കുടുംബശ്രീയുടെ സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു, വിശദമായി അറിയാം; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (11/04/2023)
കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ലേലം ചെയ്യുന്നു
പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം കുന്ദമംഗലം കാര്യാലയത്തിനു കീഴിൽ പരിയങ്ങാട്-ചെട്ടിക്കടവ് റോഡ് നവീകരണ പ്രവൃത്തിക്ക് തടസ്സമായി നിൽക്കുന്ന 10 മരങ്ങൾ ( മാവ്, കാഞ്ഞിരം,മുള്ളുവേങ്ങ, ആൽമരം,പൂമരം) ഏപ്രിൽ 19 ന് രാവിലെ 11 മണിക്ക് മഞ്ഞൊടി അങ്ങാടിയിൽ പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 5000 രൂപ നിരത ദ്രവ്യം കെട്ടിവയ്ക്കേണ്ടതാണ്. ലേലം കൊള്ളുന്ന വ്യക്തി ലേലത്തുകയും നികുതിയും അടക്കമുള്ള തുക അപ്പോൾ തന്നെ അടക്കേണ്ടതാണ്. ലേലം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ നിബന്ധനകളും ലേലത്തിനു ബാധകമായിരിക്കും. വിശദവിവരങ്ങൾക്ക് : 04952724727 /[email protected]
ടെണ്ടർ ക്ഷണിച്ചു
2023-24 സാമ്പത്തിക വർഷം പന്തലായനി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. നിലവിലെ സ്റ്റോർ പർച്ചേസ് മാനുവലിലെ നിയമങ്ങൾ, വാഹനം വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് വനിത ശിശു വികസന വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ ഉത്തരവുകളും സർക്കുലറുകളും ഈ ടെണ്ടറിന് ബാധകമായിരിക്കുന്നതാണ്. 240,000 രൂപയാണ് അടങ്കൽ തുക. ടെണ്ടർ ഫോറത്തിന്റെ വില 480 രൂപ+18 % ജി എസ് ടി . ഇ.എം.ഡി 2400/-രൂപ. ടെണ്ടർ ഫോറം ഏപ്രിൽ 26 ന് 12.30 വരെ ലഭിക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 26, ഉച്ചക്ക് 2 മണി വരെ. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ടെണ്ടർ തുറക്കും. ടെണ്ടറുകൾ ഒട്ടിച്ച / സീൽ ചെയ്ത കവറിൽ സമർപ്പിക്കണം. കവറിന് പുറത്ത് വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെണ്ടർ എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0496-2621190
ടെണ്ടർ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴിലെ മേലടി ഐ.സി.ഡി.എസ് ഓഫീസിലേക്ക് 2023-24 സാമ്പത്തിക വർഷത്തിൽ കരാർ വ്യവസ്ഥയിൽ പ്രതിമാസം പരമാവധി 20,000 രൂപ പ്രകാരം നാലു ചക്ര വാഹനം വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ /സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. മേലടി ഐ.സി.ഡി.എസ് ഓഫീസിൽ ഏപ്രിൽ 26 ഉച്ചയ്ക്ക് 12 മണി വരെ ടെണ്ടർ ഫോറം ലഭിക്കും. 240,000 രൂപയാണ് അടങ്കൽ തുക. ടെണ്ടർ ഫോമിന്റെ വില 500 രൂപ. ഏപ്രിൽ 26 ഉച്ചകഴിഞ്ഞ് രണ്ടുമണി വരെ ടെണ്ടറുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് ടെണ്ടറുകൾ തുറക്കും. ടെണ്ടർ അംഗീകരിച്ചു കിട്ടുന്ന വ്യക്തി /സ്ഥാപനം ആകെ അടങ്കലിന്റെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റ് വയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8943399346
ക്യാമ്പ് സിറ്റിംഗ്
കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ ക്യാമ്പ് സിറ്റിംഗ് മെയ് മൂന്നിന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലും മെയ് അഞ്ചിന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസിലും നടത്തുമെന്ന് ശിരസ്തദാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2965655.
കരിയർ കൗൺസലിംഗ്
ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഏപ്രിൽ 19 ന് ഏകദിന ഹോട്ടൽ മാനേജ്മെന്റ് കരിയർ കൗൺസിലിങ് നടത്തുന്നു. പ്ലസ് ടു അവസാന വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ 9400508499 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04952385861
സൗജന്യ തൊഴിൽ പരിശീലനം
കുടുംബശ്രീയുടെ തൊഴിൽ പരിശീലന പദ്ധതിയായ ഡി ഡി യു ജി കെ വൈ, മണപ്പുറം ഫൗണ്ടേഷനുമായി ചേർന്ന് മലപ്പുറം മഞ്ചേരിയിൽ ആരംഭിക്കുന്ന അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ് സി/എസ് ടി, ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് മുൻഗണന. താമസവും ഭക്ഷണവും സൗജന്യം. പ്രായപരിധി 18- 27 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: 9072668543 ,9072600013.
ബോധവൽക്കരണ ക്യാമ്പ്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) ഏപ്രിൽ 27 ന് രാവിലെ ഒമ്പത് മണിക്ക് ‘നിധി ആപ്കെ നികട്’ (പി.എഫ്. നിങ്ങൾക്കരികിൽ) എന്ന പേരിൽ വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി ജില്ലാതല ബോധവൽക്കരണ ക്യാമ്പും സമ്പർക്കപരിപാടിയും നടത്തും. കോൺഫറൻസ് ഹാൾ, മലബാർ കോഫീ ഹൗസ്, ബാലുശ്ശേരി മുക്ക് എന്നിവിടങ്ങളിലാണ് പരിപാടികൾ നടക്കുക. പി.എഫ്. അംഗങ്ങൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവരിൽ നിന്നും പങ്കെടുക്കാൻ താല്പര്യമുള്ളവർ https://epfokkdnan.wixsite.com/epfokkdnan എന്ന സൈറ്റ് സന്ദർശിച്ചോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2367568
പലിശരഹിത ഭവന വായ്പ
മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ മുഖേന നൽകുന്ന പലിശരഹിത ഭവന വായ്പക്ക് അപേക്ഷ ക്ഷണിച്ചു. വായ്പാ തുക- രണ്ടരലക്ഷം രൂപ. ഏഴു വർഷമാണ് തിരിച്ചടവ് കാലാവധി. ക്ഷേമനിധിയിൽ രണ്ട് വർഷം പൂർത്തിയായ, 30-50 ഇടയിൽ പ്രായമുള്ള അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം www.kmtboard.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസിൽ മെയ് 31 ന് അഞ്ച് മണിക്കകം സമർപ്പിക്കണം. വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി കെട്ടിടം, രണ്ടാം നില, വെസ്റ്റ് ഹിൽ പി ഒ, ചക്കോരത്ത് കുളം കോഴിക്കോട് 673005. കൂടുതൽ വിവരങ്ങൾക്ക്: 0495-2966577
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ ആരംഭിക്കുന്ന സൈബർ സെക്യൂരിറ്റി, ആൻഡ്രോയ്‌ഡ് അപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്, ബിഗിനേഴ്‌സ് കോഴ്സ് ഇൻ അനിമേഷൻ ആൻഡ് വീഡിയോ എഡിറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യൻ ആൻഡ്ഫോറിൻ അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയ്ന്റനൻസ്, എന്നീ ഗവണ്മെന്റ് അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8590605260 , 0471-2325154
സഹകരണ സംഘ ബിൽ സംബന്ധിച്ച തെളിവെടുപ്പ്
2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രിൽ 24ന് രാവിലെ 10.30ന് അത്തോളിയിലെ ലക്സ്മോർ കൺവെൻഷൻ സെന്ററിൽ ചേരും.
സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ, ചെയർമാനായ സെലക്ട് കമ്മിറ്റി കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സഹകാരികൾ, സഹകരണ സംഘങ്ങളിലെ ജീവനക്കാർ, സഹകരണ സംഘങ്ങളിലെ ബോർഡ് അംഗങ്ങൾ എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും.
ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ താത്പര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഇ മെയിൽ: [email protected].
റോഡ് സുരക്ഷ കൗൺസിൽ യോഗം ചേർന്നു
മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് റോഡിലേക്ക് അപകടകരമായി ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റും. ജില്ലാ കലക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷ കൗൺസിൽ യോഗത്തിലാണ് തീരുമാനം.
താമരശ്ശേരി ചുരത്തിൽ ഹെയർപിൻ വളവ് ഒന്ന് മുതൽ ഒൻപത് വരെയുള്ള ഭാഗങ്ങളിൽ സുരക്ഷ ഭിത്തികൾ സ്ഥാപിക്കുന്നതിന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും. ചുരം റോഡിലെ മാഞ്ഞുപോയ വരകൾ വരയ്ക്കാനും നിർദേശം നൽകി.
ആർ.ടി.ഒ പി.ആർ സുമേഷ്, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.ബിജുമോൻ, കെ.ആർ.എഫ്.ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ ജീവൻ, ട്രാഫിക് എ.സി.പി സുനിൽ എം.ഡി, കോർപറേഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയപ്രകാശ്, എൽ.എസ്.ജി.ഡി അസി. ഡയറക്ടർ കെ.വി രവികുമാർ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ. ശ്രീജയൻ തുടങ്ങിയവർ പങ്കെടുത്തു.
മണൽ ശില്പ കലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ മണൽ ശില്പം ഒരുക്കുന്നതിന് മണൽ ശില്പ കലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ‘ബേപ്പൂർ ഉരു’വാണ് മണൽ ശില്പമായി നിർമ്മിക്കേണ്ടത്. പന്ത്രണ്ട് അടി നീളത്തിലും എട്ടടി വീതിയിലുമാണ് ശിൽപം ഒരുക്കേണ്ടത്. ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ച മണൽ ശില്പകാരൻമാർക്ക് അപേക്ഷിക്കാം. മണൽ ശില്പം നിർമ്മിക്കുന്നതിനുള്ള നിരക്ക് അപേക്ഷയിൽ രേഖപ്പെടുത്തണം. വിശദമായ ബയോഡാറ്റ, ഇതുവരെ ചെയ്ത മണൽ ശില്പങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ഇ-മെയിൽ വഴിയും കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടും സമർപ്പിക്കാം. വിലാസം : ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് സിവിൽ സ്റ്റേഷൻ കോഴിക്കോട് : 673 020
ഇ മെയിൽ- [email protected] അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: ഏപ്രിൽ 13. കൂടുതൽ വിവരങ്ങൾക്ക്: 0495 2370225
കൈറ്റ് ജില്ലാതല ശില്പശാല നടത്തി
പൊതു വിദ്യാലയങ്ങളിലെ ഐ ടി അധിഷ്ഠിത പഠനത്തിന്റെ സാധ്യതകൾ പരിശോധിച്ച് പുതിയ പദ്ധതി രൂപീകരിക്കുന്നതിനുള്ള സ്കൂൾ ഐ ടി കോ-ഓർഡിനേറ്റർമാരുടെ ജില്ലാതല ആശയ രൂപീകരണ ശില്പശാല കാരപ്പറമ്പ് ഗവ. എച്ച് എസ് എസ്സിൽ നടന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പ്രവർത്തനാസൂത്രണത്തിന്റെ ഭാഗമായി ഐ ടി അധിഷ്ഠിത പഠനവുമായി ബന്ധപ്പെട്ട മേഖലകളെ കുറിച്ച് സ്കൂൾ ഐടി കോർഡിനേറ്റർമാരിൽ നിന്നും അഭിപ്രായ ശേഖരണം നടത്തിയിരുന്നു.
ശില്പശാലയിലെ നിർദേശങ്ങൾ ഏപ്രിൽ 18 -ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന ശില്പശാലയിൽ അവതരിപ്പിക്കും. കൈറ്റ് മാസ്റ്റർ ട്രെയിനർമാരുടെ വാർഷിക അവലോകന യോഗത്തിന്റെ ഭാഗമായി അടുത്ത വർഷം മുതലുള്ള പദ്ധതികൾക്ക് രൂപം നൽകും.
കമ്പ്യൂട്ടറുകളും പ്രിന്ററുകളും വിതരണം ചെയ്തു
കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിന് കീഴിലെ വില്ലേജുകളിലേക്കും താലൂക്ക് ഓഫീസിലേക്കും കമ്പ്യൂട്ടറുകളും പ്രിന്ററുകളും സ്കാനറും വിതരണം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ വിതരണോദ്ഘാടനം നിർവഹിച്ചു. എം എൽ എയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് കമ്പ്യൂട്ടറുകളും പ്രിന്ററുകളും സ്കാനറും നൽകിയത്.
മണ്ഡലത്തിലെ കച്ചേരി, വെങ്ങേരി, കസബ, ചേവായൂർ, ചെലവൂർ, കോട്ടൂളി, പുതിയങ്ങാടി എന്നീ വില്ലേജുകളിലേക്കാണ് ഉപകരണങ്ങൾ നൽകിയത്. ചടങ്ങിൽ മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിച്ച പെരുവയൽ വില്ലേജ് ഓഫീസർ വി.കെ അനിൽകുമാറിനെ അനുമോദിച്ചു.
താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ എ ഡി എം സി മുഹമ്മദ് റഫീഖ്, ഫിനാൻസ് ഓഫീസർ മനോജൻ, തഹസീൽദാർ എ എം പ്രേംലാൽ, കൗൺസിലർ എം എൻ പ്രവീൺ, എൽ ആർ തഹസിൽദാർ സി ശ്രീകുമാർ, റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടർ സാജിദ് എന്നിവർ പങ്കെടുത്തു.
തൈകൾ വിതരണം ചെയ്തു
മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട ഒമ്പത് നോൺ ഐ.എഫ്.എസ് കർഷകർക്ക് പഴവർഗ്ഗ തൈകളും ഇടവിള കിറ്റുകളും വിള സംരക്ഷണ ഉപാധികളും വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ കർഷകനായ നാരായണൻ കാളിന്ദിയ്ക്ക് നൽകി നിർവഹിച്ചു.
ചടങ്ങിൽ കൃഷി ഓഫീസർ ടി.എൻ അശ്വിനി അധ്യക്ഷത വഹിച്ചു. വി.കുഞ്ഞിരാമൻ കിടാവ്, മൊയ്തീൻ കമ്മന എന്നിവർ സംസാരിച്ചു. തുടർന്ന് പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് കിറ്റുകൾ വിതരണം ചെയ്തു. കൃഷി അസിസ്റ്റന്റുമാരായ എസ്.സുഷേണൻ സ്വാഗതവും സി.എസ് സ്നേഹ നന്ദിയും പറഞ്ഞു.
കുടുംബശ്രീ വിഷു വിപണന മേളക്ക് തുടക്കമായി
കാവിലുംപാറ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംഘടിപ്പിക്കുന്ന വിഷു വിപണന മേളക്ക് തുടക്കമായി. തൊട്ടിൽപ്പാലം ടൗണിൽ ആരംഭിച്ച വിപണന മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് മാസ്റ്റർ നിർവഹിച്ചു.
സി ഡി എസ് ചെയർപേഴ്സൺ മോളി അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജിന് നൽകി നിർവഹിച്ചു. സി ഡി എസ് വൈസ് ചെയർപേഴ്സൺ അല്ലി ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. മേള 13 ന് സമാപിക്കും.
കടൽഭിത്തി നവീകരണത്തിന് ഭരണാനുമതി
കടലുണ്ടി വാക്കടവിൽ കടൽഭിത്തി നവീകരണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഈ ഭാഗത്ത് നിലവിലെ കടൽഭിത്തി താഴ്ന്നതിനാൽ ശക്തമായ തിരയടി കാരണം ജനങ്ങൾ ഭീതിയിലായിരുന്നു.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കടൽഭിത്തി പുനരുദ്ധാരണത്തിന് തുക ലഭ്യമാക്കിയത്. നടപടികൾ പൂർത്തിയാക്കി പ്രവൃത്തി എത്രയും വേഗം ആരംഭിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
അവലോകന യോഗം
കുറ്റ്യാടി ബൈപ്പാസ്, കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ്, വടകര മാഹി കനാൽ പ്രവൃത്തികളുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടർ എ ഗീതയുടെ സാന്നിധ്യത്തിൽ കുറ്റ്യാടി എം എൽ എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ യോഗം ചേർന്നു.
കുറ്റ്യാടി ബൈപ്പാസ് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ട്രക്ചറൽ വാല്യൂവേഷൻ പൂർത്തിയായതായി തഹസിൽദാർ അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് രണ്ട് ദിവസത്തിനകം സമർപ്പിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കലക്ടർ നിർദേശം നൽകി. 19(1) നോട്ടിഫിക്കേഷനുള്ള നടപടികൾ സമയബന്ധിതമായി പുറപ്പെടുവിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.
കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡിൽ ശാസ്ത്രീയമായ ട്രാഫിക് പഠനത്തിന് ശേഷം, അപാകതകൾ പരിഹരിച്ച അലൈൻമെന്റ് പ്രകാരം അതിരുകൾ അടയാളപ്പെടുത്തുന്ന പ്രവൃത്തി നടന്നു വരികയാണെന്നും, സമയബന്ധിതമായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുമെന്നും ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
വടകര മാഹി കനാൽ മൂഴിക്കൽ ഭാഗത്തുള്ള പ്രവൃത്തിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരം നൽകിയതായി ഡെപ്യൂട്ടി കലക്ടർ യോഗത്തിൽ അറിയിച്ചു. മറ്റുള്ള ഭാഗങ്ങളിൽ, സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാനും തീരുമാനിച്ചു. വിവിധ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
കന്നുകുട്ടി പരിപാലന പദ്ധതി ഉദ്ഘാടനം ചെയ്തു
എടച്ചേരി ഗ്രാമപഞ്ചായത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ തിരഞ്ഞെടുത്ത കർഷകർക്ക് സബ്‌സിഡി നിരക്കിൽ കാലിതീറ്റ വിതരണം ചെയ്യുന്നതാണ് പദ്ധതി. നിലവിൽ 32 ക്ഷീര കർഷകർ പദ്ധതിയിൽ ഗുണഭോക്തക്കളായി.
പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ, മെമ്പർമാരായ നിഷ എം, ശ്രീജ പി പി, ശരീഫ, വെറ്റിനറി സർജൻ അഖിൻലാൽ, സൊസൈറ്റി പ്രസിഡന്റ് ബാലൻ എന്നിവർ പങ്കെടുത്തു.