പാലക്കാട് നിര്‍മ്മാണം നടക്കുന്ന വീടിന് നേരെ പെട്രോള്‍ ബോംബേറ്; കൊയിലാണ്ടി സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്ക്


പാലക്കാട്: പെട്രോള്‍ ബോംബേറില്‍ കൊയിലാണ്ടി സ്വദേശികളായ രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്. പാലക്കാട് ഒറ്റപ്പാലത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ ആറ് തൊഴിലാളികള്‍ കിടന്നുറങ്ങുന്നതിനിടയിലായിരുന്നു ആക്രമണം.
ആക്രമണത്തില്‍ കൊയിലാണ്ടി സ്വദേശിയായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്ക് പരിക്കേറ്റു.

പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലര്‍ച്ചെ 2.30 നാണ് സംഭവം. വാണിവിലാസിനിയില്‍ കുളം നിര്‍മ്മാണത്തിനായി എത്തിയതായിരുന്നു ഇരുവരും. തൊഴിലാളികള്‍ കിടന്നിരുന്ന ഭാഗത്താണ് അയല്‍വാസിയായ യുവാവ് പെട്രോള്‍ ബോംബേറ് നടത്തിയത്.

വലിയ ശബ്ദം കേട്ടതോടെ വീട്ടുകാര്‍ ഞെട്ടിയുണര്‍ന്നപ്പോഴാണ് ആക്രമണം നടന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ഉടനെ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

വീട്ടുകാരുമായുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.   ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ തടയാന്‍ ശ്രമിച്ചെങ്കിലും ആക്രമിച്ച് കടന്നു കളഞ്ഞതായി പരുക്കേറ്റവര്‍ക്കൊപ്പമുണ്ടായിരുന്ന തൊഴിലാളി പോലീസിനോട്  പറഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.