വാഹനങ്ങളും ചരക്കും കൊണ്ടുപോകാനും വരാനും ഇനി സൗകര്യമില്ല; കൊയിലാണ്ടിയും വടകരയും അടക്കം പത്ത് സ്റ്റേഷനുകളിലെ പാര്‍സല്‍ സംവിധാനം അവസാനിപ്പിച്ച് റെയില്‍വേ


കൊയിലാണ്ടി: കൊയിലാണ്ടിയും വടകരയും അടക്കം പത്ത് സ്റ്റേഷനുകളിലെ പാഴ്‌സല്‍ സംവിധാനം അവസാനിപ്പിച്ചു റെയില്‍വേ. ചെന്നൈ റെയില്‍വേ കൊമേഴ്‌സ്യല്‍ മാനേജര്‍ മെയ് 23ന് നല്‍കിയ ഉത്തരവ് ബുധനാഴ്ച മുതല്‍ നിലവില്‍ വന്നു.

മാഹി, കണ്ണപുരം, കുറ്റിപ്പുറം, പട്ടാമ്പി, കാഞ്ഞങ്ങാട്, ആര്‍ക്കോണം, പയ്യന്നൂര്‍, ചെറുവത്തൂര്‍ എന്നിവയാണ് പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കിയ മറ്റ് സ്റ്റേഷനുകള്‍. ഇവിടെയെല്ലാം ജോലി ചെയ്യുന്ന പോര്‍ട്ടര്‍മാരുടെ സേവനമാണ് ഇതോടെ ഇല്ലാതാകുന്നത്.

പാര്‍സല്‍ കയറ്റിയിറക്കുന്നതാണ് ഇവിടെയെല്ലാം ജോലിയിലുള്ള പോര്‍ട്ടര്‍മാരുടെ പ്രധാന വരുമാനമാര്‍ഗം. ഇതിനു പുറമേ ബാഗുകള്‍ ട്രെയിനിലേക്ക് കയറ്റാനും ഇറക്കാനും ഇവര്‍ സഹായിച്ചിരുന്നു. പുതിയ തീരുമാനം വന്നതോടെ ഇവരുടെ ജീവിതമാണ് വഴിമുട്ടിയത്.

കൊയിലാണ്ടി അങ്ങാടിയിലേക്ക് ഉള്‍പ്പെടെ കോയമ്പത്തൂരില്‍ നിന്നും സാധനങ്ങള്‍ എത്തിക്കുന്നത് റെയില്‍വേ വഴിയാണ്. കൂടാതെ യാത്രക്കാരുടെ വാഹനങ്ങള്‍ എറണാകുളം, ബംഗളുരു തുടങ്ങിയ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും റെയില്‍വേ വഴിയായിരുന്നു. ഇത്തരം സൗകര്യങ്ങളെല്ലാം പുതിയ തീരുമാനം വരുന്നതോടെ ഇല്ലാതാകും. ഇനി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലൂടെയെ കൊയിലാണ്ടിക്കാര്‍ക്ക് ചരക്ക് എത്തിക്കാനും കൊണ്ടുപോകാനും കഴിയൂ.