പച്ച പുതച്ച പ്രദേശവും മൊട്ടക്കുന്നുകളും, വെള്ളത്താല്‍ ചുറ്റപ്പെട്ട വയനാട്ടിലെ പ്രകൃതിഗ്രാമത്തിലേക്ക് ഒരു യാത്ര പോകാം
സഞ്ചാരികളായ മിക്കവരും യാത്ര ചെയ്യാൻ മോഹിക്കുന്നിടമാണ് വയനാട്. ചുരംകയറുമ്പോൾ മുതൽ വയനാടിന്റെ ദൃശ്യത്തിന് തുടക്കമാകും. ആ നാട് മുഴുവന്‍ കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ്. നമ്മളിലധികം പേരും വയനാടിന്റെ മുക്കും മൂലയും അരിച്ചുപ്പെറുക്കിയവരായിരിക്കും. ക്ഷേ വയനാട്ടിലെ ചില സ്ഥലങ്ങള്‍ ഇപ്പോഴും കാണാമറയത്താണ്. അങ്ങനെ പെട്ടെന്നൊന്നും ആരുടേയും കണ്ണില്‍പ്പെടാതെ വയനാടന്‍ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച ഒരു സ്ഥലമാണ് നെല്ലറച്ചാല്‍. പച്ച പുതച്ച പ്രദേശവും മൊട്ടക്കുന്നുകളും ഇവക്കിടയിലൂടെ നിശബ്ദമായി ഒഴുകുന്ന ചെറിയ പുഴയും ഇതാണ് ഇവിടത്തെ ആകർഷണം.
വെള്ളത്താല്‍ ചുറ്റപ്പെട്ടൊരു പ്രകൃതിഗ്രാമമാണ് നെല്ലറച്ചാൽ. നെല്ലറച്ചാലിന്റെ മൂന്ന് വശം കാരാപ്പുഴയുമായി അതിരിടുന്നു.കാരാപ്പുഴ അണക്കെട്ടിന്റെ വേറിട്ടകാഴ്ചകളാണ് സന്ദര്‍ശകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. ഞാമലം കുന്നിനരികിലെ മൊട്ടക്കുന്നില്‍ ജലാശയത്തിനരികിലെ ശാന്തതയിലിരുന്ന് മീന്‍പിടിത്തവും ഗ്രാമീണരുടെ ജീവിതരീതികളും ഇവിടെയെത്തിയാൽ ആസ്വദിക്കാം. കേരള ടൂറിസം വകുപ്പാണ് ഈ ഗ്രാമത്തിലേക്കുള്ള യാത്ര സംഘടിപ്പിക്കുന്നത്. അതിനാല്‍ നെല്ലാറച്ചാലിന്റെ മുക്കും മൂലയും പരിചയപ്പെടുത്താന്‍ സഞ്ചാരികള്‍ക്കൊപ്പം ഒരു ഗൈഡുമുണ്ടാകും.
നഗരത്തിന്റെ തിരക്കുകളേതുമില്ലാതെ ഗോത്രവര്‍ഗക്കാര്‍ അധിവസിക്കുന്നിടത്ത് നമുക്ക് കുറേ സമയം ചെലവഴിയ്ക്കാം. കുന്നിന്‍ചെരുവില്‍ ഓഫ് റോഡ് ഡ്രൈവിങ് ആസ്വദിക്കാം. ആല്‍ബം, വിവാഹ ഫോട്ടോഷൂട്ട് എന്നിവയുടെ പ്രധാന ലൊക്കേഷനാണ് ഇപ്പോൾ ഇവിടം.
പ്രകൃതിയോടൊപ്പം ചരിത്രത്തിലും നെല്ലറച്ചാലിന് ഏറെ പ്രാധാന്യമുണ്ട്. നിരവധി യുദ്ധങ്ങള്‍ക്ക് സാക്ഷിയായ സ്ഥലമാണിത്. കുറിച്യ ഗോത്രവര്‍ഗ്ഗക്കാര്‍ക്കൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ ഗറില്ലാ യുദ്ധം നയിച്ച മലബാറിലെ സിംഹം പഴശ്ശി രാജായ്‌ക്കൊപ്പം നെല്ലറച്ചാലില്‍ നിന്നുള്ള അമ്പെയ്ത്ത് വിദഗ്ദന്‍ ഗോവിന്ദന്‍ യുദ്ധം നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്പ് ശേരഖങ്ങളും മറ്റു വിവരങ്ങളുമെല്ലാം നെല്ലറച്ചാല്‍ യാത്രയില്‍ പരിചയപ്പെടാന്‍ അവസരമുണ്ട്. അസ്ത്രവിദ്യ പരീക്ഷിക്കണമെങ്കില്‍ അതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. കുറുമ സമുദായക്കാരനായി ഗോവിന്ദന്‍ അമ്പെയ്ത്തിനെക്കുറിച്ചും കുല പാരമ്പര്യത്തെക്കുറിച്ചുമെല്ലാം സഞ്ചാരികള്‍ക്ക് പറഞ്ഞു നല്‍കാന്‍ ഇവിടെയുണ്ടാകും. ഗോത്രവംശജര്‍ ഉപയോഗിച്ചിരുന്ന പഴയകാലത്തുള്ള ഒട്ടേറെ ആയുധങ്ങളും ഗോവിന്ദന്‍ പരിചയപ്പെടുത്തും.
വയനാട്ടിലെ പണിയന്‍ ഗോത്രക്കാര്‍ നിര്‍മിക്കുന്ന തുടി എന്ന സംഗീതോപകരണത്തിന്റെ പ്രവര്‍ത്തനവും വിൽപനയുമെല്ലാം ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്കായി ആദിവാസികള്‍ നിര്‍മിക്കുന്ന ഈ ഉപകരണത്തിന്റെ വിൽപന ഗ്രാമീണരുടെ ഉപജീവന മാര്‍ഗം കൂടിയാണ്. മാത്രമല്ല ഇവിടെ യൂക്കാലിപ്റ്റസിന്റെ ഗുണങ്ങളും അതിന്റെ ഔഷധ മൂല്യവും അറിയാനുള്ള അവസരവുമുണ്ട്. യൂക്കാലി തൈലത്തിന്റെ നിർമ്മാണവും അതിന്റെ കേന്ദ്രവും ഈ യാത്രയില്‍ കണ്ടറിയാം. കളിമണ്‍ പാത്ര നിര്‍മ്മാണം തുടങ്ങി കുലത്തൊഴിലിടങ്ങളും പാക്കേജിന്റെ ഭാഗമായി പരിചയപ്പെടാം. സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍, ട്രൈബല്‍ ആര്‍ട്ട് സെന്റര്‍, ഉറവ് ബാംബൂ ക്രാഫ്റ്റ് വില്ലേജ് തുടങ്ങിയവയും നെല്ലറച്ചാലിലെ ആകര്‍ഷണങ്ങളാണ്.
എത്തിച്ചേരേണ്ട വിധം
അമ്പലവയല്‍-മീനങ്ങാടി റോഡ് വഴി റോഡ് മാര്‍ഗം നെല്ലറച്ചാലില്‍ എത്താന്‍ 35 മിനിറ്റും വാര്യാട്-കൊളവയല്‍ റോഡ് വഴി 50 മിനിറ്റും എടുക്കും.