അനധികൃത സ്ഥലത്തെ പാർക്കിംഗ് വേലി കെട്ടി തടഞ്ഞപ്പോൾ അടുത്ത നറുക്ക് വീണത് പന്തലായനി റോഡിൻറെ വശങ്ങൾക്ക്, എതിരെ വാഹനം വന്നാൽ സ്കൂൾ ബസ്സുൾപ്പെടെയുള്ള വണ്ടികൾ പുറകോട്ടുരുളേണ്ടത് മീറ്ററുകളോളം; യാത്രക്കാരെ ദുരിതത്തിലാക്കി പന്തലായനി റോഡിന്റെ ഇരുവശങ്ങളിലും ഉള്ള പാർക്കിംഗ് (വീഡിയോ കാണാം)
കൊയിലാണ്ടി: അനധികൃത സ്ഥലത്തെ പാർക്കിങ് തടയിടാൻ വേലി കെട്ടിയടച്ച് വണ്ടികൾ പുറത്തു ചാടിച്ചപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് റോഡിൻറെ ഇരുവശത്തും. കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ യാത്രചെയ്യാനെത്തുന്നവര്‍ സ്റ്റേഷന് കിഴക്ക് ഭാഗത്തുള്ള പന്തലായനി റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്നത് ആണ് ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നത്.
മൂന്ന് മീറ്ററില്‍ താഴെ മാത്രം നീളമുള്ള റോഡിന്റെ ഇരുവശത്തും 300 ഓളം മീറ്റര്‍ നീളത്തില്‍ ഇരുചക്ര വാഹനങ്ങളും കാറുകളും പാര്‍ക്ക് ചെയ്യുന്നത് പതിവ് കാഴ്ചയാണ്. സ്കൂള്‍ ബസ്സടക്കമുള്ള വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുമ്പോള്‍ എതിര്‍ഭാഗത്തുനിന്നും ഏതെങ്കിലും വണ്ടിവന്നാല്‍ മീറ്ററോളം പിന്നോട്ട് പോയി എതിരെ വരുന്ന വാഹനങ്ങള്‍ക്ക് വഴി കൊടുക്കേണ്ട സ്ഥിതിയാണ്.
റെയില്‍വേയിലേക്ക് വരുന്ന വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ സ്റ്റേഷന്റെ മുന്‍ഭാഗത്ത് സൗകര്യമുണ്ടെന്നിരിക്കെയാണ് ഇത്തരത്തില്‍ ഗതാഗതം തടസപ്പെടുത്തുന്ന തതരത്തില്‍ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത്. യാത്രക്കാര്‍ അവരുടെ സൗകര്യം മാത്രം നോക്കുന്നതാണ് പ്രശ്നമെന്ന് പ്രദേശവാസികള്‍ പറയുന്നു.
നേരത്തെ കിഴക്കുഭാഗത്ത് റെയില്‍വേയുടെ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ അനധികൃതമായ പാര്‍ക്ക് തടയാനായി ജൂലൈ മാസാവസാനത്തോടെ റെയില്‍വെ അധികൃതര്‍ ഈ സ്ഥലത്ത് വേലി കെട്ടുകയായിരുന്നു. ഇതോടെയാണ് റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്നത് പതിവായത്.
കഴിഞ്ഞ ദിവസം അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് നിരവധി വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിരുന്നു. റെയില്‍വെ സ്റ്റേഷന് കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നിലവില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ലെന്നും ഞങ്ങള്‍ എവിടെയാണ് വാഹനം പാര്‍ക്ക് ചെയ്യേണ്ടത് എന്നുമാണ് ഇവിടെ വാഹനം നിര്‍ത്തിയിട്ടു പോകുന്നവര്‍ ചോദിക്കുന്നത്. രാവിലെ നിര്‍ത്തിയിട്ടു പോവുന്ന നിരവധി ബൈക്കുകള്‍ ഇവിടെ നിന്നും മോഷണം പോയ സംഭവങ്ങളുമുണ്ട്. എന്നാല്‍ റെയില്‍വെക്ക് കിഴക്ക് ഭാഗത്ത് സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ വഴി ഇല്ലാത്തതിനാലാണ് ഇവിടെ പാര്‍ക്കിംഗ് സൗകര്യം ഒരുക്കാത്തത് എന്നാണ് റെയില്‍വെ അധികൃതരുടെ വിശദീകരണം.
സമൂഹ മാധ്യമങ്ങളിലൂടെയും ആളുകൾ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മാറ്റി പാർക്ക് ചെയ്യാൻ പറഞ്ഞപ്പോൾ, ‘എന്നാ പോയി പോലീസിന് കേസ് കൊട്’ എന്നായിരുന്നു പ്രതികരണമെന്ന് ഒരാൾ പറഞ്ഞു .
രണ്ട് കാറുകള്‍ക്ക് ഒരുമിച്ച് പോവാന്‍ പോലും വീതിയില്ലാത്ത റോഡാണ് ഇത് ഇരുവശങ്ങളിലും വാഹനം നിര്‍ത്തുകകൂടി ചെയ്യുന്നതോടെ എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയിലായിരിക്കുന്നത്. സ്കൂള്‍ ബസ്സുകളും നിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന വഴിയില്‍ രാവിലെയും വൈകുന്നേരങ്ങളിലും വലിയ തിരക്കാണ്. വൈകുന്നേരങ്ങളില്‍ ട്രയിന്‍ വരുന്ന സമയമാണെങ്കില്‍ ഈ വഴി പോവുന്നത് ആലോചിക്കാന്‍ പോലും കഴിയില്ലെന്നാണ് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനേട് പറഞ്ഞത്. അനധികൃത പാര്‍ക്കിങ് കാരണം കാല്‍നട യാത്രക്കാര്‍ പോലും ബുദ്ധിമുട്ടുകയാണ്.
വീഡിയോ കാണാം: