ആയിരത്തിലേറെ ഓല, ഇരുന്നൂറ് പനയോല, 500 കെട്ട് വൈക്കോല്‍; ആചാരപ്പെരുമ ചോരാതെ നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള തറവാട് കെട്ടിമേയല്‍


കൊയിലാണ്ടി: നൂറ്റാണ്ടുകളുടെ പഴക്കമുളള നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള തറവാട് പുരയുടെ കെട്ടിമേയല്‍ ആചാരപ്പെരുമയോടെ ഈ വര്‍ഷവും നടന്നു. മകരപുത്തരിക്കുശേഷമുള്ള അവധി ദിനത്തിലാണ് എല്ലാവര്‍ഷവും തറവാട് കെട്ടിമേയുക. ശനിയാഴ്ച പഴയ ഓലകള്‍ പൊളിച്ചു മാറ്റി. ഞായറാഴ്ചയായിരുന്നു കെട്ടി മേയല്‍. ക്ഷേത്രവുമായി അടുത്ത ബന്ധമുള്ളവരും സമീപവാസികളുമാണ് പുരകെട്ടിമേയലില്‍ പങ്കാളികളാവുക.

ആയിരത്തില്‍ കൂടുതല്‍ ഓല, ഇരുന്നൂറ് പനയോല, 500 കെട്ട് വൈക്കോല്‍ എന്നിവ ഉപയോഗിച്ചാണ് തറവാട് പുര കമനീയമായി രീതിയില്‍ കെട്ടി മേയുക. ഓലമേയുന്നവര്‍ക്കും സഹായികള്‍ക്കും പുഴുക്കും കഞ്ഞിയുമാണ് ഭക്ഷണമായി നല്‍കുക. പ്രദേശത്ത സ്ത്രീകളാണ് ഭക്ഷണമൊരുക്കുക.

മണ്‍കട്ടകൊണ്ട് പണിത ഈ വീട് കാണാന്‍ ദൂര ദിക്കുകളില്‍ നിന്നുപോലും ആളുകളെത്താറുണ്ട്. ചരിത്രാന്വേഷികള്‍ക്കും ഈ വീട് അപൂര്‍വ്വ കാഴ്ചയാണ്. പുരകെട്ടിമേയല്‍ പഴയ ഓലകള്‍ പൊളിച്ചിട്ടാല്‍ ചുമരില്‍ മണ്ണു കലക്കി തേയ്ക്കും. നിലം ചാണകമെഴുകും. മലദൈവമായ കരിയാത്തനാണ് ക്ഷേത്രത്തിലെ ആരാധനമൂര്‍ത്തി. കൊയിലാണ്ടിയില്‍ നിന്ന് മുത്താമ്പി വഴിയും കുറുവങ്ങാട് അണേല വഴിയും ക്ഷേത്രത്തിലെത്താം.

ഉച്ചാല്‍ തിറ മഹോത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം. ഇത്തവണത്തെ ഉച്ചാല്‍ത്തിറ മഹോത്സവം ഫെബ്രുവരി 10,11,12 തീയതികളില്‍ ആഘോഷിക്കും. പത്തിന് രാവിലെ ഗണപതി ഹോമം, വൈകിട്ട് വെള്ളാട്ട്, നടത്തിറ, ഭഗവതിസേവ, ഫെബ്രുവരി പതിനൊന്നിന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്, രണ്ടുമണിക്ക് കൊടിയേറ്റം, തുടര്‍ന്ന് വെള്ളാട്ട്, നട്ടത്തിറ, 12ന് രാവിലെ പഞ്ചാരിമേളം ഉച്ചയ്ക്ക് പ്രസാദ ഊട്ട്, തുടര്‍ന്ന് ഇളനീര്‍ കുല വരവ് വെള്ളാട്ട്, നട്ടത്തിറ, വെളിയണ്ണൂര്‍ അനില്‍കുമാര്‍ നയിക്കുന്ന പാണ്ടിമേളം, പരിചക്കളി, കരിമരുന്ന് പ്രയോഗം, തായമ്പക, തിറകള്‍ എന്നിവയുണ്ടായിരിക്കും.