ക്ഷേത്രത്തിലെ പൂജാരി കൊയിലാണ്ടി നഗരത്തില്‍ കറങ്ങി നടന്നത് പര്‍ദ്ദ ധരിച്ച്; പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് ഓട്ടോറിക്ഷാ തൊഴിലാളികള്‍


കൊയിലാണ്ടി: ബസ് സ്റ്റാന്റ് പരിസരത്ത് പര്‍ദ്ദ ധരിച്ച് കറങ്ങി നടന്ന യുവാവിനെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാന്റില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടതോടെയാണ് ഇയാളെ പിടികൂടിയത്.

വയനാട് ജില്ലയിലെ കല്‍പ്പറ്റ പുത്തന്‍ വയല്‍ ഹൗസില്‍ ജനാര്‍ദ്ദനന്റെ മകന്‍ ജിഷ്ണുവാണ് പിടിയിലായത്. ഇരുപത്തിയെട്ട് വയസുകാരനാണ് ഇയാള്‍. എന്തിനാണ് ഇയാള്‍ വേഷം മാറി നടന്നത് എന്ന് ഇനിയും വ്യക്തമല്ല.

മേപ്പയ്യൂര്‍ കണ്ടമനശാല ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു. നേരത്തേ ഇയാള്‍ പനായിലുള്ള ക്ഷേത്രത്തിലായിരുന്നു. രണ്ടര മാസം മുമ്പാണ് കണ്ടമനശാല ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി എത്തിയത്.

നല്ല രീതിയിലുള്ള പെരുമാറ്റമായതിനാല്‍ ഇയാളെ കുറിച്ച് ആര്‍ക്കും മോശം അഭിപ്രായം ഇല്ല എന്നാണ് ക്ഷേത്ര പരിസരത്തുള്ളവര്‍ പറയുന്നത്.


Also Read: മേപ്പയ്യൂരിലെ ക്ഷേത്രത്തില്‍ പൂജാരിയായെത്തിയത് രണ്ടുമാസം മുമ്പ്; പര്‍ദ്ദയിട്ടത് ചിക്കന്‍പോക്‌സായതിനാലെന്ന് പിടിയിലായ യുവാവ് പൊലീസിനോട്- വീഡിയോ കാണാം


ജിഷ്ണു ഇപ്പോള്‍ കൊയിലാണ്ടി പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ കുറിച്ച് കൂടുതലായി അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസ് നിലവിലുണ്ട് എന്നാണ് വിവരം.