ഓവറോള്‍ ചാമ്പ്യന്‍മാരായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്; മേലടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി സ്‌കൂളില്‍


മേപ്പയ്യൂര്‍: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും, മേലടി ബ്ലോക്ക് പഞ്ചായത്തും, സംയുക്തമായി സംഘടിപ്പിച്ച മേലടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കേരളോത്സവം-2023 മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി സ്‌കൂളില്‍ നടന്നു. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അദ്ധ്യക്ഷം വഹിച്ചു.

മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍, തുറയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരിഷ്, ബ്ലോക്ക് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.എം.രവീന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ലീന പുതിയോട്ടാല്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുനില്‍ വടക്കയില്‍, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം കെ. രാമചന്ദ്രന്‍, കുഞ്ഞമ്മദ് മദനി, ഇ. കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി ജോബി സാലസ് എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി. പ്രസന്ന സ്വാഗതം പറഞ്ഞു. മൊത്തം 261 പോയന്റ് നേടി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി ഓവറോള്‍ ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കി. 208 പോയന്റുമായ് തിക്കോടി ഗ്രാമ പഞ്ചായത്ത് രണ്ടാം സ്ഥാനവും 172 പോയന്റുമായി തുറയൂര്‍ ഗ്രാമ പഞ്ചായത്ത് മുന്നാം സ്ഥാനവും കരസ്ഥമാക്കി.