‘ചെറിയ വാഹനങ്ങൾ മണിയൂർ റോഡുവഴി പയ്യോളിയിലേക്ക്, ലോറികളും ബസുകളും പൂർണ്ണമായി വിലക്കിയേക്കും’; മൂരാട് പാലത്തിലെ ഗതാഗതനിയന്ത്രണത്തിൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം വേണം
വടകര: ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂരാട് പാലത്തിൽ ഗതാഗതനിയന്ത്രണം വരുമ്പോൾ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് കെ.കെ. രമ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു.
ദേശീയപാതയിലെ മൂരാടിൽ പുതിയ പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പാലംവഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നത്. നവംബര്‍ 9 മുതൽ 24 വരെയാണ് മൂരാട് പാലം അടച്ചിടുക. പാലം അടയ്ക്കുന്നതോടെ ചെറിയ വാഹനങ്ങൾ മണിയൂർ റോഡുവഴി പയ്യോളിയിലേക്ക് വിടാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ, മണിയൂർ റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന കാര്യം യോഗം ചർച്ചചെയ്തു.
വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെ പൂർണമായും ഗതാഗതം നിരോധിക്കാനും പകൽസമയത്ത് രാവിലെയും വൈകീട്ടും മൂന്നുമണിക്കൂർവീതം മാത്രം ഗതാഗതം അനുവദിക്കാനുമാണ് ദേശീയപാത അതോറിറ്റി ആലോചിക്കുന്നത്. ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി തിരക്കേറിയ സമയമായതിനാൽ, പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് രാവിലെയും വൈകിട്ടുമുള്ള സമയ ക്രമീകരണം. ഇതുസംബന്ധിച്ച് എൻ.എച്ച്.എ.ഐ. അധികൃതർ കോഴിക്കോട് റൂറൽ എസ്.പി. ആർ. കറപ്പസ്വാമിയുമായി ചർച്ചനടത്തിയിരുന്നു. ലോറികൾ, ബസുകൾ തുടങ്ങിയ വലിയ വാഹനങ്ങൾ 15 ദിവസം ഇതുവഴി പോകുന്നത് പൂർണമായും വിലക്കിയേക്കും.
യോഗത്തിൽ മൂരാടുപാലം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമിതി അംഗം പ്രദീപ് ചോമ്പാല, പി.പി. രാജൻ എന്നിവർ ഉന്നയിച്ചു. പ്രശ്നത്തിൽ ഇടപെടുമെന്ന് കെ.കെ. രമ എം.എൽ.എ. പറഞ്ഞു.
സമിതി അംഗങ്ങളായ പി. സുരേഷ് ബാബു, പ്രദീപ് ചോമ്പാല, പി.പി. രാജൻ, ടി.പി. ബാലകൃഷ്ണൻ, ബാബു പറമ്പത്ത്, പി.എം. മുസ്തഫ, സി.കെ. കരീം, ബാബു ഒഞ്ചിയം, തഹസിൽദാർ കെ. നൂറുദ്ദീൻ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ദേശീയപാതാ വികസനം: മൂരാട് പാലം നവംബര്‍ 9 മുതൽ 24 വരെ ഭാഗികമായി അടച്ചിടും
Summary: need to solve the problems of passengers in traffic control on Murad Bridge