കൊയിലാണ്ടിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ റിമാന്റില്‍; പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ അനീഷ് ബാബുവിനെ ഇന്നലെ കോഴിക്കോട് സെക്ഷന്‍സ് മൂന്നാം കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. അനീഷിനെ കസ്റ്റഡിയില്‍ വാങ്ങാനായി ഇന്നലെ തന്നെ പോലീസ് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ ഇന്ന് രാവിലെ 11മണിക്ക് പരിഗണിക്കും.

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്റെ കിഴക്ക് ഭാഗത്തെ അരിക്കുളം റോഡില്‍ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ്‌ അനീഷിനെ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് പിടികൂടിയത്‌. ശേഷം ഇന്നലെ രാത്രി ഏഴരയോടെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരായ എസ്.പി കറപ്പ് സാമി, വടകര ഡി.വൈ എസ്.പി ആർ.ഹരിപ്രസാദ്, ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ, തണ്ടര്‍ബോള്‍ട്ട്, എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം ചോദ്യം ചെയ്ത ഇയാളെ രാത്രി 8മണിയോടെ കോഴിക്കോട് സ്‌പെഷ്യല്‍ കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പോവുന്നതിനിടയില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയിരുന്നു. കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ കനത്ത സുരക്ഷയൊരുക്കിയാണ് ഇയാളെ ചോദ്യം ചെയ്തത്

മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ കൊറിയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന അനീഷ് ബാബു കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ പലതവണ എത്തിയതായി മാവോയിസ്റ്റ് പ്രത്യേക ഓപ്പറേഷന്‍ ഗ്രൂപ്പിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്. തലപ്പുഴയില്‍ നിന്ന് ബുധനാഴ്ച ഏറ്റുമുട്ടലില്‍ പിടികൂടിയ മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രു, ഉണ്ണിമായ എന്നിവരുമായുള്ള ബന്ധമാണ് അനീഷ് ബാബുവില്‍ നിന്നും അന്വേഷണസംഘം തേടിയത്. എരമംഗലത്ത് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നതായും സൂചനയുണ്ട്.

മാവോയിസ്റ്റ് അക്രമണത്തിന് സാധ്യതയുണ്ടെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ക്യാമ്പ് ചെയ്ത് മാവോയിസ്റ്റ് ഓപ്പറേഷന് രൂപം നല്‍കിയിരുന്നു. ഈ ഓപ്പറേഷനിലാണ് അനീഷ് ബാബു പിടിയിലാവുന്നത്.