ഏറെ തീ തിന്നെങ്കിലും ഒടുക്കം ശ്രീലത മകനെ നേരില്‍ കണ്ടു, സംസാരിച്ചു; ഗോവയില്‍ നിന്നും നാട്ടിലെത്തിച്ചെങ്കിലും ദീപക്കിനെ ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറില്ല
മേപ്പയ്യൂര്‍: ഗോവയില്‍ നിന്നും നാട്ടിലെത്തിച്ചെങ്കിലും ദീപക്കിനെ ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ല. നടപടിക്രമങ്ങളിലുണ്ടായ കാലതാമസം കാരണമാണിത്.
ഗോവയില്‍ നിന്നും ദീപക്കുമായി അന്വേഷണ സംഘം ഉച്ചയോടെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു. ദീപക്കിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹരജിയടക്കം നിലനില്‍ക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കിയശേഷമേ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കൂ. നാളെ ദീപക്കിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. അതിനുശേഷമേ ബന്ധുക്കള്‍ക്കൊപ്പം ദീപക്കിനെ അയക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചതായി ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അമ്മയും സഹോദരിയും ദീപക്കിനെ കണ്ടിരുന്നു. ദീപക്കുമായി അല്പസമയം സംസാരിച്ചശേഷമാണ് ഇരുവരും മടങ്ങിയത്. ദീപക്കിന്റെ കാര്യത്തില്‍ ഡി.എന്‍.എ പരിശോധന അടക്കമുള്ള നടപടിക്രമങ്ങളും ബാക്കിയുണ്ടെന്നാണ് വിവരം.
ഇന്നലെ ഉച്ചയോടെയാണ് ദീപക്കുമായി അന്വേഷണ സംഘം ഗോവയില്‍ നിന്നും പുറപ്പെട്ടത്. അവിടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗോവ പോലീസ് അന്വേഷണസംഘത്തിന് ദീപകിനെ വിട്ടുകൊടുക്കുകയായിരുന്നു. ആറു മാസം മുമ്പാണ് ദീപക്കിനെ കാണാതാവുന്നത്. ദീപക്കിനെ കാണ്മാനില്ലെന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ദീപക്കിനെ കണ്ടെത്തിയത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ദീപക് ഗോവയിലെത്തിയത് എന്നാണ് ലഭ്യമായ വിവരം. നാട് വിട്ട് പോകാനുണ്ടായ കാരണമായി തനിക്ക് പോകാന്‍ തോന്നി, അതിനാല്‍ താന്‍ പോയി എന്നാണ് അന്വേഷണ സംഘത്തോട് ദീപക് പറഞ്ഞത്. മനോവിഷമം മൂലമാകാം ഇയാള്‍ നാട് വിട്ടതെന്നാണ് സൂചന.
കോഴിക്കോട് മാവൂര്‍ റോഡ് പരിധിയില്‍ നിന്നാണ് ദീപക്കിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് അന്വേഷണ സംഘം ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഈ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ദീപക്കുമായി അടുത്ത ബന്ധമുള്ള ചിലരുടെ ഫോണ്‍ നിരീക്ഷിച്ചിരുന്നു. ഈ ഫോണുകളില്‍ ഒന്നില്‍ ഗോവയില്‍ നിന്നും ഒരു കോള്‍ വന്നതായി കണ്ടെത്തി.
ഈ കോളിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗോവയിലെ ഒരു ഓട്ടോ ഡ്രൈവറുടെ നമ്പറാണെന്ന് കണ്ടെത്തി. അവരോട് വിവരം തിരക്കിയപ്പോള്‍ അയാള്‍ പറഞ്ഞത് ‘പനാജിയില്‍ ഒരാള്‍ കരഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടു, അയാളോട് വിവരം തിരക്കിയപ്പോള്‍ നാട്ടിലേക്ക് വിളിക്കണം, ഒന്ന് ഫോണ്‍ തരുമോയെന്ന് ചോദിച്ചു. അങ്ങനെയാണ് ഫോണ്‍ കൊടുക്കുന്നത്.’ ഇയാളെക്കുറിച്ചുള്ള അറിയാവുന്ന വിവരങ്ങള്‍ ഓട്ടോ ഡ്രൈവര്‍ അന്വേഷണ സംഘത്തിന് കൈമാറി.
തുടര്‍ന്ന് അന്വേഷണ സംഘം ഗോവന്‍ പൊലീസുമായി ബന്ധപ്പെടുകയും ദീപക്കിന്റെ തിരോധാന കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുകയും ചെയ്യുകയായിരുന്നു. ലുക്ക് നോട്ടീസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു. ഈ വിവരങ്ങള്‍ ഗോവന്‍ പൊലീസ് വെരിഫൈ ചെയ്തു. അതിന്റെ ഭാഗമായി ദീപക്കിനെ കണ്ടെത്തി അദ്ദേഹത്തിന്റെ ഐ.ഡി കാര്‍ഡ് പരിശോധിച്ചു. ആധാര്‍ വിവരങ്ങളിലെ വിലാസം പൊലീസ് നല്‍കിയ വിലാസവുമായി ഒത്തുപോകുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ദീപക്കിനെ തേടി ക്രൈംബ്രാഞ്ച് സംഘം ഗോവയിലേക്ക് പോയത്.