പീഡനം: വിഷം കഴിച്ച യുവതി ഗുരുതരാവസ്ഥയില്‍; കുറ്റ്യാടി സ്വദേശിയായ ഭര്‍തൃപിതാവ് അറസ്റ്റില്‍


[

കുറ്റ്യാടി:പീഡനശ്രമത്തെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച സംഭവത്തില്‍ കുറ്റ്യാടി സ്വദേശിയായ ഭര്‍തൃപിതാവ് അറസ്റ്റില്‍. വേളം ചെറുകുന്ന് സ്വദേശിയെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിന്റെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച രാവിലെ കുട്ടികളെയും കൊണ്ട് യുവതി വീടുവിട്ടിറങ്ങുകയായിരുന്നു.

തലശേരി കോടതി പരിസരത്തെ ബീച്ചിലെത്തി വിഷം കഴിച്ച യുവതിയെ പൊലീസ് എത്തിയാണ് രക്ഷിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിക്കും മുമ്പ് തന്നെ ആരും അന്വേഷിക്കേണ്ടെന്നും മക്കളെ സംരക്ഷിക്കണമെന്നും സഹോദരിക്ക് യുവതി വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. ഭര്‍തൃപിതാവിന്റെ നിരന്തരമായ ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കടുംകൈ ചെയ്തതെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

യുവതിയുടെ ബന്ധുക്കള്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയും യുവതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് പൊലീസ് ബീച്ചിലെത്തി രക്ഷിക്കുകയുമായിരുന്നു. വിഷം കഴിച്ച് അവശനിലയിലായ യുവതിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍തൃപിതാവിനെതിരെ പീഡനശ്രമത്തിന് കേസെടുത്തു. യുവതിയുടെ സഹോദരിയുടെ പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ മാനസികവും ശാരീരികവുമായ പീഡനത്തിനും കേസെടുത്തിട്ടുണ്ട്.