വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല, സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ആഗ്രഹം; ബാലുശ്ശേരി എം.എൽ.എ സച്ചിൻ ആര്യ വിവാഹത്തിന് ഇനി മൂന്നു നാൾ


ബാലുശ്ശേരി: ബാലുശ്ശേരി: വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തില്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ പാവങ്ങള്‍ക്ക് നല്‍കാമെന്നും ക്ഷണക്കത്തിലൂടെ അഭ്യർത്ഥിച്ച് തിരുവനന്തപുരം മേയർ ആര്യ.

ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും തമ്മിലുള്ള വിവാഹം സെപ്റ്റംബര്‍ 4ന് രാവിലെ 11 മണിക്ക് ആണ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം എകെജി ഹാളില്‍ വെച്ചായിരിക്കും വിവാഹം.

ആർഭാടങ്ങളുടെ ലാഞ്ചന ഏതുമില്ലാതെ പുറത്തിറങ്ങിയ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തിറക്കിയത്.

ലളിതമായ കത്തിൽ രക്ഷകർത്താക്കളുടെയും വീടിന്റെയും വിവരങ്ങൾക്ക് പകരം സച്ചിൻ്റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്തം പരാമർശിച്ചാണ് പരിചയപ്പെടുത്തുന്നത്. ക്ഷണക്കത്ത് പോലെ ‘സിംപിൾ’ ആയിരിക്കും വിവാഹവുമെന്നാണ് അറിയിപ്പ്.

മാർച്ച് മാസത്തിലായിരുന്നു വിവാഹനിശ്ചയം. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് വിവാഹ സത്കാരം നടത്തും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ രാജേന്ദ്രൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സിനിമ താരം ധർമ്മജൻ ബോൾഗാട്ടിയെ പരാചയപെടുത്തിയാണ് സച്ചിൻ ദേവ് ബാലുശ്ശേരി എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

പ്രിയരെ,

2022 സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്. പരമാവധിപേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല. ഇതൊരു അഭ്യർത്ഥനയായി കാണണം. അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

എല്ലാവരുടെയും സാന്നിദ്ധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
ആര്യ, സച്ചിൻ ❤