ദീപങ്ങളാല്‍ അണിഞ്ഞൊരുങ്ങി കൊല്ലം പിഷാരികാവ് ക്ഷേത്രം; നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം, ഭക്തജനങ്ങളെ ആവേശത്തിലാഴ്ത്താന്‍ ഇന്ന് പഞ്ചാരിമേളവും നൃത്തസന്ധ്യയും


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചു. നവരാത്രി ആരംഭ ദിവസം മുതല്‍ വിജയദശമി നാളായ ഒക്ടോബര്‍ 13 വരെയാണ് വിവിധ പരിപാടികള്‍ അരങ്ങേറുന്നത്. വൈവിധ്യമാര്‍ന്ന സംഗീത-നൃത്തകലാരാധനകളോടൊപ്പം ദീപാരാധനയും നടക്കും.

ദിവസവും ദീപാരാധനക്ക് ശേഷം ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ സോപാന സംഗീതം, തായമ്പക, കൊമ്പ്പറ്റ്, കുഴല്‍പറ്റ്, കേളീക്കൈ എന്നീ ക്ഷേത്ര കലകളും, മൂന്ന് നേരം കാഴ്ചശീവേലികളും ഉണ്ടായിരിക്കും. ഇന്ന് രാവിലെ കാഞ്ഞിശ്ശേരി വിനോദ് മാരാരുടെ ശിക്ഷണം ലഭിച്ച വനിതകള്‍ ഒരുക്കുന്ന പഞ്ചാരിമേളം അരങ്ങേറി. തുടര്‍ന്ന് ഊരള്ളൂര്‍ സുകുമാരന്റെ ആദ്ധ്യാത്മിക പ്രഭാഷണം, വൈകീട്ട് നൃത്തസന്ധ്യ, ഉജ്ജയിനി ഫോക് ലോര്‍ സെന്റര്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍ എന്നിവ നടക്കും.

ആരംഭ ദിവസമായ ഇന്നലെ രാവിലെ ശീവേലിക്ക് ശേഷം ചേളന്നൂര്‍ കണ്ടംവെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശംഖൊലി ഭജനസമിതിയുടെ ഭജന്‍സ്, വൈകീട്ട് ഗായത്രി, അളകചന്ദ്ര, അനവദ്യ, ഗൗരപാര്‍വ്വതി എന്നിവരുടെ നൃത്തസന്ധ്യ, പിഷാരികാവ് കലാക്ഷേത്ര അവതരിപ്പിച്ച നൃത്ത സന്ധ്യ എന്നിവ നടന്നു.