കൊച്ചിയില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു; ഒന്നാംക്ലാസിലെ 19 കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും രോഗം


കൊച്ചി: എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചി കാക്കനാട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലുമാണ് രോഗം കണ്ടെത്തിയത്.

ഒന്നാം ക്ലാസിലെ 19 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ സാമ്പിള്‍ വിശദപരിശോധനയ്ക്ക് അയച്ചു. സ്‌കൂളിലെ പ്രൈമറി വിഭാഗം മൂന്നു ദിവസത്തേക്ക് അടച്ചു.

സ്‌കൂളിലെ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തി. പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

എന്താണ് നോറോ വൈറസ്?

ഉദര സംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ആമാശത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗമുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ ഇടയുണ്ട്.

മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പകരും. കടുത്ത ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.