ സസ്യങ്ങളില്‍ എത്തിക്കാനുള്ള കണ്ടുപിടിത്തത്തില്‍ പങ്കാളിയാണ്. ഇതില്‍ ആറ് ഫോര്‍മുലേഷനുകള്‍ക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ നാഷണല്‍ അക്കാഡമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിന്റെ ഫെലോയാണ്. നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗത്വ ക്യാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം ഡിസംബര്‍ 14 ന്

കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി അംഗത്വ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബര്‍ 14 ന് കോഴിക്കോട് നടക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എം.പി.അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും.

ചടങ്ങിൽ എളമരം കരീം എം.പി വിവിധ ധനസഹായങ്ങൾ വിതരണം ചെയ്യും. പി.ടി.എ. റഹീം എം.എല്‍.എ അംഗത്വ ഫോറത്തിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിക്കും.

അപേക്ഷ ക്ഷണിച്ചു

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റ് സീസണ്‍ 2 ന്റെ ഭാഗമായി ഡിങ്കി ബോട്ട് റേസ്, സ്റ്റാന്‍ഡപ്പ് പാഡലിംഗ്, കയാക്ക്, ബാംബു റാഫ്റ്റ്, വല വീശല്‍, ചൂണ്ടയിടല്‍, ട്രഷര്‍ ഹണ്ട് എന്നീ ജല കായിക മത്സരങ്ങളിലേക്ക് പങ്കെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ [email protected] എന്ന മെയില്‍ ഐഡിയിലേക്കും ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് സംഘാടക സമിതി ഓഫീസിലും (ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഓഫീസ് ബേപ്പൂര്‍, ജങ്കാറിന് സമീപം) സ്വീകരിക്കുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20 വൈകുന്നേരം അഞ്ചു മണി.

ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ്- പൊതുജനങ്ങള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം

ഡിസംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ‘ബേപ്പൂർ കാഴ്ചകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മൊബൈല്‍ ഫോൺ ക്യാമറകള്‍ ഉപയോഗിച്ചും പ്രൊഫഷണൽ
ക്യാമറകള്‍ ഉപയോഗിച്ചും ഫോട്ടോയെടുക്കാം. മൊബൈല്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ വ്യക്തമായ ഫോട്ടോകള്‍ ബയോഡാറ്റ സഹിതം [email protected] എന്ന മെയില്‍ ഐഡിയിലേക്ക് ഡിസംബര്‍ 20 ന് വൈകുന്നേരം 5 മണിക്ക് മുൻപായി അയയ്ക്കണം. പ്രൊഫഷണൽ ക്യാമറ വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ 18×12 വലിപ്പത്തിലുള്ള കളര്‍ ഫോട്ടോകളുടെ പ്രിന്റ് നേരിട്ടോ തപാല്‍ മുഖാന്തിരമോ സെക്രട്ടറി, ഡിടിപിസി, മാനാഞ്ചിറ, കോഴിക്കോട് എന്ന വിലാസത്തിൽ ഡിസംബര്‍ ഇരുപതിനകം അയയ്ക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അയയ്ക്കാനാകൂ . ഒന്ന്, രണ്ട് സ്ഥാനം നേടുന്നവര്‍ക്ക് സമ്മാനം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റ് വേദിയില്‍ പ്രദര്‍ശിപ്പിക്കും.

ഹ്രസ്വകാല ഡെപ്യൂട്ടേഷന്‍ നിയമനം

സംസ്ഥാനത്ത് കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവര്‍ദ്ധിത കാര്‍ഷിക പദ്ധതി ആവിഷ്‌കരണ ടീമില്‍ പങ്കെടുക്കാനുളള പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷന്‍/കരാറില്‍ നിയമിക്കുന്നു. യോഗ്യത: കൃഷി /എഞ്ചീനീയറിങില്‍ ബിരുദം. ബിരുദാനന്തര ബിരുദവും, ഡോക്ടറല്‍ ബിരുദവും, മികച്ച ആശയ പ്രകാശനം (സംഭാഷണം, എഴുത്ത, അവതരണം) ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍ വകുപ്പുകളിലോ പൊതുമേഖല സ്ഥാപനങ്ങളിലോ സര്‍വകലാശാലകളിലോ ജോലി ചെയ്യുന്നവര്‍ https://forms.gle/39NsnF3pFcDrcxDR6 എന്ന ലിങ്ക് വഴി വിശദാംശങ്ങള്‍ ഡിസംബര്‍ 15 നുള്ളില്‍ നല്‍കണം.