മാതൃഭൂമി ഡയറക്ടറും ചലച്ചിത്ര നിര്‍മ്മാതാവുമായ പി.വി ഗംഗാധരന്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടറുമായ പി.വി ഗംഗാധരന്‍(80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ഹരിഹരന്‍ സംവിധാനം ചെയ്ത സുജാതയാണ് നിര്‍മാതാവായ ആദ്യ സിനിമ. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, കാണാക്കിനാവ്, നോട്ട് ബുക്ക്, അച്ചുവിന്റെ അമ്മ തുടങ്ങി നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇരുപത്തിമൂന്ന് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ഐ.വി ശശി, ഭരതന്‍, സത്യന്‍ അന്തിക്കാട്, ഹരിഹരന്‍, ഷാജി കൈലാസ്, സിബി മലയില്‍, വി.എം വിനു. ഷാജി കൈലാസ്, ജയരാജ്, ബാലചന്ദ്ര മേനോന്‍ തുടങ്ങി നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമിച്ച കാണാക്കിനാവ് എന്ന ചിത്രത്തിന് 1997-ൽ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരവും 2000-ൽ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഒരു വടക്കൻ വീരഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കി.