വടകരയിൽ വനിതാ ടി.ടി.ഇയ്ക്കു നേരെ ആക്രമണം; സംഭവം റിസർവേഷൻ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോൾ


വടകര: ചെന്നൈ മെയില്‍ എക്‌സ്പ്രസില്‍ യാത്രാക്കാരൻ വനിതാ ടിടിഇയെ ആക്രമിച്ചതായി പരാതി. സീനിയര്‍ ടി.ടി.ഇ. കോട്ടയം വെള്ളൂര്‍ ഇരുമ്പായം കളപ്പുരയ്ക്കല്‍ വീട്ടില്‍ ആര്‍ദ്ര കെ. അനില്‍കുമാറിനുനേരേയാണ് കൈയേറ്റമുണ്ടായത്. സംഭവത്തിൽ സൗത്ത് അന്തമാന്‍ രാം ടെമ്പിള്‍ നഗര്‍ സ്വദേശി മധുസൂദനന്‍ നായരെ (44) റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ ദിവസം മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കു പോകുന്ന ട്രെയിൻ വടകര സ്റ്റേഷന്‍ വിട്ടപ്പോള്‍ ആണ് സംഭവം. റിസര്‍വേഷന്‍ ടിക്കറ്റ് ഇല്ലാത്തതിനാല്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് മാറിക്കയറണമെന്ന് പറഞ്ഞപ്പോള്‍ തന്നെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് ടി.ടി.ഇ. ആര്‍ദ്ര പറഞ്ഞു. വണ്ടി വടകര സ്റ്റേഷന്‍ വിട്ടപ്പോള്‍ പിടിച്ചുതള്ളുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.

പ്രതി മെഡിക്കല്‍ പരിശോധനയില്‍ മാനസിക അസ്വസ്ഥതയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ മനോരോഗവിദഗ്ധന്റെ പരിശോധനയ്ക്ക് അയച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.