കുരുത്തോലക്കുടയും ചൂടി കുടമണി കിലുക്കി മന്ദമംഗലത്തെ വീടുകളിൽ ഓണപ്പൊട്ടനെത്തി; ഇത്തവണ ഓണപ്പൊട്ടന്റെ വേഷമണിഞ്ഞ് വീടുകളിൽ അനുഗ്രഹം ചൊരിയാനെത്തിയത് നഗരസഭ കൗൺസിലർ സുമേഷ്


സ്വന്തം ലേഖകൻ

(ചിത്രങ്ങൾ: റോബിൻ ബി.ആർ)

കൊയിലാണ്ടി: കുരുത്തോലക്കുടയും കൈതനാരുകൊണ്ടുള്ള മുടിയും ആടയാഭരണങ്ങളുമെല്ലാമണിഞ്ഞ് കൂശാണി എന്ന പേരുള്ള മണിയടിച്ച് കൊണ്ട് നടന്ന് വരുന്ന ഒരാള്‍. പിന്നാലെ ഒരുപറ്റം കുട്ടികളും. വടക്കേ മലബാറുകാര്‍ക്ക് ചിരപരിചിതമായ ഓണക്കാഴ്ചയാണ് ഇത്.

ഓണപ്പൊട്ടന്‍ അഥവാ ഓണേശ്വരനാണ് ഈ വേഷവിധാനങ്ങളോടെ നാട്ടിലെ ഓരോ വീടുകളിലും അനുഗ്രഹം ചൊരിയാനായി എത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരക്ഷരം ഉരിയാടാതെയാണ് ഓണപ്പൊട്ടന്‍ വീടുകള്‍ കയറിയിറങ്ങുക.

 

വീട്ടുകാര്‍ വിളക്ക് വച്ച് നിറനാഴി ഒരുക്കി ഓണപ്പൊട്ടനെ സ്വീകരിക്കും. അരിയും തെച്ചിപ്പൂവും വീട്ടിലെ പൂവിടുന്ന തറയില്‍ ചാര്‍ത്തിയാണ് ഓണപ്പൊട്ടന്‍ അനുഗ്രഹിക്കുക. ശേഷം വീട്ടുകാര്‍ സന്തോഷത്തോടെ നല്‍കുന്ന ദക്ഷിണ സ്വീകരിച്ച് അടുത്ത വീട്ടിലേക്ക്.

നമ്മുടെ നാട്ടിലും എല്ലാ ഓണത്തിനും ഓണപ്പൊട്ടന്മാര്‍ എത്താറുണ്ട്. എന്നാല്‍ ഓരോ ഓണക്കാലം കഴിയുമ്പോഴും ഓണപ്പൊട്ടന്റെ മണിയടി ശബ്ദം കുറഞ്ഞു വരികയാണ്. പലയിടത്തും ഇപ്പോള്‍ ഓണപ്പൊട്ടന്മാര്‍ വീടുകളിലെത്താറില്ല.

ഓണപ്പൊട്ടനായെത്തുന്ന കൗണ്‍സിലര്‍ 

പക്ഷേ കൊയിലാണ്ടി മന്ദമംഗലത്ത് ഇന്നും പതിവ് തെറ്റിക്കാതെ ഓണപ്പൊട്ടനായി വീടുകളിലെത്തുന്ന ഒരാളുണ്ട്. മന്ദമംഗലം പതിനേഴാം മൈല്‍സിലെ തെയ്യം കലാകാരനായ കെ.ടി.സുമേഷ്. എല്ലാ വര്‍ഷവും ഓണപ്പൊട്ടനായി വേഷമിടുന്ന സുമേഷ് കൊയിലാണ്ടി നഗരസഭയിലെ 44-ാം വാര്‍ഡായ കണിയാംകുന്നിന്റെ കൗണ്‍സിലര്‍ കൂടിയാണ്.

സുമേഷിന്റെ അച്ഛന്‍ പത്മനാഭനും ഓണപ്പൊട്ടനായി വേഷമിടുന്നയാളാണ്. ഈ വര്‍ഷവും സുമേഷ് പതിവ് തെറ്റിച്ചില്ല. അച്ഛനൊപ്പം ഉത്രാടനാളില്‍ രാവിലെ തന്നെ ഓണപ്പൊട്ടനായി മാറി സുമേഷ് മന്ദമംഗലത്തെ വീടുകളിലെത്തി. തിരുവോണനാളിലും ഓണപ്പൊട്ടന്‍ വീടുകള്‍ സന്ദര്‍ശിച്ച് അനുഗ്രഹം ചൊരിയാനായി പോകും.

അഞ്ച് വര്‍ഷമായി തുടര്‍ച്ചയായി താന്‍ ഓണപ്പൊട്ടനായി വേഷമിടുന്നുവെന്ന് സുമേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്നാൽ നഗരസഭാ കൗണ്‍സിലറായ ശേഷം ഇത് ആദ്യമായാണ് താന്‍ ഓണപ്പൊട്ടനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി.സുമേഷ്


‘രാവിലെ ഏഴ് മണിക്കാണ് ഓണപ്പൊട്ടന്‍ നാടുചുറ്റാനായി ഇറങ്ങുക. അതിനായി പുലര്‍ച്ചെ അഞ്ച് മണിക്ക് തന്നെ വേഷം കെട്ടാന്‍ തുടങ്ങും. ഞാനും അച്ഛനും ഓണപ്പൊട്ടനാകും. വേഷം കെട്ടാന്‍ ഞങ്ങളെ സഹായിക്കുന്നത് ഏട്ടന്‍ സജിത്താണ്.’ -സുമേഷ് പറഞ്ഞു.

‘വൈകീട്ട് ഏതാണ്ട് അഞ്ച് മണി വരെയാണ് ഓണപ്പൊട്ടന്‍ വീടുകള്‍ കയറിയിറങ്ങുക. രാവിലെ വേഷമിടുന്നതിന് മുമ്പ് കഴിക്കുന്ന ഭക്ഷണമാണ് ആകെ ഉണ്ടാവുക. ഓണപ്പൊട്ടനായി മാറിക്കഴിഞ്ഞാല്‍ പിന്നെ ജലപാനം ഇല്ല. വൈകീട്ട് വേഷമഴിച്ച ശേഷമാണ് പിന്നെ എന്തെങ്കിലും കഴിക്കൂ.’

ഓണപ്പൊട്ടനായി വേഷം കെട്ടി പോകുമ്പോള്‍ പലര്‍ക്കും താന്‍ വാര്‍ഡ് കൗണ്‍സിലറാണ് എന്ന് മനസിലാവാറില്ലെന്നും സുമേഷ് പറയുന്നു. പരിചയമുള്ളവര്‍ക്ക് പോലും ഓണപ്പൊട്ടന്റെ വേഷത്തില്‍ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയില്ല.

‘ഇന്ന് പോയപ്പൊ ഒരു സംഭവമുണ്ടായി. ഒരു വീട്ടില്‍ നിന്ന് മൂന്ന് രൂപയാണ് ദക്ഷിണയായി ഓണപ്പൊട്ടന് അവര്‍ നല്‍കിയത്. പിന്നെയാണ് ഞാനാണ് ഓണപ്പൊട്ടന്‍ എന്ന് അവിടത്തെ ആള്‍ അറിഞ്ഞത്. വൈകുന്നേരം മൂപ്പര് എന്റെ വീട്ടിലെത്തി. ഞാനാണ് ഓണപ്പൊട്ടനെന്ന് മനസിലായില്ല, അതാണ് മൂന്ന് രൂപ തന്നത് എന്ന് പറഞ്ഞ് നൂറ് രൂപ എനിക്ക് തന്നു. ഞാന്‍ വേണ്ട എന്ന് പറഞ്ഞെങ്കിലും മൂപ്പര്‍ സമ്മതിച്ചില്ല. എന്നാല്‍ നാളെ ഓണപ്പൊട്ടനായി വരുമ്പൊ ഒന്നൂടെ വീട്ടില്‍ കയറാം, അപ്പൊ തന്നാ മതി എന്ന് പറഞ്ഞു. എന്ത് പറഞ്ഞിട്ടും മപ്പര്‍ സമ്മതിച്ചില്ല. ആ നൂറ് രൂപ നിര്‍ബന്ധിച്ച് എന്നെ ഏല്‍പ്പിച്ചു.’ -സുമേഷ് പറഞ്ഞു.

ഇതര വിശ്വാസങ്ങളെ മാനിക്കുന്നതിന്റെ ഭാഗമായി സാധാരണഗതിയില്‍ ഓണപ്പൊട്ടന്‍ മുസ്ലിങ്ങളുടെ വീടുകളില്‍ കയറാറില്ല. എന്നാല്‍ മന്ദമംഗലത്തെ പല മുസ്ലിങ്ങളും തങ്ങളുടെ വീട്ടില്‍ വരണമെന്ന് പറഞ്ഞ് ഓണപ്പൊട്ടനായി മാറിയ തന്നെ ക്ഷണിക്കാറുണ്ടെന്നും സുമേഷ് പറഞ്ഞു. ക്ഷണിച്ചവരുടെയെല്ലാം വീടുകളില്‍ ഓണപ്പൊട്ടന്‍ പോയി. അവര്‍ നന്നായി തന്നെ ഓണപ്പൊട്ടനെ സ്വീകരിക്കാറുണ്ട്. നമ്മുടെ നാടിന്റെ മുഖമുദ്രയായ മതസൗഹാര്‍ദ്ദത്തിന്റെ മുഖമാണ് ഇതെന്ന് സുമേഷ് കൂട്ടിച്ചേര്‍ത്തു.

ഇത്തവണ ഓണക്കാലം മഴക്കാലമായതിനാല്‍ സാധാരണ പോലെ വീടുകളില്‍ കയറാന്‍ കഴിഞ്ഞില്ലെന്നും സുമേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഓലക്കുടയാണ് കയ്യിലുള്ളത്. മഴയത്ത് അതുമായി പോയാല്‍ ശരിയാവില്ല. ചായം ഇളകിയും മറ്റും ഓണപ്പൊട്ടന്റെ വേഷത്തിന് മഴ പ്രശ്‌നമാകും. മഴ പെയ്യുമ്പോള്‍ ഏതെങ്കിലും വീടിന്റെ ഇറയത്തോ മറ്റോ കയറി മഴ മാറുന്നത് വരെ കാത്ത് നില്‍ക്കുകയാണ് ചെയ്യുന്നതെന്നും സുമേഷ് പറഞ്ഞു.

പൊതുവേ ഓണപ്പൊട്ടന്മാര്‍ കുറഞ്ഞു വരുന്നതിന്റെ നിരാശയും അദ്ദേഹം പങ്കുവച്ചു. ഓണക്കാലത്ത് പണമുണ്ടാക്കാനായി പലരും ഓണപ്പൊട്ടന്റെ വേഷം ദുരുപയോഗം ചെയ്യുന്നുണ്ട്. തങ്ങളെ പോലുള്ളവര്‍ ചെയ്യുന്നത് പോലെ ചിട്ടയോടെയൊന്നുമല്ല അവര്‍ ഓണപ്പൊട്ടനായി വരുന്നത്. മദ്യപിച്ച് വരെ ഓണപ്പൊട്ടനായി എത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാമാണ് ഓണപ്പൊട്ടനോടുള്ള ആളുകളുടെ സമീപനത്തെ ബാധിക്കാന്‍ കാരണമെന്നും സുമേഷ് പറഞ്ഞു. എങ്കിലും പലയിടങ്ങളിലും ഇപ്പോഴും ഓണപ്പൊട്ടനെ യഥാവിധി സ്വീകരിക്കുന്നവര്‍ ഉണ്ടെന്ന കാര്യം സന്തോഷമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണപ്പൊട്ടന്‍

വടക്കേ മലബാറില്‍ ഓണത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന തെയ്യരൂപമാണ് ഓണപ്പൊട്ടന്‍. ഓണേശ്വരന്‍ എന്നും പേരുണ്ട്. ഓണത്തെയ്യത്തില്‍ തന്നെ സംസാരിക്കാത്ത തെയ്യമാണ് ഇത്. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാല്‍ ഓണപ്പൊട്ടന്‍ എന്ന് അറിയപ്പെടുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഉള്‍പ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.

മലയസമുദായക്കാര്‍ക്ക് രാജാക്കന്‍മാര്‍ നല്‍കിയതാണ് വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരന്‍ വീടുതോറും കയറിയിറങ്ങുന്നത്. ഓണപ്പൊട്ടന്‍ ഓരോവീടുകളിലുമെത്തി ഐശ്വര്യം നല്‍കുന്നു എന്നാണ് വിശ്വാസം.

മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് ഓണപ്പൊട്ടന്റെ വേഷവിധാനം. ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്തുകൊണ്ടേയിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുകം പകരുന്ന ശാരീരിക ഭാഷ്യമാണ് ഓണപ്പൊട്ടന്റെത്. ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്.