ജില്ലയിലെ വിവിധ കോടതികളിൽ അഡീഷണൽ ഗവൺമെന്റ് പ്ലീഡർ, അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (03/10/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

അപേക്ഷ ക്ഷണിച്ചു

സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ ഒക്ടോബർ 15 ന് സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 10 -ന് മുൻപ് എൻബിഎഫ്സിയിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2770534 / 8592958677. [email protected] / [email protected]

ടെണ്ടർ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള കോഴിക്കോട് അർബൻ ഐ.സി.ഡി.എസ് കാര്യാലയത്തിലേക്ക് 2022-23 സാമ്പത്തിക വർഷത്തിലേക്ക് കരാർ വാഹനം വാടകക്ക് ഏടുക്കുന്നതിനായി ടെണ്ടർ നടത്തുന്നു. അപേക്ഷാ ഫോം വിതരണം ചെയ്യുന്ന അവസാന തിയ്യതി ഓക്ടോബർ 13 ഉച്ചക്ക് 1 മണി വരെ.കൂടുതൽ വിവരങ്ങൾക്ക് : – 0495 2702523/ 8547233753 .

സ്പോട്ട് അഡ്മിഷൻ

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനു കീഴിലുള്ള (കേപ്പ്) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജി (ഐ എം ടി) പുന്നപ്രയിൽ 2022 -2024 വർഷത്തേക്കുള്ള ദ്വിവത്സര ഫുൾ ടൈം എം ബി എ പ്രോഗ്രാമിൽ ഒഴിവുണ്ട് . ഓക്ടോബർ 6 ന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0477 2267602, 8590599431, 9847961842, 8301890068

അപേക്ഷ ക്ഷണിച്ചു

ഗവ:കോളേജ് തലശ്ശേരി ചൊക്ലിയിൽ സൈക്കോളജി അപ്രന്റീസിനെ ആവശ്യമുണ്ട്.സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 11 ന് രാവിലെ 10 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2966800

അറിയിപ്പ്

വാർദ്ധക്യകാല പെൻഷൻ ലഭിക്കേണ്ട ആവശ്യാർത്ഥം വരുമാന സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ചവർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വില്ലേജ് ഓഫീസുകളിൽ എത്തിച്ചേരണ്ട ആവശ്യമില്ലെന്നും സമയപരിധിക്കുളളിൽതന്നെ അത് ലഭ്യമാക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനും ഭിന്നശേഷിക്കാരായ കുട്ടികളുമായി ആശയ വിനിമയം നടത്തുന്നതിനും വിവിധ കോടതികളിൽ മൊഴി രേഖപ്പെടുത്താൻ സഹായിക്കുന്നതിനുമായി ഭാഷാ വിദഗ്ദ്ധർ, സ്പെഷൽ എഡ്യുക്കേറ്റേഴ്സ്, ഇന്റർപ്രറ്റേഴ്സ് എന്നിവരുടെ പാനൽ തയ്യാറാക്കുന്നു. കോഴിക്കോട് ജില്ലയിൽ താമസിക്കുന്നവരും കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യമുളളവരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അവസാന തിയ്യതി ഒക്ടോബർ 20 . വിലാസം :ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ബി ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 . കൂടുതൽ വിവരങ്ങൾക്ക്: 0495 2378920.

ജലവിതരണം മുടങ്ങും

പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയിൽ നിന്നുള്ള പ്രധാന ജല വിതരണ കുഴലിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഇന്നും നാളെയും (ഒക്ടോബർ 3 ,4) ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി എന്നീ ജലസംഭരണിയിൽ നിന്നുള്ള ജലവിതരണം പൂർണ്ണമായി മുടങ്ങുമെന്ന് പെരുവണ്ണാമൂഴി സബ് ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

പരിശീലനം നടത്തും

കൃഷി ലാഭകരമാക്കാൻ ശാസ്ത്രീയ മണ്ണു പരിപാലന മുറകൾ എന്ന വിഷയത്തിൽ വേങ്ങേരി കാർഷിക സർവകലാശാല വിജ്ഞാന വിപണന കേന്ദ്രത്തിൽ ഒക്ടോബർ 10 ന് 40 കർഷകർക്ക് പരിശീലനം നടത്തുന്നു. ഒക്ടോബർ 6 ന്‌ മുൻപായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 9188223584

അഭയകിരണം അപേക്ഷ ക്ഷണിച്ചു

ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന 50 വയസ്സിന് മുകളിൽ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ അല്ലാത്ത വിധവകളുടെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഒക്ടോബർ 20 ന് മുൻപ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടാം.

പരസ്യ ലേലം

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലെ വടകര പോലിസ് സ്റ്റേഷൻ വളപ്പിലുളള പോലീസ് ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കുന്നതിനായി ഒക്ടോബർ 26 ന് പകൽ 11 മണിക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ പരസ്യമായി ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് : 0496 2523031

പരിശീലന പരിപാടി

ബേപ്പൂർ നടുവട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ 14 ,15 തീയതികളിലായി ശുദ്ധമായ പാലുല്പാദനം എന്ന വിഷയത്തിൽ ദ്വിദിന പരിശീലന പരിപാടി നടത്തുന്നു. ഒക്ടോബർ 11 ന് വൈകിട്ട് 5 മണിക്ക് മുൻപായി [email protected] ഇ- മെയിലിൽ രജിസ്റ്റർ ചെയ്യണം .കൂടുതൽ വിവരങ്ങൾക്ക് : 0495 2414579

മരം ലേലം

കോഴിക്കോട് സിറ്റി ഡിഎച്ച് ക്യൂ കോമ്പൗണ്ടിൽ മുറിച്ചിട്ട മരം ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് ഡി എച്ച് ക്വൂ മാലൂർകുന്നിൽ വെച്ച് പുനർലേലം ചെയ്തു വിൽപ്പന നടത്തുന്നു.

അഭിമുഖം നടത്തുന്നു

കോഴിക്കോട് നിർഭയ ഷെൽട്ടർ ഹോമിൽ കരാർ അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റ് പാർട്ട് ടൈം തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബർ 17 ന് രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9496386933

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയിൽ വിവിധ കോടതികളിൽ നവംബർ, ഡിസംബർ മാസങ്ങളിൽ ഒഴിവു വരുന്ന 8 അഡീഷണൽ ഗവൺമെന്റ് പ്ലീഡർ & അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 13.

തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2023-24 സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു.

പന്നിക്കോട് യു.പി സ്കൂളിൽ നടന്ന ഗ്രാമസഭ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ, അടുത്ത സാമ്പത്തിക വർഷത്തേക്ക് തയ്യാറാക്കേണ്ട ആക്ഷൻ പ്ലാൻ, നീരുറവ്, ഉന്നതി പദ്ധതികൾ എന്നിവയെ കുറിച്ച് തൊഴിലുറപ്പ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ റാസിഖ് ഇ വിശദീകരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ബാബു പൊലിക്കുന്നത്ത് മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ബൈലിംഗ് മെഷീൻ സ്ഥാപിച്ചു

ഏറാമല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മസേന മാലിന്യ സംസ്ക്കരണ പ്ലാന്റിൽ ബൈലിംഗ് മെഷീൻ സ്ഥാപിച്ചു. മെഷീനിന്റെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത്‌ പ്രസിഡന്റ് ഷക്കീല ഈങ്ങോളി നിർവ്വഹിച്ചു. ഹരിത കർമ്മ സേനയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനായി ശുചിത്വ ഗ്രാമം പദ്ധതി മുഖേനയാണ് ബൈലിംഗ് മെഷീൻ വാങ്ങി നൽകിയത്.

ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ദീപുരാജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ജസീല വി.കെ, മാലിന്യസംസ്ക്കരണ ഉപസമിതി ചെയർമാൻ ഷുഹൈബ് കുന്നത്ത്, പഞ്ചായത്ത്‌ അംഗങ്ങളായ ടി.എൻ റഫീഖ്, രതീഷ് ജി, വി.ഇ.ഒ മാരായ രേഷ്മ, ജോസഫൈൻ ഹരിതസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പാഴ് കടലാസിൽ നിന്നും ശില്പങ്ങൾ, മേളയിൽ ശ്രദ്ധേയമാവുകയാണ് പ്രബീഷ്

ഉപയോ​ഗ ശേഷം പേപ്പറുകൾ കളയുന്നവരാണ് നമ്മൾ, എന്നാൽ വട്ടക്കിണർ സ്വദേശി പ്രബീഷിന്റെ കെെകളിലെത്തിയാൽ ഇവ മനോഹ​രമായ ശിൽപങ്ങളായി മാറും. പേപ്പർ പൾപ്പുകളുപയോ​ഗിച്ച് കൃഷ്ണനും ബുദ്ധനും കഥകളി രൂപങ്ങളും തുടങ്ങി വ്യത്യസ്തമായ ശിൽപ്പങ്ങളാണ് പ്രബീഷ് നിർമ്മിക്കുന്നത്. കോഴിക്കോട് സ്വപ്ന നഗരിയിൽ വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിച്ച മലബാർ ക്രാഫ്റ്റ് മേളയിലാണ് വ്യത്യസ്തമായ രീതിയിൽ പേപ്പർ പൾപ്പിൽ തീർത്ത ശിൽപ്പങ്ങളുള്ളത്.

പ്രകൃതി സൗഹൃദവും പുനരുപയോഗത്തിന്റെയും അതിജീവനത്തിന്റെയും മാതൃകയാണ് പ്രബീഷ് മേളയിലെത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. പേപ്പർ പൾപ്പുകൾ കൊണ്ട് നിർമ്മിക്കുന്നതിനാൽ ശിൽപ്പങ്ങൾക്ക് ഭാരം കുറവുവാണ്. ശിൽപ്പങ്ങൾ വാങ്ങാനായി നിരവധി പേരാണ് സ്റ്റാളിലെത്തുന്നത്. നനയാതെ സൂക്ഷിച്ചാൽ ദീർഘകാലം ഈടുനിൽക്കുമെന്നാണ് സ്റ്റാളിലെത്തുന്നവരോട് പ്രബീഷിന് പറയാനുള്ളത്.

ചെറുതും വലുതുമായ കൃഷ്ണ വി​ഗ്രഹം, ബു​ദ്ധ പ്രതിമ, കഥകളി രൂപം, വ്യത്യസ്തങ്ങളായ ഗോത്ര മുഖംമൂടികൾ എന്നിവയെല്ലാമുണ്ടിവിടെ. കൃഷ്ണ വി​ഗ്രഹത്തിനാണ് ആവശ്യക്കാരേറെയെന്നും പ്രബീഷ് പറയുന്നു.

പഴയ പേപ്പറുകൾ, മരച്ചീനി പൊടികൊണ്ടുണ്ടാക്കുന്ന പശ, ചായങ്ങൾ എന്നിവയാണ് നിർമ്മാണത്തിനായി ഉപയോ​ഗിക്കുന്നത്. പേപ്പറുകൾ പൾപ്പാക്കിയശേഷം മറ്റു മിക്സ്കളും ചേർത്ത് മൗൾഡിൽ ഏകദേശ രൂപം പ്രസ് ചെയ്തെടുത്തശേഷം കൈകൊണ്ടു ഭംഗിയായി രൂപം പൂർത്തീകരിക്കുകയാണ് ചെയ്യുന്നത് . ശിൽപ്പങ്ങളുടെ പലഭാ​ഗങ്ങളാണ് ഇത്തരത്തിൽ നിർമ്മിച്ചെ‌ടുക്കുക. തുടർന്ന് ഇവയെല്ലാം കൂട്ടിച്ചേർത്ത് പൂർണ്ണരൂപം നിർമ്മിക്കും. വലിയ കൃഷ്ണ ശിൽപ്പങ്ങൾക്ക് ഇത്തരത്തിൽ 20 ഭാഗങ്ങൾ ഉണ്ടാവുമെന്നും പ്രബീഷ് പറയുന്നു. ഏകദേശം നാലോ അഞ്ചോ ദിവസമെടുക്കും ഒരു ശിൽപം നിർമ്മിച്ചെടുക്കാൻ.

അപക‌ടത്തെ തുടർന്ന് കിടപ്പിലായതോടെയാണ് പ്രബീഷ് കരകൗശല മേഖലയിലേക്ക് എത്തുന്നത്. പതിനഞ്ചു വർഷത്തോളമായി പ്രബീഷ് ഈ മേഖലയിൽ. ഇത്തരം സ്റ്റാളുകൾക്ക് പുറമെ കൈരളി ഹാൻഡിക്രഫ്റ്സ്, ഇരിങ്ങൽ സർഗ്ഗാലയ, ഗാന്ധിഗൃഹം തുടങ്ങി കരകൗശല കലാകാരന്മാരെ സഹായിക്കുന്ന സ്ഥാപനങ്ങൾ വഴിയും പ്രതിമകൾ വിറ്റഴിക്കുന്നുണ്ട്. 50 മുതൽ 5000 രൂപവരെയുള്ള ശില്പങ്ങൾ സ്റ്റാളിലുള്ളത്.

നെൽമണികൾ ആഭരണങ്ങളായപ്പോൾ

നെൽമണികൾകൊണ്ട് വിസ്മയം തീർത്ത് കൊൽക്കത്ത സ്വദേശിനി പുതുൽ ദാസ് മിത്ര. കോഴിക്കോട് സ്വപ്നനഗരിയിൽ വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിച്ച മലബാർ ക്രാഫ്റ്റ് മേളയിലാണ് സന്ദർശകരിൽ ആശ്ചര്യമുണർത്തി പുതുലിന്റെ സ്റ്റാളുള്ളത്. മാലകളും കമ്മലുകളും കൗതുകത്തോടെ വീക്ഷിക്കുന്നവർ ഇതെല്ലാം നിർമ്മിച്ചിരിക്കുന്നത് നെല്ലുപയോ​ഗിച്ചാണെന്നറിയുന്നതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടും.

ചെറുതും വലുതുമായി കൗതുകമുണർത്തുന്ന മനോഹരമായ ആഭരണങ്ങളാണ് പുതുലിന്റെ സ്റ്റാളിൽ സജ്ജീകരിച്ചിരിക്കുന്നത്. കമ്മലുകൾ, മാലകൾ, ചോക്കർ ചെയിനുകൾ തുടങ്ങി വ്യത്യസ്ത ഡിസെെനുകളിലുള്ള ആഭരണങ്ങൾ ഇവിടെ കിട്ടും. പൂർണ്ണമായും നെല്ലുപയോ​ഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് പ്രധാന ആകർഷണം. പല നിറങ്ങളിലും വലുപ്പത്തിലുമുള്ള മാലകളും കമ്മലുകളും അവയുടെ സെറ്റുകളും ലഭ്യമാണ്. സ്റ്റഡ് കമ്മലുകൾ മുതൽ വ്യത്യസ്ത നീളത്തിലുള്ള കമ്മലുകളുടെ ശേഖരം തന്നെ സ്റ്റാളിലുണ്ട്. സാരികൾക്ക് അനുയോജ്യമായ നീളത്തിലുള്ള മാലകൾ, ചോക്കർ എന്നിവയും ഇവിടെ ലഭ്യമാണ്. 50 മുതൽ 1000 രൂപവരെയാണ് വില.

പശ്ചിമ ബം​ഗാളിൽ കൃഷിചെയ്യുന്ന ​പ്രത്യേകതരം നെല്ലാണ് ആഭരണങ്ങളിൽ ഉപയോ​ഗിക്കുന്നത്. നിർമ്മാണം നെല്ലിലാണെങ്കിലും ചുവപ്പ്, പച്ച, കറുപ്പ് തുടങ്ങി വ്യത്യസ്തങ്ങളായ നിറങ്ങളിലുള്ള ആഭരണങ്ങളുമുണ്ടിവിടെ. അക്രിലിക്ക് പെയിന്റ്സ് ആണ് ആഭരണങ്ങൾക്ക് നിറം നൽകാൻ ഉപയോ​ഗിച്ചിരിക്കുന്നത്. നനയ്ക്കാൻ കഴിയുമെന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. നനഞ്ഞാൽ പെട്ടന്നു ചീത്തയാവുമെന്ന ഭയവും വേണ്ട, കുറഞ്ഞത് അഞ്ച് വർഷം വരെ ആഭരണങ്ങൾ ഉപയോ​ഗിക്കാൻ പറ്റുമെന്ന് പുതുൽ ഉറപ്പു നൽകുന്നു.

വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആ​ഗ്രഹമാണ് ഇത്തരമൊരു സംരംഭത്തിലേക്ക് തന്നെ നയിച്ചതെന്ന് പുതുൽ പറയുന്നു. സഹോദരന് നെല്ലുപയോ​ഗിച്ച് നിർമ്മിച്ചുനൽകിയ രാഖി ഒരു വർഷം കഴിഞ്ഞിട്ടും ചീത്തയാകാതെ നിന്നു. ഇതിൽ നിന്നാണ് നെല്ലിൽ നിന്ന് ആഭരണങ്ങൾ നിർമ്മിക്കാം എന്ന ചിന്തയിലേക്ക് എത്തിയത്. 23 വർഷമായി ക്രാഫ്റ്റ് രം​ഗത്തുള്ള പുതുൽ ഇന്ത്യയിലും വിദേശത്തുമായി നടന്ന വിവിധ മേളകളിൽ പങ്കെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് കേരളത്തിലെത്തുന്നതെന്നും പുതുൽ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ സ്വന്തമായാണ് ആഭരണങ്ങൾ നിർമ്മിച്ചതെങ്കിൽ ഇപ്പോൾ പുതുലിന് കീഴിൽ 16 സ്ത്രീകൾ ജോലി ചെയ്യുന്നു. തന്റെ ആഗ്രഹത്തിനൊപ്പം കുറച്ചുപേർക്കെങ്കിലും വരുമാനം ലഭ്യമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പുതുൽ. പാഡി ക്രാഫ്റ്റിലെ സംഭാവനകൾ പരി​ഗണിച്ച് ദേശീയ -സംസ്ഥാന പുരസ്ക്കാരങ്ങളും പുതുലിന് ലഭിച്ചിട്ടുണ്ട്.

ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം : സർവ്വേ ഒക്ടോബർ 08 ന് ആരംഭിക്കും

സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താനുള്ള സർവ്വേ ഒക്ടോബർ 08 മുതൽ 12 വരെ നടക്കും. പ്രാദേശിക ചർച്ചകളിലൂടെ കണ്ടെത്തിയ സാധ്യതാ മേഖലകളിലാണ് സർവ്വേ നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ച സംഘാടകസമിതികളുടെ ആഭിമുഖ്യത്തിലാണ് സർവ്വേ നടത്തുന്നത്.

ജനപ്രതിനിധികൾ, പ്രേരക്മാർ, തുല്യതാ പഠിതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, എസ്.സി/എസ്.ടി പ്രമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, കോളേജുകളിലെ എൻ.എസ്.എസ്. വളന്റിയർമാർ, മറ്റ് സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ സർവ്വേയിൽ പങ്കാളികളാവും. സർവ്വേയിലൂടെ കണ്ടെത്തുന്ന നിരക്ഷരർക്ക് 120 മണിക്കൂർ ദൈർഘ്യമുള്ള സാക്ഷരതാ ക്ലാസ്സ് നൽകും.

സന്നദ്ധ അധ്യാപകർക്ക് പരിശീലനം നൽകി ശരാശരി 10 പേരടങ്ങുന്ന പഠിതാക്കളെ ഉൾപ്പെടുത്തി ക്ലാസ്സ് രൂപീകരിക്കും. സമ്പൂർണ്ണ സാക്ഷരതയിൽ നിന്നും പരിപൂർണ്ണ സാക്ഷരതയിലേക്ക് എന്ന ലക്ഷ്യത്തോടെ നടത്തുന്ന സർവ്വേയുടെ ജില്ലാതല ഉദ്ഘാടനം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മണ്ഡപം കോളനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളും ഉദ്യോഗസ്ഥരും മറ്റ് സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും.

5വർഷം നീണ്ടു നിൽക്കുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ആദ്യ വർഷത്തിൽ ജില്ലയിൽ നിന്നും 7000 പേരെ കണ്ടെത്തി സാക്ഷരരാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പദ്ധതിയിൽ ഡിജിറ്റൽ സാക്ഷരത കൈവരിക്കാനുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

‘പോഷൻ മാ’ : വിവിധ പരിപാടികൾ സംഘടിപ്പിച്ചു

‘പോഷൻ മാ’ ആചരണത്തിന്റെ ഭാഗമായി ഏറാമല പഞ്ചായത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു. വനിതാ ശിശുവികസന വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയുള്ള പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിപാടിയാണ് ‘പോഷന്‍ മാ’ ആചരണം.

ആറു വയസ്സിനു താഴെയുള്ള കുട്ടികൾ, കൗമാരക്കാരായ കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരുടെ ഇടയിൽ പോഷണ നിലവാരം ഉയർത്തുക എന്നതാണ് ‘പോഷൻ മാ’ പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ കുമാർ ആരോഗ്യ പോഷണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്സെടുത്തു. പോഷകാഹാര പ്രദർശനം, മെഡിക്കൽ ക്യാമ്പ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ശാരി എം സ്വാഗതം പറഞ്ഞു. അങ്കണവാടി വർക്കർ സിന്ധു നന്ദി അർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല വി.കെ, പഞ്ചായത്ത്‌ അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ഹരിത മിത്രം പദ്ധതിക്ക്‌ അഴിയൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

മാലിന്യ പരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ പ്രകാശ് പി മുഖ്യാതിഥിയായി.

അഴിയൂർ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ വെച്ചാണ് സ്മാർട്ട് ഗാർബേജ് സിസ്റ്റം വഴി ക്യൂ ആർ കോഡ് പതിച്ചുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി ഹരിത കർമ്മസേന അംഗങ്ങൾ മുഖേന എല്ലാ വീടുകളിലും സർവ്വെ നടത്തി ക്യൂ ആർ കോഡ് പതിക്കും. തുടർന്ന് മൊബൈൽ ആപ്പിന്റെ സഹായത്തോടെ കുടുംബത്തിൻ്റെ വിവരങ്ങൾ എൻ്റർ ചെയ്യും. ഹരിത കർമ്മസേനയുടെ ആറ് അംഗങ്ങളാണ് ആദ്യ ഘട്ട സർവ്വേയിൽ പങ്കെടുക്കുക. തുടർന്ന് സർവ്വേ അവലോകനം ചെയ്ത് തുടർ പദ്ധതികൾ ആവിഷ്കരിക്കും.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോട്ടത്തിൽ ശശിധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ സീനത്ത്, പ്രീത, ലീല, അനിഷ ആനന്ദസദനം, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൻ, കെൽട്രോൺ പ്രതിനിധികളായ വൈശാഖ്, അർജുൻ, വി ഇ ഒ മാരായ ബജീഷ്, നവകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.