പരിശോധനയില്‍ സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തി; പാതിവഴിയിലായ 45ഓളം കുട്ടികളെ വീട്ടിലെത്തിക്കാന്‍ വളയം പിടിച്ച് കോഴിക്കോട്ടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍


കോഴിക്കോട്: സ്‌കൂള്‍ ബസുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഡ്രൈവര്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതോടെ പെരുവഴിയിലായ വിദ്യാര്‍ഥികള്‍ക്ക് തുണയായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിനുരാജ്. ഡ്രൈവറെ മാറ്റിനിര്‍ത്തി റിനുരാജ് തന്നെ ബസ് എടുത്ത് ബസിലുണ്ടായിരുന്ന 45ഓളം വിദ്യാര്‍ഥികളെ കൃത്യസമയത്ത് തന്നെ വീട്ടിലെത്തിക്കുകയായിരുന്നു.

ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെ വാഹനം ഓടിക്കരുത് എന്ന് ആവശ്യപ്പെടുകയായിരുന്നു. കുട്ടികളെ അയക്കാന്‍ സുരക്ഷിതമായ മറ്റൊരു വാഹനം പെട്ടെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് മനസിലായതോടെ ഉടനെ തന്നെ റിനുരാജ് വളയം പിടിക്കുകയായിരുന്നു.

ബസുകള്‍ക്ക് ഫിറ്റ്‌നസില്ലാത്തതിന്റെയും സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിന്റെയും പേരില്‍ നിരവധി വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും റിനുരാജ് പറഞ്ഞു. സിറ്റിയില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളും വരുംദിവസങ്ങൡും കര്‍ശനമായി പരിശോധിക്കും. കുട്ടികളുടെ സുരക്ഷയ്ക്ക് മാത്രമാണ് പ്രാധാന്യമെന്നും അധികൃതര്‍ വ്യക്തമാക്കി.